ഐ.പി.എല്‍ മത്സരങ്ങള്‍ക്കാണ് ലോകമെമ്പാടുമുള്ള ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. മാര്‍ച്ച് 22നാണ് ടൂര്‍ണമെന്റിന്റെ പതിനെട്ടാം സീസണിന് തിരശീലയുയരുക. കിരീടം നിലനിര്‍ത്താനെത്തുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും ആദ്യ കിരീടം ലക്ഷ്യമിട്ടെത്തുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള മത്സരത്തോടെയാണ് പുതിയ സീസണിന് തുടക്കമാവുക. കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായ ഈഡന്‍ ഗാര്‍ഡന്‍സാണ് ഉദ്ഘാടന മത്സരത്തിന്റെ വേദി.
ഐ.പി.എല്ലിന് മുന്നോടിയായി ക്രിക്കറ്റ് നിരീക്ഷകര്‍ താരങ്ങളെ കുറിച്ചും ഫ്രാഞ്ചൈസികളെ കുറിച്ചും പ്രവചനങ്ങളും നിരീക്ഷണങ്ങളും നടത്തിയിരുന്നു. ഇപ്പോള്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനായ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്തിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്‌ന.
റിഷബിന് ഈ സീസണ്‍ വളരെ നിര്‍ണായകമായിരിക്കുമെന്നും പന്ത് കഴിവുള്ള ക്യാപ്റ്റനാണെന്നും റെയ്‌ന പറഞ്ഞു. ലഖ്നൗയുടെ ബാറ്റിങ് നിര മികച്ചതായതിനാല്‍ പന്ത് നാലാം നമ്പറിലാകും ഇറങ്ങാന്‍ സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതോടൊപ്പം, ലഖ്നൗ ടീമിലെ പരിക്കിനെ കുറിച്ചും സ്‌ക്വാഡിനെ കുറിച്ചും സംസാരിച്ചു.
റെയ്‌ന പറഞ്ഞത്
‘ഈ സീസണ്‍ പന്തിന് വളരെ നിര്‍ണായകമായിരിക്കുമെന്ന് ഞാന്‍ കരുതുന്നു. ഇന്ത്യന്‍ ടീമില്‍ അവനിപ്പോള്‍ സജീവമല്ലെന്ന് നമുക്കറിയാം. പക്ഷേ, അവന്റെ ക്യാപ്റ്റന്‍സി കാണുമ്പോള്‍, അവന്‍ വളരെ സന്തോഷവാനും കഴിവുള്ളവനുമാണ്. അദ്ദേഹത്തിന് ആ ശാന്തതയും കൗശലപൂര്‍ണമായ നേതൃത്വവുമുണ്ട്. മൂന്നാം സ്ഥാനത്ത് അദ്ദേഹം കളിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു.
പക്ഷേ, അവരുടെ (എല്‍.എസ്.ജി) സ്‌ക്വാഡിനെ നോക്കുമ്പോള്‍, അവര്‍ക്ക് പൂരന്‍, ഡേവിഡ് മില്ലര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരുണ്ട്. ഇപ്പോള്‍ അവരുടെ ബാറ്റിങ് നിര വളരെയധികം മികച്ചതാണ്. അതിനാല്‍ പന്ത് നാലാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. അങ്ങനെ കളിക്കുകയാണെങ്കില്‍ അവന് ലഖ്നൗവിനായി ഇന്നിങ്‌സ് ഫിനിഷ് ചെയ്യാന്‍ കഴിയും. ഈ ഐ.പി.എല്‍ അദ്ദേഹത്തിന്റെ ഭാഗ്യം മാറ്റുമെന്ന് ഞാന്‍ കരുതുന്നു.
അവരുടെ കുറച്ച് ബൗളര്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മായങ്ക് യാദവ് ടീമില്‍ നിന്ന് പുറത്തായി, മൊഹ്സിന്‍ ഖാന്‍ ഫിറ്റ്‌നസില്ല, ആവേശ് ഖാനും ബുദ്ധിമുട്ടുന്നു. മുമ്പ് അവര്‍ക്ക് മാര്‍ക്കസ് സ്റ്റോയിനിസ് പോലുള്ള മികച്ച ഓള്‍റൗണ്ടര്‍മാര്‍ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം പഞ്ചാബിലേക്ക് പോയിട്ടുണ്ട്.
അതിനാല്‍ റിഷബിന് ഒരുപാട് ഹോം വര്‍ക്ക് ചെയ്യാനുണ്ടെന്ന് ഞാന്‍ കരുതുന്നു. അവരുടെ ബാറ്റിങ് വളരെ വളരെ ശക്തമാണ്. അവര്‍ക്ക് ബിഷ്ണോയിയെപ്പോലുള്ള ഒരു മികച്ച സ്പിന്നറുണ്ട്. അനുഭവപരിചയമുള്ള സഹീര്‍ ഖാന്‍ അവരുടെ ടീമില്‍ (മെന്ററായി) ഉള്ളത് പന്തിന് ഗുണം ചെയ്യും.
ലഖ്നൗവിന്റെ വിക്കറ്റ് ദല്‍ഹിയിലേതില്‍ നിന്ന് അല്‍പ്പം വ്യത്യസ്തമാണ്. കഴിഞ്ഞ വര്‍ഷം, ശസ്ത്രക്രിയ കഴിഞ്ഞ് തിരിച്ചെത്തിയതിന് ശേഷം അവന്‍ അല്‍പ്പം അസ്വസ്ഥനായിരുന്നു. ഇപ്പോള്‍ റിഷബ് വളരെ, വളരെ ഫിറ്റാണ്. ഇപ്പോള്‍ ലഖ്നൗ ടീമിന്റെ ക്യാപ്റ്റനുമാണ് അവന്‍. ലഖ്നൗവിലെ ജനങ്ങള്‍ അവനെ സ്‌നേഹിക്കും. കാരണം, അവന്‍ ഇപ്പോള്‍ അവരുടെ നാട്ടുകാരനാണ്. ലഖ്നൗവിന് വേണ്ടി അവന്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് എനിക്ക് തോന്നുന്നു,’ റെയ്‌ന പറഞ്ഞു.
2022 ല്‍ റിഷബ് പന്തിന് അപകടം പറ്റിയിരുന്നു. അതില്‍ നിന്ന് താരം അത്ഭുതകരമായാണ് രക്ഷപെട്ടത്. അപകടത്തെ തുടര്‍ന്ന് ഒരു ഐ.പി.എല്‍ സീസണ്‍ നഷ്ടമാവുകയും ചെയ്തിരുന്നു താരത്തിന്. കഴിഞ്ഞ വര്‍ഷം ഐ.പി.എല്ലിലൂടെയാണ് പന്ത് മത്സര രംഗത്തേക്ക് തിരിച്ചുവന്നത്.
മെഗാ ലേലത്തിന് മുന്നോടിയായി ദല്‍ഹി ക്യാപിറ്റല്‍സ് താരത്തെ റിലീസ് ചെയ്തതോടെയാണ് ലഖ്നൗ പന്തിനെ ടീമില്‍ എത്തിച്ചത്. 27 കോടിക്കാണ് റിഷബിനെ ലഖ്നൗ ടീമിലെത്തിച്ചത്. ഇതോടെ, ഐ.പി.എല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമാകുകയും ചെയ്തു.
Content Highlight: IPL 2025: Former Indian Cricketer Suresh Raina Talks About Rishabh Pant