ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന 2025 വനിതാ ഏകദിന ലോകകപ്പിന് തിരുവനന്തപുരം, കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയവും വേദിയാകുമെന്ന് റിപ്പോര്‍ട്ട്. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
🚨 THE LIKELY VENUES FOR WOMEN’S ODI WORLD CUP 2025 🚨
– Mullanpur, Indore, Thiruvananthapuram, Guwahati, Vizag. [Gaurav Gupta from TOI] pic.twitter.com/5HVfmfMawL
— Johns. (@CricCrazyJohns) March 22, 2025
ഈ വര്‍ഷം സെപ്റ്റംബര്‍ – ഒക്ടോബര്‍ മാസങ്ങളിലാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. വിശാഖപട്ടണമാകും ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തിന് വേദിയാകാന്‍ സാധ്യത. വിശാഖപട്ടണത്തിനും തിരുവനന്തപുരത്തിനും പുറമെ മുല്ലാന്‍പൂര്‍, ഇന്‍ഡോര്‍, ഗുവാഹത്തി എന്നീ സ്‌റ്റേഡിയങ്ങളും ലോകകപ്പിന്റെ വേദികളാകാന്‍ ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
മറ്റ് അന്താരാഷ്ട്ര മത്സരങ്ങളും ആഭ്യന്തര മത്സരങ്ങളും ഇതേ സമയങ്ങളില്‍ നടക്കുമെന്നതിനാലാണ് ഈ വേദികള്‍ തെരഞ്ഞെടുക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച കൊല്‍ക്കത്തയില്‍ ചേര്‍ന്ന ബി.സി.സി.ഐയുടെ സുപ്രീം കൗണ്‍സില്‍ യോഗത്തില്‍, കാലാവസ്ഥയടക്കമുള്ള ഘടകങ്ങള്‍ കണക്കിലെടുത്ത് മൂന്ന് ആഴ്ച നീണ്ടുനില്‍ക്കുന്ന ടൂര്‍ണമെന്റ് അഞ്ച് വേദികളിലായി നടത്താമെന്ന് ചര്‍ച്ചകള്‍ നടന്നു.
അടുത്തിടെ സമാപിച്ച വനിതാ പ്രീമിയര്‍ ലീഗിന് ആതിഥേയത്വം വഹിച്ച മുംബൈയും വഡോദരയും ലോകകപ്പ് വേദികളായി പരിഗണിച്ചിരുന്നു. എന്നാല്‍ ഓക്ടോബറില്‍ മഴ ഭീഷണിയുള്ളതിനാല്‍ ഈ രണ്ട് വേദികളും ഒഴിവാക്കാന്‍ തീരുമാനിച്ചതായി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
‘അഞ്ച് വേദികളുടെ കാര്യത്തില്‍ സുപ്രീം കൗണ്‍സില്‍ ധാരണയിലെത്തി. വേദികളെ കുറിച്ചുള്ള വിവരങ്ങള്‍ ഐ.സി.സിയെ അറിയിക്കും. അന്താരാഷ്ട്ര തലത്തില്‍ നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ തന്നെ ഐ.സി.സി അന്തിമ അനുമതി നല്‍കണം,’ ബി.സി.സി.ഐയുമായി അടുത്ത വൃത്തങ്ങള്‍ സ്‌പോര്‍ട്‌സ് സ്റ്റാറിനോട് പറഞ്ഞു.
ടെസ്റ്റ് മത്സരങ്ങള്‍ക്കും ഐ.പി.എല്‍ പോരാട്ടങ്ങള്‍ക്കും സ്ഥിരം വേദിയാകുന്ന വിശാഖപട്ടണമായിരിക്കും ഉദ്ഘാടന ചടങ്ങിന് ആതിഥേയത്വം വഹിക്കുക. അതേസമയം ഫൈനല്‍ ഇന്‍ഡോറിലോ ഗുവാഹത്തിയിലോ നടക്കാന്‍ സാധ്യതയുണ്ട്.
‘നിരവധി വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. വലിയ ലോജിസ്റ്റിക്കല്‍ ചലഞ്ചുകള്‍ ഒഴിവാക്കാന്‍ ടൂര്‍ണമെന്റ് അഞ്ച് വേദികളില്‍ മാത്രമായി പരിമിതപ്പെടുത്തുന്നതാണ് നല്ലതെന്ന് തീരുമാനിച്ചു,’ വൃത്തങ്ങള്‍കൂട്ടിച്ചേര്‍ത്തു.
ബി.സി.സി.ഐ മുമ്പോട്ട് വെച്ച ഈ വേദികള്‍ ഐ.സി.സി അംഗീകരിച്ചാല്‍ കൃത്യമായ അവലോകനങ്ങള്‍ സ്‌റ്റേഡിയങ്ങളില്‍ നടക്കും.
Content Highlight: It is reported that the Greenfield Stadium in Thiruvananthapuram will also be the venue for the 2025 Women’s ODI World Cup.