Entertainment news
അദ്ദേഹത്തെ പോലെ വലിയൊരു സ്റ്റാര്‍ അങ്ങനെ ചെയ്യുന്നത് ശരിക്കും ഇന്‍സ്പയറിങ്ങാണ്: മുരളി ഗോപി

മലയാള സിനിമയിലെ മികച്ച തിരക്കഥാകൃത്തുകളില്‍ ഒരാളാണ് മുരളി ഗോപി. ലൂസിഫര്‍, കമ്മാര സംഭവം, ടിയാന്‍, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ ചിത്രങ്ങളെല്ലാം മുരളി ഗോപിയുടെ തിരക്കഥയില്‍ പിറന്നതാണ്.

തന്റെ ചിത്രങ്ങളിലൂടെ രാഷ്ട്രീയം സംസാരിക്കുന്ന തിരക്കഥാകൃത്ത് എന്ന സവിശേഷതയും അദ്ദേഹത്തിന്റെ കഥകള്‍ക്കുണ്ട്. അഭിനേതാവ് എന്ന നിലയിലും മുരളി ഗോപി മലയാള സിനിമയില്‍ ശ്രദ്ധേയനാണ്. മലയാളത്തിലെ അനശ്വര നടനായിരുന്ന ഭരത് ഗോപിയുടെ മകനാണ് മുരളി ഗോപി.

നടന്‍ എന്ന രീതിയിലോ ഒരു വ്യക്തിയെന്ന രീതിയിലോ മോഹന്‍ലാല്‍ തന്നെ സ്വാധീനിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് മുരളി ഗോപി.

മോഹന്‍ലാല്‍ എന്ന വ്യക്തിയുടെ സിനിമയോടുള്ള സമീപനം തന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ടെന്ന് മുരളി ഗോപി പറയുന്നു. ഒരുപാട് സൗകര്യങ്ങള്‍ ഇല്ലാത്ത സ്ഥലങ്ങളിലാണെങ്കില്‍ പോലും ഒരു കാര്യങ്ങളിലും പരാതികള്‍ ഒന്നുമില്ലാതെ യൂണിറ്റിലെ മറ്റൊരാളെ പോലെ തന്നെ സഹകരിക്കുന്നയാളാണ് മോഹന്‍ലാല്‍ എന്നും അദ്ദേഹം പറയുന്നു. ഇത്രയും വലിയ സ്റ്റാര്‍ഡം ഉള്ളൊരാള്‍ അങ്ങനെ ചെയുന്നത് വളരെ ഇന്‍സ്പയറിങ്ങാണെന്നും മുരളി ഗോപി പറയുന്നു. ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലാലേട്ടന്റെ വര്‍ക്കിനോടുള്ള അപ്രോച്ച്, അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി, ഡിസിപ്ലിന്‍ ഇതൊക്കെ വളരെ ഇന്‍സ്പയറിങ് ആണ്. ലാലേട്ടന്‍ എല്ലാ സാഹചര്യങ്ങളോടും പെട്ടന്ന് പൊരുത്തപ്പെടും. ഒട്ടും ഫസിയാകില്ല. ഭ്രമരം സിനിമ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്ന കാര്യമാണ്. അത് പണ്ടും പറഞ്ഞു കേട്ടിട്ടുള്ള കാര്യവുമാണ്.

ലാലേട്ടന്റെ വര്‍ക്കിനോടുള്ള അപ്രോച്ച്, അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി, ഡിസിപ്ലിന്‍ ഇതൊക്കെ വളരെ ഇന്‍സ്പയറിങ് ആണ്

എവിടെയാണെങ്കിലും സെറ്റില്‍ എത്ര കഷ്ടതയുള്ള സ്ഥലങ്ങളിലാണെങ്കിലും സൗകര്യങ്ങളൊക്കെ വളരെ കുറഞ്ഞ സ്ഥലത്താണെങ്കിലും അതില്‍ ഒട്ടും പരാതികള്‍ ഇല്ലാതെ യൂണിറ്റിലുളള മറ്റാരെയും പോലെ ഇരിക്കുന്ന ഒരാളാണ് ലാലേട്ടന്‍. അത് ഭയങ്കര ഇന്‍സ്പയറിങ്ങാണ്. അത്രയും വലിയൊരു സ്റ്റാര്‍ അങ്ങനെ ചെയ്യുമ്പോള്‍ അത് കൂടെ നില്‍ക്കുന്നവര്‍ക്കും കൂടെ വര്‍ക്ക് ചെയ്യുന്നവര്‍ക്കുമൊക്കെ വളരെ ഇന്‍സ്പിരേഷണലാണ്,’ മുരളി ഗോപി പറയുന്നു.

Content Highlight: Murali Gopi talks about Mohanlal