മലയാളത്തിലെ മികച്ച ഗാനരചയിതാക്കളിലൊരാളാണ് രാജീവ് ആലുങ്കല്‍. മോഹന്‍ലാല്‍ നായകനായ ഹരിഹരന്‍പിള്ള ഹാപ്പിയാണ് എന്ന ചിത്രത്തിലൂടെയാണ് രാജീവ് ആലുങ്കല്‍ സിനിമാലോകത്തേക്ക് കടന്നുവന്നത്. തുടര്‍ന്ന് പല ചിത്രങ്ങളിലും ഗാനരചയിതാവെന്ന നിലയില്‍ തന്റെ വ്യക്തിമുദ്ര പതിപ്പിക്കാന്‍ രാജീവിന് സാധിച്ചു.
അല്ലു അര്‍ജുന്‍ ചിത്രമായ ആര്യയുടെ മലയാളം പതിപ്പില്‍ പാട്ടുകളെഴുതിയത് രാജീവായിരുന്നു. ഡബ്ബിങ് സിനിമകള്‍ക്ക് പാട്ടുകള്‍ എഴുതുന്നത് ഒരിക്കലും മൊഴിമാറ്റമായിട്ടല്ലായിരുന്നെന്ന് പറയുകയാണ് രാജീവ് ആലുങ്കല്‍. ആര്യ, പ്രണയമായ് എന്നീ സിനിമകളിലെ പാട്ടുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് ഇപ്പോഴും തനിക്ക് അറിയില്ലെന്ന് രാജീവ് ആലുങ്കല്‍ പറഞ്ഞു.
വാക്കുകളെ അതുപോലെ തര്‍ജമ ചെയ്താല്‍ ഒരിക്കലും അതിന്റെ ഫീല്‍ കിട്ടില്ലെന്നും അത് മാറ്റാന്‍ വേണ്ടി പരമാവധി ശ്രമിച്ചിട്ടുണ്ടെന്നും രാജീവ് ആലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. പ്രണയമായ് എന്ന സിനിമയുടെ തെലുങ്ക് പതിപ്പില്‍ ‘ഐ ആം വെരി സോറി’ എന്ന പാട്ടിലെ വരികളുടെ യഥാര്‍ത്ഥ അര്‍ത്ഥം എഴുതിയാല്‍ ഹിറ്റാകില്ലെന്ന് അറിയമായിരുന്നെന്നും രാജീവ് പറഞ്ഞു.
അത്തരം പാട്ടുകള്‍ ഒരിക്കലും ട്രാന്‍സ്‌ലേഷനല്ലെന്നും മറിച്ച് ട്രാന്‍സ്‌ക്രിയേഷനാണെന്നും രാജീവ് ആലുങ്കല്‍ കൂട്ടിച്ചേര്‍ത്തു. മൊഴിമാറ്റസിനിമകള്‍ക്ക് പാട്ടെഴുതുന്നതും ഒരര്‍ത്ഥത്തില്‍ ക്രിയേറ്റീവായിട്ടുള്ള കാര്യമാണെന്നും അതിലൂടെയാണ് തനിക്ക് ശ്രദ്ധ ലഭിച്ചതെന്നും രാജീവ് പറഞ്ഞു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തിലാണ് രാജീവ് ആലുങ്കല്‍ ഇക്കാര്യം പറഞ്ഞത്.
‘ആര്യ, പ്രണയമായ് എന്നീ സിനിമകളിലെ വര്‍ക്കാണ് എനിക്ക് ശ്രദ്ധ തന്നത്. ആ പടത്തിലെ പാട്ടുകളെല്ലാം ഇപ്പോഴും പലരുടെയും ഫേവറെറ്റാണ്. എന്നാല്‍ മൂലഭാഷയില്‍ ആ പാട്ടുകളുടെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. ആ പാട്ടിന്റെ മൂഡ് മനസിലാക്കി അതിന്റെ ട്യൂണിന് അനുസരിച്ച് വരികള്‍ എഴുതുകയായിരുന്നു.
വാക്കുകളെ അതുപോലെ തര്‍ജമ ചെയ്താല്‍ അതിന്റെ ഫീല്‍ ആളുകള്‍ക്ക് കിട്ടില്ല. പ്രണയമായ് എന്ന പടത്തില്‍ വര്‍ക്ക് ചെയ്തപ്പോള്‍ അതിന്റെ ഒറിജിനല്‍ വേര്‍ഷനിലെ വരികള്‍ ട്രാന്‍സ്‌ലേറ്റ് ചെയ്തില്ലായിരുന്നു. അങ്ങനെ ചെയ്താല്‍ ഹിറ്റാകില്ലെന്ന് അറിയാമായിരുന്നു. ആ പാട്ടുകള്‍ ഒരിക്കലും ട്രാന്‍സ്‌ലേഷനല്ലായിരുന്നു, അതിനെയൊക്കെ ട്രാന്‍സ്‌ക്രിയേഷനെന്ന് പറയുന്നതാണ് ശരി,’ രാജീവ് ആലുങ്കല്‍ പറഞ്ഞു.
Content Highlight: Lyricist Rajeev Alunkal about the songs in Arya movie