Kerala News
പ്രവാസി ക്ഷേമനിധിയില്‍ നിന്ന് 60 വയസ് കഴിഞ്ഞ പ്രവാസികളെ ഒഴിവാക്കുന്നതിനെ ചോദ്യം ചെയ്യുന്ന ഹരജി ഫയലില്‍ സ്വീകരിച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Saturday, 22nd March 2025, 6:56 pm

കൊച്ചി: 60 വയസ്സിനു മുകളിലുള്ള പ്രവാസികളെ (എന്‍.ആര്‍.കെ) കേരള പ്രവാസി ക്ഷേമനിധിയില്‍നിന്നും ഒഴിവാക്കിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി സ്വീകരിച്ച് ഹൈക്കോടതി. പ്രവാസി ലീഗല്‍ പ്രതിനിധികളായ ആറ് മുതിര്‍ന്ന പൗരന്മാര്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചത്.

എതിര്‍കക്ഷികളായ കേരള സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നോര്‍ക്ക വകുപ്പിനും കേരളീയ ക്ഷേമനിധി ബോര്‍ഡിനും നോട്ടീസ് അയക്കാന്‍ ഉത്തരവായി. കേസ് മേയ് മാസം 21 -ന് വീണ്ടും പരിഗണിക്കും.

2008 ലെ കേരള പ്രവാസി കേരളീയരുടെ ക്ഷേമ നിയമത്തിലെ സെക്ഷന്‍ ആറ് പ്രകാരമുള്ള പ്രായപരിധി ഏകപക്ഷീയവും വിവേചനപരവുമാണെന്നും ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 14, 21 പ്രകാരമുള്ള അവരുടെ മൗലികാവകാശങ്ങള്‍ ലംഘിക്കുന്നതുമാണെന്നും ഹരജിക്കാര്‍ കോടതിയെ അറിയിച്ചു. കുഞ്ഞുമാണിക്കന്‍ കുഞ്ഞുമോന്‍, മുഹമ്മദ് സലീം, ശോഭന്‍ലാല്‍ ബാലകൃഷ്ണന്‍, ശ്രീകുമാര്‍ നാരായണന്‍, രാജേഷ് കുമാര്‍, സോമനാഥന്‍ എന്നീ 62നും 72നും ഇടയില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരാണ് ഹര്‍ജിക്കാര്‍.

‘പതിറ്റാണ്ടുകള്‍ വിദേശത്ത് കഠിനാധ്വാനം ചെയ്യുകയും കേരളത്തിന്റെ സമ്പദ്ഘടനയ്ക്ക് ഗണ്യമായ സംഭാവനകള്‍ നല്‍കുകയും ചെയ്തിട്ടും ജീവിതത്തിന്റെ സായന്തനകാലത്ത് ചെറിയ തുകപോലും പ്രവാസികള്‍ക്ക് പെന്‍ഷന്‍ നിഷേധിക്കുന്നത് നീതീകരിക്കാനാവുന്നതല്ല. വിദേശത്തായിരുന്നപ്പോള്‍ പദ്ധതിയെക്കുറിച്ചുള്ള അവബോധക്കുറവ്, സാമ്പത്തിക ബുദ്ധിമുട്ടുകള്‍, ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്യുന്നതിലെ നടപടിക്രമങ്ങള്‍ തുടങ്ങിയ വിവിധ കാരണങ്ങളാല്‍ 60 വയസ്സ് തികയുന്നതിനുമുമ്പ് ക്ഷേമ പദ്ധതിയില്‍ ചേരാന്‍ കഴിഞ്ഞിട്ടില്ല,’ ഹര്‍ജിക്കാര്‍ പറയുന്നു.

ഒരു ക്ഷേമപദ്ധതിയായ കേരള പ്രവാസി ക്ഷേമ നിയമം, 2008 ഭേദഗതി ചെയ്ത് പ്രായപരിധി നിബന്ധന നീക്കം ചെയ്യണമെന്നും മടങ്ങിയെത്തിയ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉപാധികളില്ലാതെ പദ്ധതിയില്‍ ചേരാന്‍ അനുവദിക്കണമെന്നും ഒറ്റത്തവണയായോ ഗഡുക്കളായോ വരിസംഖ്യ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് 2025 ഫെബ്രുവരി 3 ന് പ്രവാസി ലീഗല്‍ സെല്‍ സര്‍ക്കാരിന് ഒരു നിവേദനം സമര്‍പ്പിച്ചിരുന്നു.

സര്‍ക്കാരില്‍ നിന്നും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് കേരള ഹൈക്കോടതിയെ ഹര്‍ജിക്കാര്‍ സമീപിക്കുന്നത്. ഹര്‍ജിക്കാര്‍ക്കുവേണ്ടി അഭിഭാഷകരായ ജോസ് അബ്രഹാം, മനാസ്. പി. ഹമീദ്, ആര്‍. മുരളീധരന്‍, വിമല്‍ വിജയ്, റെബിന്‍ വിന്‍സന്റ് എന്നിവര്‍ കോടതിയില്‍ ഹാജരായി.

Content Highlight: High Court accepts petition challenging exclusion of expatriates above 60 years of age from expatriate welfare fund