പത്തനംതിട്ട : ഒരു സംരക്ഷിത വനപ്രദേശം കോടതി വ്യവഹാരത്തിലൂടെ കൈവശപ്പെടുത്തുന്നതെങ്ങനെ? അതിന്റെ നാള്‍വഴികളാണ് പത്തനംതിട്ട കോട്ടയം ജില്ലകളിലായി ഏഴായിരം ഏക്കറിലധികം വ്യാപിച്ച് കിടക്കുന്ന പൊന്തന്‍പുഴ വനം സംബന്ധിച്ച കേസ് നമ്മോട് പറയുന്നത്. 37 വര്‍ഷം നീണ്ട കേസിനൊടുവില്‍ ഈ വര്‍ഷം ജനുവരി 10 ന് ഈ സംരക്ഷിത വനപ്രദേശം 283 സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കിക്കൊണ്ട് ഹൈക്കോടതി ഉത്തരവിട്ടു. കേരളത്തിലെ ഏറ്റവും വലിയ സംരക്ഷിത വനപ്രദേശമാണ് സര്‍ക്കാര്‍ പിടിപ്പുകേട് കൊണ്ട് സ്വകാര്യവ്യക്തികള്‍ സ്വന്തമാക്കാന്‍ പോകുന്നത്.
ഹൈക്കോടതിയില്‍ വാദം നടത്തുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച ഗുരുതര വീഴ്ചയാണ് അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ള പൊന്തന്‍പുഴ വനം സ്വകാര്യ ഭൂമിയാണെന്ന കോടതിവിധി ഉണ്ടാകാന്‍ കാരണം. രാജാവിന്റെ കയ്യില്‍ നിന്നും ലഭിച്ച ചെമ്പോല നീട്ടുകള്‍ കൈവശമുണ്ടെന്നും അതിനാല്‍ ഭൂമിയിന്മേല്‍ അവകാശം അനുവദിച്ച് നല്‍കണമെന്നും ആവശ്യപ്പെട്ട് 283 സ്വകാര്യ വ്യക്തികള്‍ ചേര്‍ന്ന് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി വിധി. ഇത് സംരക്ഷിത വനപ്രദേശമാണെന്ന് തെളിവുകള്‍ സഹിതം കോടതിയെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ദയനീയമായി പരാജയപ്പെട്ടു.
പൊന്തന്‍പുഴ വനം സ്വകാര്യവ്യക്തികളുടേതെന്ന വിധിയോടെ ജൈവവൈവിധ്യത്തിന്റെ കലവറയായ ഈ വനഭൂമി യഥേഷ്ടം കൊള്ളയടിക്കാനുള്ള അവസരമാണ് ഉണ്ടായിരിക്കുന്നതെന്ന് പൊന്തന്‍പുഴ പൗരസമിതി പ്രവര്‍ത്തകന്‍ സന്തോഷ് പറയുന്നു. മാത്രമല്ല പൊന്തന്‍പുഴ, പെരുമ്പെട്ടി എന്നിവിടങ്ങളിലായി വനാതിര്‍ത്തിയില്‍ താമസിക്കുന്ന ആയിരത്തിഇരുനൂറിലധികം കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കാനുള്ള സാധ്യത കൂടിയാണ് ഈ വിധിയോടെ നഷ്ടമായിരിക്കുന്നത്. ഒന്നര നൂറ്റാണ്ടായി ഇവിടെ തലമുറ തലമുറ മാറി താമസിക്കുന്നവരാണ് ഇവര്‍. അവരുടെ കൈവശവകാശമുള്ള ഭൂമി കൂടി വനത്തിന്റെ അതേ സര്‍വ്വേ നമ്പറില്‍ വന്നതോടെ തെരുവിലാക്കപ്പെട്ട അവസ്ഥയിലാണ് ഈ മനുഷ്യര്‍.
തലമുറകളായി താമസിച്ചിരുന്ന വീടിനും കൃഷിയിടത്തിനും കൊല്ലത്തും, ആലപ്പുഴയിലും, പാലായിലും, കോട്ടയത്തും പുതിയ അവകാശികള്‍ ഉണ്ടായിരിക്കുന്നു എന്ന വിവരം ഞെട്ടലോടെയാണ് ഇവര്‍ മനസിലാക്കിയത്. കാലങ്ങളായി പട്ടയത്തിന് വേണ്ടിയുള്ള ഇവരുടെ ആവശ്യം ഹൈക്കോടതിയിലെ കേസില്‍ കുരുങ്ങി കിടക്കുകയായിരുന്നു. ഇതിനെതിരെ പൊന്തന്‍പുഴ വലിയകാവ് വനം സംരക്ഷണ സമര സമിതിയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരവും ആരംഭിച്ച് കഴിഞ്ഞു. സര്‍ക്കാര്‍ നല്‍കുന്ന പുനഃപരിശോധനാ ഹര്‍ജിയില്‍ കക്ഷി ചേരുമെന്നും സന്തോഷ് പെരുമ്പെട്ടി പറയുന്നു.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കേസ് വാദിച്ചിരുന്ന സര്‍ക്കാര്‍ അഭിഭാഷക സുശീല ഭട്ട് അന്വേഷിച്ചപ്പോള്‍ ഇത് സംബന്ധിച്ച പല രേഖകളും ലഭിച്ചിരുന്നില്ല. പിന്നീട് ഏറെ ബുദ്ധിമുട്ടി പുറത്ത് നിന്നാണ് ഈ രേഖകള്‍ സംഘടിപ്പിച്ചതെന്ന് സുശീല ഭട്ട് വ്യക്തമാക്കിയിരുന്നു. എന്നാല്‍ പുതിയ സര്‍ക്കാര്‍ വന്നതോടെ സുശീല ഭട്ടിനെ മാറ്റുകയും പുതിയ അഭിഭാഷകന്റെ ഭാഗത്ത് നിന്നുണ്ടായ വീഴ്ച കേസിനെ തന്നെ എതിരാക്കുകയുമായിരുന്നു. വന സംരക്ഷണവുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതിലും പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യുന്നതിലും ഉണ്ടായ വീഴ്ചയാണ് കേസ് എതിരാകാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
” Suffice it to say that the question whether there has been a vesting under the 1971 act or the 2003 act has not been considered in this appeal since the parties are yet to join issues thereon. കേസില്‍ അപ്പീലില്‍ 1971ലെയും 2003 ലെയും വനനിയമങ്ങളെക്കുറിച്ചു സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ സൂചിപ്പിക്കാത്തതിനാല്‍ ആ വിഷയത്തിലേക്ക് കടക്കുന്നില്ലെന്നു ജഡ്ജ്‌മെന്റില്‍ എടുത്തുപറയുന്നു.ഈ നിയമങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്താതെ സര്‍ക്കാര്‍ വക്കീല്‍ ഗുരുതരമായ കൃത്യവിലോപമാണ് നടത്തിയത്” എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചിരുന്നു. കേസ് നടത്തിപ്പില്‍ ഗുരുതര വീഴ്ച വരുത്തിയ വനംവകുപ്പിന് നേര്‍ക്കാണ് ആരോപണങ്ങളുടെ കുന്തമുന നീളുന്നത്.
1905 ല്‍ ദിവാന്‍ സംരക്ഷിത വനമായി പ്രഖ്യാപിക്കുകയും തുടര്‍ന്ന് 1959 ല്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ വനംവകുപ്പ് ഏറ്റെടുക്കുകയും ചെയ്തതാണ് പൊന്തന്‍പുഴ വനം. എന്നാല്‍ തിരുവിതാംകൂര്‍ രാജാവിനെ യുദ്ധത്തില്‍ സഹായിച്ചതിന് പ്രതിഫലമായി നെയ്തല്ലൂര്‍ കോവിലകത്തിന് രാജാവ് നീട്ടു നല്‍കിയ ഭൂമിയാണിതെന്ന് വാദിച്ച് സ്വകാര്യ വ്യക്തികള്‍ 1960 ല്‍ കോടതിയെ സമീപിക്കുകയും കോടതിയില്‍ നിന്ന് അനുകൂല വിധി സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ വനംവകുപ്പ് വീണ്ടും കോടതിയെ സമീപിച്ച് 1979 ല്‍ സര്‍ക്കാരിന് അനുകൂലമായ വിധി നേടുകയും ചെയ്തു.
അതിന് ശേഷം 1981 ലാണ് പുതിയ കേസിന്റെ തുടക്കം. നെയ്തല്ലൂര്‍ കോവിലകത്തില്‍ നിന്ന് വാങ്ങിയ ഭൂമിയാണിതെന്നും ചെമ്പ് പട്ടയങ്ങള്‍ കൈവശം ഉണ്ടെന്നും കാണിച്ച് പാലാ സ്വദേശി ചെറിയത്ത് ജോസഫ് എന്നയാള്‍ കോടതിയെ സമീപിക്കുകയും കോവിലകത്തിന്റെ അവകാശികള്‍ അടങ്ങുന്ന ട്രസ്റ്റ് ഉള്‍പ്പെടെ ഉള്ള 283 പേരെക്കൂടി അവകാശമുന്നയിച്ച് കേസില്‍ കക്ഷി ചേര്‍ക്കുകയും ചെയ്യുകയായിരുന്നുവെന്ന് സന്തോഷ് പറയുന്നു.
കോട്ടയം പത്തനംതിട്ട ജില്ലകളിലെ റാന്നി, എരുമേലി ഫോറസ്റ്റ് ഡിവിഷനുകളില്‍പ്പെട്ട ആലപ്ര, വലിയകാവ്, കറിക്കാട്ടൂര്‍ റിസര്‍വുകളാണ് പൊന്തന്‍പുഴവനം എന്ന പൊതുനാമത്തില്‍ അറിയപ്പെടുന്നത്. 1904 ല്‍ ആരംഭിച്ചതാണ് ഈ സര്‍ക്കാര്‍ വനത്തിന്മേലുള്ള സ്വകാര്യവ്യക്തികളുടെ അവകാശത്തര്‍ക്കം.
അന്ന് എഴുമറ്റൂര് നെയ്തല്ലൂര് കോവിലകം മാത്രമാണ് അവകാശവാദമുന്നയിച്ചതെങ്കില് ഇന്ന് 283 പേരാണ് ഈ വനഭൂമിയില്‍ അധികാരം സ്ഥാപിച്ചിരിക്കുന്നത്. ” കേരളത്തിലെ വനംമാഫിയയ്ക്ക് ഒരു “വിശുദ്ധ” ഗ്രന്ഥം ലഭിച്ചിരിക്കുന്നു. പൊന്തന്‍പുഴവനത്തെ സംബന്ധിച്ച കേരളഹൈക്കോടതിയിലെ MSA 1/1981 കേസിന്റെ 2018 ജനുവരി 10 ലെ വിധിന്യായം.” എന്നാണ് പൊന്തന്‍പുഴ വനം സംരക്ഷണ സമരസമിതി പുറത്തിറക്കിയ നോട്ടീസില്‍ കോടതിവിധിയെ വിശേഷിപ്പിക്കുന്നത്.
വിവിധ സ്ഥലങ്ങളിലുള്ള സ്വകാര്യ വ്യക്തികള്‍ ചെമ്പ് പട്ടയങ്ങളും, വിവിധ രേഖകളുമായി വന്ന് ഭൂമിക്ക് അവകാശം ഉന്നയിക്കുകയായിരുന്നു. ഇവര്‍ക്കൊക്കെ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടെന്നും ഭൂമി തട്ടിയെടുക്കാനായി വന്‍ ഉദ്യോഗസ്ഥ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നുമാണ് സമരസമിതി ആരോപിക്കുന്നത്. പത്തനംതിട്ട ഡി.സി.സി അംഗമായ ജയവര്‍മ്മയാണ് കോവിലകത്തിന്റെ ട്രസ്റ്റിന് വേണ്ടി കേസ് നടത്താന്‍ മുന്നില്‍ നില്‍ക്കുന്നത്. ഇപ്പോഴത്തെ വിധിയോടെ ആയിരക്കണക്കിന് ഏക്കര്‍ ഭൂമി ഈ ട്രസ്റ്റിന് സ്വന്തമാകും.
ഈ കേസിന്റെ കോടതി നടപടികള്‍ സാമാന്യയുക്തിയെ പരിഹസിക്കുന്നതാണ്. 1753-ല് മാര്‍ത്താണ്ഡവര്‍മ്മയുടെ കാലത്ത് ചെമ്പുഫലകത്തിലുള്ള ഒരു “നീട്ടി”ലൂടെ (രാജശാസനത്തിലൂടെ) ഈ പ്രദേശങ്ങള്‍ തങ്ങള്‍ക്ക് ചാര്‍ത്തിക്കിട്ടി എന്നാണ് നെയ്തല്ലൂര്‍ കോവിലകത്തിന്റെ വാദം. ഈ നീട്ട് യഥാര്‍ത്ഥമാണോ എന്നാണ് കോടതി പരിശോധിച്ചത്. എന്നാല് അസ്സല് നീട്ട് കോടതിയില് ഹാജരാക്കിയിട്ടേയില്ല. വട്ടെഴുത്തിലുള്ളതെന്ന് അവകാശപ്പെടുന്ന ആ നീട്ടിന്റെ ലിപിമാറ്റം വരുത്തിയ പകര്‍പ്പിന്റെ പകര്‍പ്പ് മാത്രമാണ് കോടതി കണ്ടത്.
അടിസ്ഥാനരേഖ നേരിട്ടുകാണാതെ, ഏതാനും സഹായ തെളിവുകള്‍ മാത്രം പരിഗണിച്ചാണ് കോടതി പ്രതികള്‍ക്കനുകൂലമായി കേസ് വിധിച്ചത്. 18/03/1991 ല്‍ കേരള ഹൈക്കോടതി തന്നെ ഈ നീട്ടും അനുബന്ധരേഖകളും കെട്ടച്ചമച്ചവയും വ്യാജവുമാണെന്നും. കൃത്രിമരേഖകളുടെ കൂമ്പാരം സൃഷ്ടിച്ചുകൊണ്ട് നിയമവ്യവസ്ഥയെ കബളിപ്പിക്കാനാണ് കക്ഷികള്‍ ശ്രമിക്കുന്നതെന്നും ശക്തമായ ഭാഷയില് നിരീക്ഷിച്ചിട്ടുള്ളതുമാണ്. സമരസമിതി പുറത്തിറക്കിയ ലഘുലേഖയില്‍ വിശദീകരിക്കുന്നു.
മാര്‍ത്താണ്ഡവര്‍മയുടെ കാലത്ത് വട്ടെഴുത്ത് ഉപയോഗിച്ചിരുന്നില്ലെന്നും തൃപ്പടിദാനത്തിന്റെ രേഖപോലും പനയോലയിലാണ് തയ്യാറാക്കിയതെന്നുമുള്ള വാദങ്ങളുമുണ്ട്. എന്നിട്ടും എഴുമറ്റൂര്, നെയ്തല്ലൂര് കോവിലകത്തിനു മാത്രം ഒരു ചെമ്പുഫലകം അതും വട്ടെഴുത്തില് ഉണ്ടായതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് സമരസമിതി ആരോപിക്കുന്നു. ഈ ചെമ്പുപട്ടയം അവര്‍ കോടതിയില്‍ ഹാജരാക്കാതെയിരുന്നതിന് കാരണമുണ്ട്. അതിനുപയോഗിച്ച ചെമ്പിന്റെ കാലപ്പഴക്കവും നീട്ടിന്റെ ഭാഷാസ്വഭാവവും ശാസ്ത്രീയമായി പരിശോധിക്കപ്പെട്ടാല്‍ ആ വ്യാജരേഖയുടെ ചെമ്പുതെളിയുമെന്നും സമരസമിതി വ്യക്തമാക്കുന്നു.
സ്വകാര്യവ്യക്തികളുടെ വാദപ്രകാരം മഹാവൃക്ഷങ്ങള്‍ തിങ്ങിനിറഞ്ഞ ഈ വനം കുറ്റിക്കാടാണ്, നാമമാത്രമായി വനസ്വഭാവമുളള വരണ്ട സ്ഥലമാണ്, ചേരിക്കലുമാണ്! ചേരിക്കലെന്നാല് ഇടവിട്ടു കൃഷി ചെയ്യുന്ന മലവാരം. വസ്തുതകള് പരിശോധിക്കാന് പുറപ്പെട്ട കോടതി ഒരു കമ്മീഷനെ വച്ച് ഈ വനം നേരിട്ടു കണ്ടിരുന്നെങ്കില്‍ ഇത് കൊടുംകാടാണെന്നും ചേരിക്കലിന്റെ (കൃഷിയുടെ) യാതൊരടയാളവും ഇവിടെയില്ലെന്നും മനസ്സിലാകുമായിരുന്നുവെന്നും ശീതീകരിച്ച മുറിയില്‍ നിന്ന് പുറത്തിറങ്ങാതെയുളള വസ്തുത പരിശോധനയിലൂടെ നമ്മുടെ നിയമവ്യവസ്ഥ കേരള ജനതയെ കൂടുതല് വരള്ച്ചയിലേയ്ക്ക് തള്ളിയിട്ടിരിക്കുകയാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
തര്‍ക്കഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാന് 1851 ല് ജിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ സ്ഥാപിതമാകുന്നതിന് ഒരു നൂറ്റാണ്ടു മുമ്പുള്ള “”ഒഴുക്കു””കളെയാണ് കോടതി ആശ്രയിച്ചത്. ഒഴുക്കുകള്‍ സ്ഥലപരിശോധന പോലും നടത്താതെയുള്ള “കേട്ടെഴുത്ത്” (ആള്‍ക്കാര്‍ പറയുന്നത് കേട്ട് എഴുതുന്ന രീതി) രേഖയാണ്, അശാസ്ത്രീയവുമാണ്.
കറിക്കാട്ടൂര്‍ ഡിവിഷനിലെ 300 ഏക്കര്‍ നേരത്തെതന്നെ സര്‍ക്കാരിനനുകൂലമായി വിധിക്കുകയും സര്‍ക്കാര്‍ നിക്ഷിപ്തവനമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ആ വിധിയില്‍ വ്യാജമെന്ന് കണ്ടെത്തിയ അതേ നീട്ടാണ് ഇവിടെ കോടതി സ്വീകരിച്ചത്.
ഈ വനഭൂമിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്ക്‌സ് എന്ന വമ്പന്‍ ക്രഷര്‍ യൂണിറ്റ് പ്രദേശവാസിയായ കോട്ടാങ്ങല്‍ ഗോപിനാഥപിള്ള നടത്തിയ നീണ്ട നിയമയുദ്ധത്തെ തുടര്‍ന്ന് ഇപ്പോള്‍ അടച്ചിട്ടിരിക്കുകയാണ്. വനഭൂമിയില്‍ നിന്ന് ആവശ്യമായ അകലം പാലിക്കാത്തതിനാലാണ് ഇത് അടച്ചത്. വനഭൂമിയോട് ചേര്‍ന്ന് കോട്ടയം വനം ഡിവിഷനിലെ കോട്ടാങ്ങല്‍ ആവോലി മലയാണ് കാലങ്ങളായി ഇവര്‍ പൊട്ടിച്ചു മാറിക്കൊണ്ടിരിക്കുന്നത്. 2009 ലെ വനം പരിസ്ഥിതി നയത്തിന് വിരുദ്ധമായാണ് ഖനനം നടക്കുന്നതെന്ന് കാണിച്ച് വിജിലന്‍സ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
മുന്‍പ് ഇവിടെ ഉണ്ടായിരുന്ന ജിയോളജിസ്റ്റ് വനത്തെ ബാധിക്കും എന്ന് ചൂണ്ടിക്കാട്ടി ഇവിടെ ഖനനാനുമതി നിഷേധിച്ചെങ്കിലും രാഷ്ട്രീയ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് അദ്ദേഹത്തെ നീക്കുകയും പുതിയ ജിയോളജിസ്റ്റ് മൂന്ന് മാസത്തേക്ക് പൊട്ടിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു. ഈ വനം ഇപ്പോള്‍ സ്വകാര്യ ഭൂമിയായി മാറിയതോടെ ക്രഷര്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ക്രഷര്‍ ഉടമകള്‍ രംഗത്ത് വന്നിട്ടുണ്ടെന്ന് ഗോപിനാഥപിള്ള പറയുന്നു. പൊന്തന്‍പുഴ വനത്തിലെ ഊട്ടുപാറ, നാഗപ്പാറ തുടങ്ങിയ കാലങ്ങളോളം പൊട്ടിക്കാനുള്ള അമൂല്യമായ പാറമലകളിലാണ് വനം പാറ മാഫിയയുടെ കണ്ണെന്ന് ആരോപണം ഉയരുന്നുണ്ട്.
ഫോറസ്റ്റ് ഗാര്‍ഡ് സ്റ്റേഷന്‍, നിരവധി ചെറു അരുവികള്‍, പാറക്കൂട്ടങ്ങള്‍ ഒക്കെ അടങ്ങുന്നതാണ് പൊന്തന്‍പുഴ വനഭൂമി. പ്രാചീന സംസ്‌കാര ശേഷിപ്പുകളായ മുനിയറകള്‍, പ്രാചീന ഗോത്ര ആരാധനാ കേന്ദ്രങ്ങള്‍ എന്നിവയും ഈ വനഭൂമിയില്‍ ഉണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. വനഭൂമിയില്‍ ഉള്‍പ്പെട്ട ഊട്ടുപാറയ്ക്ക് സമീപം ഈ മുനിയറയുടെ അവശിഷ്ടങ്ങള്‍ കാണാന്‍ കഴിയും. സമുദ്രനിരപ്പില്‍ നിന്ന് 1800 അടി ഉയരത്തിലുള്ള ഇവിടെ നിന്നാല്‍ പശ്ചിമഘട്ടത്തിന്റെ വിദൂര ഭാഗങ്ങള്‍ വരെ ആസ്വദിക്കാനാകും. ഈ പാറയടക്കമുള്ളവ സ്വകാര്യ വ്യക്തികളുടെ കൈവശമാകുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.
അമൂല്യമായ ജൈവവൈവിധ്യത്തിന്റെ കേന്ദ്രമാണ് ഈ വനഭൂമി. വലിയ മൃഗങ്ങളുടെ സാന്നിധ്യം ഇല്ലെങ്കിലും പന്നി, കേഴ, മലയണ്ണാന്‍, വിവിധയിനം കുരങ്ങുകള്‍, അപൂര്‍വ്വ ശലഭങ്ങള്‍, ഔഷധസസ്യങ്ങള്‍, തുടങ്ങി അനുപമമായ ഒരു ആവാസ വ്യവസ്ഥയാണ് പൊന്തന്‍പുഴ വനം. മൂന്നിനം വേഴാമ്പലുകളെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. 350 ല്‍ പരം ഉറുമ്പുകള്‍, 1000 ലധികം പ്രാണികള്‍, 320 ഇനം ശലഭങ്ങള്‍,174 തരം തുമ്പികള്‍, 269 ഇനം ഒച്ചുകള്‍,500 ലേറെ പക്ഷി ഇനങ്ങള്‍, 120 ഇനം സസ്തനികള്‍, വിഷമുള്ളവയടക്കം വിവിധ ഇനം പാമ്പുകള്‍ എന്നിവ ഈ വനഭൂമിയില്‍ ഉണ്ടെന്ന് കോഴഞ്ചേരി സെന്റ് തോമസ് കോളേജിലെ പ്രൊഫസര്‍ തോമസ് ടി തോമസ് നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. മണിമലയാറിലേക്ക് എത്തിച്ചേരുന്ന നിരവധി കൈവഴികളുടെ പ്രഭവകേന്ദ്രവും കൂടിയാണ് പൊന്തന്‍പുഴ.
ഈ വനഭൂമിയില്‍ നിന്ന് ഒരു ചുള്ളിക്കമ്പു പോലും എടുക്കാന്‍ ആരെയും അനുവദിക്കില്ലെന്ന നിലപാടാണ് പ്രദേശവാസികള്‍ക്കും സമരസമിതിക്കും ഉള്ളത്. പശ്ചിമഘട്ട മലനിരകളുടെ തുടര്‍ച്ചയായ പൊന്തന്‍പുഴ വനത്തെ സംരക്ഷിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. പൊന്തന്‍പുഴ വനഭൂമിയെ തിരിച്ച് പിടിക്കാന്‍ സ്വാതന്ത്ര്യത്തിന് മുന്‍പുള്ള രാജശാസനങ്ങള്‍ക്ക് സാധുത ഇല്ലാതാക്കിക്കൊണ്ടുള്ള നിയമനിര്‍മ്മാണം മുന്‍കാല പ്രാബല്യത്തോടെ നടപ്പിലാക്കണം, പ്രത്യേക നിയമസഭാ സമിതി സ്ഥലം സന്ദര്‍ശിക്കണം എന്നീ ആവശ്യങ്ങളാണ് സമരസമിതി ഉയര്‍ത്തുന്നത്.
രാജാധികാര കാലത്തെ ശാസനങ്ങളുടെ പേരില്‍ സ്വകാര്യ മുതലാളിമാര്‍ക്ക് തീറെഴുതിനല്‍കാനും മാത്രം വനഭൂമി ഇനിയും കേരളത്തില്‍ ശേഷിക്കുന്നുണ്ടോ എന്നതാണ് ഉയരുന്ന ചോദ്യം. സമരസമിതിയുടെ പോസ്റ്റര്‍ പറയുന്നത് പോലെ വനഭൂമിയില്‍ നിന്ന് മരുഭൂമിയിലേക്ക് ഒരു മഴുവിന്റെ ദൂരം മാത്രമാണ് ശേഷിക്കുന്നത്.