തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തിലെ ദുരിതബാധിതര്‍ക്ക് 100 വീടുകള്‍ വെച്ച് നല്‍കാനുള്ള തുകയും ധാരണ പത്രവും മുഖ്യമന്ത്രിക്ക് കൈമാറി യുവജനസംഘടനയായ ഡി.വൈ.എഫ്.ഐ.
ഒരു വീടിന് 20 ലക്ഷം എന്ന തോതില്‍ സര്‍ക്കാര്‍ നിഷ്‌കര്‍ഷിച്ച പ്രകാരം 20 കോടി രൂപയാണ് ഡി.വൈ.എഫ്.ഐ സംസ്ഥാന ഭാരവാഹികള്‍ മുഖ്യമന്ത്രിക്ക് കൈമാറിയത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍വെച്ച് മന്ത്രിമാരുടെയടക്കം സാന്നിധ്യത്തിലാണ് തുക കൈമാറിയത്.
ഡി.വൈ.എഫ്.ഐ ചെയ്തത് മാത്യകാപരമായ ഇടപെടലാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 25 വീട് എന്നതില്‍ നിന്ന് 100 വീടായി മാറിയത് അഭിമാനകരമായ കാര്യമാണെന്നും ചിലപ്പോള്‍ വീട് നിര്‍മിക്കാന്‍ ഇതില്‍ കൂടുതല്‍ തുക വേണ്ടി വന്നാല്‍ ആ തുക സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
വയനാട് ദുരന്ത സമയത്ത് സംസ്ഥാന സര്‍ക്കാരിനൊപ്പം രക്ഷാപ്രവര്‍ത്തനത്തിനായി ഡി.വൈ.എഫ്.ഐ – യൂത്ത് ബ്രിഗേഡും ദുരന്ത മുഖത്തുണ്ടായിരുന്നു. ദുരന്തം ബാധിച്ച ജനതയുടെ പുനരധിവാസത്തിന് ഡി.വൈ.എഫ്.ഐ 25 വീട് നിര്‍മിച്ചു നല്കുമെന്നാണ് ആദ്യം പ്രഖ്യാപിച്ചത്. അത് പിന്നീട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ പ്രവര്‍ത്തനത്തിലൂടെ 100 വീട് നിര്‍മിക്കുന്നതിലേക്ക് എത്തുകയായിരുന്നു.
ആക്രി ശേഖരിച്ചും ചായക്കട നടത്തിയും കൂലിപ്പണികള്‍ ചെയ്തും പുസ്തകങ്ങള്‍ വിറ്റുമാണ് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ വീട് നിര്‍മിക്കാനുള്ള പണം കണ്ടെത്തിയത്. ഇതിന് പുറമെ പുരസ്‌കാര, ഫെലോഷിപ്പ്, ശമ്പള തുകകള്‍ സംഭാവന ചെയ്തും വിവാഹ ചടങ്ങുകള്‍ക്ക് മാറ്റിവച്ച തുകയും, ആഭരണങ്ങള്‍ ഊരി നല്‍കിയും, ഭൂമി സംഭാവന ചെയ്തും ജനങ്ങള്‍ അവര്‍ക്കൊപ്പം പങ്കാളികളായി.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ചടങ്ങില്‍ റവന്യു മന്ത്രി കെ.രാജന്‍, എസ്.സി/എസ്.ടി വകുപ്പ് മന്ത്രി ഒ.ആര്‍. കേളു, പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ്, സച്ചിന്‍ദേവ് എം.എല്‍.എ, ഡി.വൈ.എഫ് ഐ. സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സെക്രട്ടറി വി.കെ. സനോജ് എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ യൂത്ത് ബ്രിഗേഡ് സംഗമവും സംഘടിപ്പിച്ചിരുന്നു.
Content Highlight: Wayanad rehabilitation; DYFI hands over the amount for 100 houses to the Chief Minister