മലയാള സിനിമാപ്രേമികള്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് മോഹന്‍ലാലിന്റെ എമ്പുരാന്‍. അതോടൊപ്പം തന്നെ ഏറെ ആളുകള്‍ കാത്തിരിക്കുന്ന മറ്റൊരു സിനിമയാണ് മമ്മൂട്ടിയുടെ ഗെയിം ത്രില്ലര്‍ ചിത്രമായ ബസൂക്ക.
ഡിനോ ഡെന്നിസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ഏപ്രില്‍ 10ന് റിലീസിനൊരുങ്ങുന്ന ബസൂക്കയുടെ ട്രെയ്‌ലറിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.
ചിത്രത്തിന്റെ ട്രെയ്‌ലര്‍ ലോഞ്ച് മാര്‍ച്ച് 26ന് ദുബായില്‍ വെച്ച് നടക്കുമെന്ന് ട്വിറ്റര്‍ ഫോറങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാര്‍ച്ച് 27ന് റിലീസ് ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാനൊപ്പം തിയേറ്ററുകളില്‍ ബസൂക്കയുടെ ട്രെയ്‌ലറും പ്രദര്‍ശിപ്പിച്ചേക്കുമെന്ന് സൂചനങ്ങള്‍ ഉണ്ടായിരുന്നു.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലര്‍ അധികം വൈകാതെ പുറത്തിറങ്ങുമെന്ന് സംവിധായകന്‍ ഡീനോ ഡെന്നീസ് തന്നെ അറിയിച്ചിരുന്നു. ട്രെയ്‌ലര്‍ എഡിറ്റിങ്ങിന്റെ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ടായിരുന്നു ഈ കാര്യം അറിയിച്ചത്.
ഇപ്പോള്‍ ട്രെയ്‌ലര്‍ റിലീസ് ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് ബസൂക്കയുടെ അണിയറപ്രവര്‍ത്തകര്‍. മാര്‍ച്ച് 26ന് രാത്രി 8:10നാണ് യൂട്യൂബില്‍ ട്രെയ്‌ലര്‍ എത്തുന്നത്. എന്നാല്‍ അന്നേ ദിവസം രാത്രി എട്ട് മണിക്ക് തൃശൂര്‍ രാഗം തിയേറ്ററില്‍ എക്‌സ്‌ക്യൂസീവ് ട്രെയ്‌ലര്‍ സ്‌ക്രീനിങ് ഉണ്ടാകും.
ഒരു ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കുന്ന ബസൂക്ക നിര്‍മിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റര്‍ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ജിനു വി. അബ്രഹാമും, ഡോള്‍വിന്‍ കുര്യാക്കോസുമാണ്.
തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോന്‍ ഒരു പ്രധാനവേഷം ചെയ്യുന്നു എന്ന പ്രത്യേകതയും ബസൂക്കക്കുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.
കാപ്പ, അന്വേഷിപ്പിന്‍ കണ്ടെത്തും എന്നിവക്ക് ശേഷം തീയേറ്റര്‍ ഓഫ് ഡ്രീംസ് നിര്‍മിക്കുന്ന ചിത്രമാണ് ബസൂക്ക. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥ രചയിതാക്കളിലൊരാളായ കലൂര്‍ ഡെന്നിസിന്റെ മകനാണ് ബസൂക്കയുടെ സംവിധായകനായ ഡീനോ ഡെന്നിസ്.
Content Highlight: Mammootty’s Bazooka Trailer Will Be Releasing Before Empuraan