കോഴിക്കോട്: ബി.ജെ.പി സംസ്ഥാന അധ്യക്ഷ പദവിയില്‍ രണ്ട് വര്‍ഷം പൂര്‍ത്തിയാക്കുകയാണ് കെ. സുരേന്ദ്രന്‍. 2020 ഫെബ്രുവരി 15നാണ് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റായി കെ. സുരേന്ദ്രനെ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ നിയമിച്ചത്.
സംസ്ഥാന പ്രസിഡന്റായിരുന്ന പി.എസ്. ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായതിനെ തുടര്‍ന്നായിരുന്നു സുരേന്ദ്രനെ സംസ്ഥാന നേതൃത്വത്തിലേക്ക് തെരഞ്ഞെടുക്കുന്നത്.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതി വിധി ബി.ജെ.പിക്ക് കിട്ടിയ സുവര്‍ണാവസരമാണെന്ന് ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു. ഈ സുവര്‍ണാവസരം പരമാവധി മുതലെടുത്തതാണ് മുതിര്‍ന്ന നേതാക്കളെ വെട്ടി താരതമ്യേന പ്രായം കുറഞ്ഞ കെ. സുരേന്ദ്രന്‍ അധ്യക്ഷ പദവിയിലെത്തിയത്.
2018 നവംബര്‍ 17ന് ശബരിമലയില്‍ ദര്‍ശനത്തിന് പോയ കെ. സുരേന്ദ്രനെയും കൂടയുണ്ടായിരുന്നവരെയും നിലയ്ക്കലില്‍ വച്ച് ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിരുന്നു ഈ അറസ്റ്റ്. ഈ സംഭവം ബി.ജെ.പി അണികള്‍ക്കിടയില്‍ സുരേന്ദ്രന്റെ ഗ്രാഫ് വലിയ രീതിയില്‍ ഉയര്‍ത്തി.
പിന്നീട് കെ. സുരേന്ദ്രന്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരിക്കെ 2020 ഡിസംബറില്‍ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് മൂന്ന് ഘട്ടമായി നടന്ന തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ നില മെച്ചപ്പെടുത്തി.
എന്നാല്‍ 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന ഒരു സീറ്റും നഷ്ടപ്പെടുകയാണുണ്ടായത്. 35 സീറ്റ് കിട്ടിയാല്‍ ബി.ജെ.പി കേരളം ഭരിക്കുമെന്ന സുരേന്ദ്രന്റെ പ്രസ്താവനയും ഒരു തെരഞ്ഞെടുപ്പ് കോമഡി മാത്രമായി അവസാനിച്ചു.
ഇരട്ടത്തോല്‍വിയുടെ ആഘാതമാണ് തെരഞ്ഞെടുപ്പില്‍ സുരേന്ദ്രനുണ്ടായത്. പാര്‍ട്ടിക്ക് സ്വാധീനമുണ്ടെന്നു കരുതിയ രണ്ട് സീറ്റുകളില്‍(മഞ്ചേശ്വരം, കോന്നി) പുതിയ പരീക്ഷണമെന്ന നിലയില്‍ സംസ്ഥാന അധ്യക്ഷനെ ഒരേസമയം പോരിനിറക്കി പരാജയം ഏറ്റുവാങ്ങിയത് കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തിലെതന്നെ കൗതുകമുള്ള സംഭവമായി.
മഞ്ചേശ്വരത്ത് ഒരുക്കല്‍ക്കൂടി പരാജയം ഏറ്റുവാങ്ങിയ സുരേന്ദ്രന്‍, കോന്നിയിലും രണ്ടാം പരാജയമാണ് ഏറ്റുവാങ്ങിയത്. 2016ല്‍ മഞ്ചേശ്വരത്ത് 89 വോട്ടിനാണ് തോറ്റതെങ്കില്‍ 2021ല്‍ പരാജയത്തിന്റെ ആഴം കൂടി.
ശബരിമല സമര നായകന്‍ എന്ന പരിവേഷത്തോടെ പത്തനംതിട്ട ജില്ലയിലെ കോന്നിയില്‍ ഒരിക്കക്കല്‍ക്കൂടി പോരിനിറങ്ങിയ സുരേന്ദ്രന് അവിടെയും കാലിടറി.
2019ല്‍ ലോകസഭാ തെരഞ്ഞെടുപ്പില്‍ കോന്നി മണ്ഡലത്തില്‍ 40,000ല്‍ പരം വോട്ട് നേടിയ സുരേന്ദ്രന്‍ 2019ല്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 39,786 വോട്ടു നേടിയിരുന്നു. എന്നാല്‍ കേരളത്തില്‍ രണ്ട് മണ്ഡലങ്ങളില്‍ മത്സരിച്ച ഏക സ്ഥാനാര്‍ഥിയായ സുരേന്ദ്രന് ഇത്തവണയും കോന്നിയില്‍ മൂന്നാം സ്ഥാനമേ നേടാനായുള്ളൂ.
സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതില്‍ സുരേന്ദ്രന് വലിയ സ്വാതന്ത്ര്യമുണ്ടായിരുന്നു. രണ്ട് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ സുരേന്ദ്രന് അനുമതി നല്‍കിയതും അനിതരസാധാരണമായ നടപടിയായിരുന്നു.
ഇത്രയും വലിയ പിന്തുണ ലഭിച്ചിട്ടും കേരളത്തില്‍ പാര്‍ട്ടിക്ക് നേട്ടമുണ്ടാക്കാന്‍ കഴിയാതെ പോയതിലുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് സുരേന്ദ്രന് ഒഴിഞ്ഞുമാറാനാവില്ലെന്ന നിലപാടാണ് തെരഞ്ഞെടുപ്പിന് ശേഷം കേന്ദ്രനേതൃത്വം എടുത്തത്. ഇത് സുരേന്ദ്രന് വലിയ ക്ഷീണമാണുണ്ടാക്കിയത്. ഒരുവേള അദ്ദേഹം അധ്യക്ഷ സ്ഥാനം ഒഴിയും എന്നതരത്തിലുള്ള ചര്‍ച്ചകള്‍ വരെ നടന്നു.