അറുതിയില്ലാത്ത പകല്‍ക്കൊള്ള; ലയനത്തിന്റെ മറവില്‍ ഇടപാടുകാരെ പിഴിഞ്ഞ് എസ്.ബി.ഐ
economic issues
അറുതിയില്ലാത്ത പകല്‍ക്കൊള്ള; ലയനത്തിന്റെ മറവില്‍ ഇടപാടുകാരെ പിഴിഞ്ഞ് എസ്.ബി.ഐ
നയീമ രഹ്ന
Friday, 22nd December 2017, 1:34 pm

അനാവശ്യമായി ചാര്‍ജ് ഈടാക്കുന്നതിന്റെ പേരില്‍ എസ്.ബി.ഐയ്ക്കെതിരെ അടുത്തകാലത്ത് ഉപഭോക്താക്കളില്‍ നിന്നും ഒട്ടേറെ പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ എസ്.ബി.ഐ എസ്.ബി.ടി ലയനവും ഉപഭോക്താക്കള്‍ക്ക് പണം നഷ്ടമാകാന്‍ കാരണമാകുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

കോഴിക്കോട് സ്വദേശിയായ യുവാവ് അദ്ദേഹത്തിനുണ്ടായ അനുഭവം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചതോടെയാണ് ഇത്തരമൊരു വിഷയം ശ്രദ്ധയില്‍പ്പെട്ടത്. ഷോപ്പിങ് കഴിഞ്ഞ് ബില്ല് നല്‍കാനായി ഡെബിറ്റ് കാര്‍ഡ് നല്‍കിയപ്പോഴാണ് എസ്.ബി.ടി അക്കൗണ്ടില്‍ നിന്നും 13000രൂപയോളം ആരോ പിന്‍വലിച്ചെന്ന കാര്യം താന്‍ അറിഞ്ഞതെന്നാണ് അദ്ദേഹം കുറിച്ചത്.

എസ്.ബി.ടിയും എസ്.ബി.ഐയും ലയിക്കുന്നതിനും നാലുവര്‍ഷം മുമ്പ് ഇദ്ദേഹം എസ്.ബി.ഐയില്‍ നിന്നും ലോണ്‍ എടുത്തിരുന്നു. ഇതിനായി എസ്.ബി.ഐയില്‍ ഒരു ജോയിന്റ് അക്കൗണ്ട് തുടങ്ങുകയും ചെയ്തിരുന്നു. 13,300 രൂപയാണ് മാസം തോറും ഇ.എം.ഐ ആയി അടക്കേണ്ടത്.

ഇതിനു പുറമേ അദ്ദേഹത്തിന് മറ്റൊരു എസ്.ബി.ടി അക്കൗണ്ടു കൂടിയുണ്ടായിരുന്നു. ലയനത്തിനു പിന്നാലെ ഇ.എം.ഐ ഇനത്തില്‍ അടക്കേണ്ട 13,300 രൂപ ഈ രണ്ടു അക്കൗണ്ടുകളില്‍ നിന്നും ഒരേപോലെ പിടിക്കുകയായിരുന്നു. സാലറി അക്കൗണ്ടില്‍നിന്ന് ഇ.എം.ഐ തുക പിടിക്കാന്‍ യാതൊരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്നിരിക്കെയാണ് തന്റെ അറിവോ സമ്മതമോ ഇല്ലാതെ അക്കൗണ്ടിലെ പണം മാറ്റിയിരിക്കുന്നതെന്നാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നത്.

Related image

 

ബാങ്ക് അധികൃതര്‍ക്കുപോലും ഈ വിഷയത്തില്‍ യാതൊരു വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. “അക്കൗണ്ടിലെ പണം നഷ്ടപെട്ടതിനെ ചോദ്യങ്ങള്‍ക്കൊന്നും തന്നെ ബ്രാഞ്ച് മാനേജര്‍ക്ക് വ്യക്തമായ മറുപടി നല്‍കാനും കഴിഞ്ഞിട്ടില്ല. നിങ്ങളുടെ പണം ഞങ്ങള്‍ എടുത്തിട്ടില്ലെന്നും എടുത്തിടത്തു പോയി ചോദിക്കൂ എന്നുമായിരുന്നു ബ്രാഞ്ചില്‍ നിന്നും ഇദ്ദേഹത്തിന് ആദ്യം ലഭിച്ച മറുപടി. വീണ്ടും പരാതിയുമായി ചെന്നപ്പോള്‍ ഇ.എം.ഐ അടയ്ക്കാത്തതുകൊണ്ട് പിടിച്ചതായിരിക്കും അല്ലങ്കില്‍ ഫ്രീസ് ചെയ്തതായിരിക്കും എന്നായിരുന്നു ബാങ്കില്‍ നിന്നും ലഭിച്ച മറുപടി.” എന്നാണ് അദ്ദേഹം പറയുന്നത്.

പിന്നീട് രണ്ട് അക്കൗണ്ടിന്റെയും ആറുമാസത്തെ സ്റ്റേറ്റ്‌മെന്റ് പ്രിന്റെടുത്ത് രണ്ട് അക്കൗണ്ടില്‍ നിന്നും ഒരേ ദിവസം 13,300 രൂപ ഇ.എം.ഐ പിടിച്ചിരിക്കുന്നതിന്റെ തെളിവ് നിരത്തിയപ്പോഴാണ് എസ്.ബി.ഐയുടെ റീജിയണല്‍ ഓഫീസില്‍ നിന്ന് വിളിച്ച് അത് അവരുടെ അബദ്ധമാണെന്ന് സമ്മതിച്ചതെന്നും അദ്ദേഹം പറയുന്നു.

ബാങ്ക് ലയനത്തിനു പിന്നാലെ സര്‍വ്വറിലുണ്ടായ ആശയക്കുഴപ്പമാണ് ഇത്തരത്തില്‍ പണം നഷ്ടപ്പെടാന്‍ കാരണമെന്നാണ് ബാങ്ക് അധികൃതര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ ബാങ്കുകളുടെ ഇത്തരത്തിലുള്ള പകല്‍കൊള്ള പലരും അറിയാതെ പോകുകയാണെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. അക്കൗണ്ടുകളില്‍ എന്തു നടക്കുന്നു പണം എങ്ങോട്ടു പോകുന്നു എന്നൊന്നും പലരും അറിയില്ല. അറിഞ്ഞാല്‍ തന്നെയും നിരവധി തവണ ഇതിന്റെ പിന്നാലെ നടന്നാല്‍ പോലും പോയ പണം തിരിച്ചു കിട്ടുന്നവര്‍ വളരെ ചുരുക്കമാണെന്നും അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു.

Image result for sbi sbt merger

 

ലയനത്തോടെ സംസ്ഥാനത്തെ മുഴുവന്‍ എസ്.ബി.ടി. ഇടപാടുകാരും എസ്.ബി.ഐ.യുടെ ഇടപാടുകാരായി മാറിയിട്ടുണ്ടെങ്കിലും ലയനം നടത്തുമ്പോള്‍ പാലിക്കേണ്ട നടപടികള്‍ കൃത്യമായി പാലിക്കാത്തതുകൊണ്ടും സാങ്കേതികമായ പ്രശ്‌നങ്ങളുടെ പേര് പറഞ്ഞും സര്‍വ്വീസ് ചാര്‍ജുകളെന്ന പേരിലും പണം ഈടാക്കി ഇടപാടുകാരുടെ നട്ടെല്ല് ഒടിക്കുന്ന സമീപനമാണ് എസ്.ബി.ഐ യുടെ ഭാഗത്തു നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ബാങ്കിങ് പ്രത്യക്ഷത്തിലും അല്ലാതെയുമൊക്കെ ഇടപാടുകാരില്‍ നിന്നും കൃത്യമായ പിടിച്ചുപറിയാണ് എസ്.ബി.ഐ നടത്തിക്കൊണ്ടിരിക്കുന്നതെന്നാണ് ഉപഭോക്താക്കള്‍ ഒന്നടങ്കം പറയുന്നത്.

രാജ്യത്തെ ഏറ്റവും വലിയ ബാങ്കായി എസ്.ബി.ഐയെ ഉയര്‍ത്തുന്നതിനായി 2017 ഏപ്രില്‍ ഒന്നിനാണ് എസ്.ബി.ടി. ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ എസ്.ബി.ഐയിലേക്ക് ലയിപ്പിച്ചത്. എസ്.ബി.ഐയിലും എസ്.ബി.ടി.യിലും അക്കൗണ്ട് ഉള്ളവര്‍ക്ക് ഏപ്രില്‍ 23 വരെ രണ്ടും ഉപയോഗിക്കാമെന്നും ശേഷം ഇരു ബാങ്കുകളുടെയും സോഫ്റ്റ് വെയര്‍ ഒന്നാവുന്നതോടെ ഒരേ പേരിലുള്ള അക്കൗണ്ടുകള്‍ ഒന്നാവുമെന്ന നിബന്ധനയോടെയായിരുന്നു നടപടി.

എന്നാല്‍ ലയന നടപടികള്‍ പൂര്‍ത്തിയായതോടെ ഉപഭോക്താക്കളെ പരമാവധി പിഴിയാനുള്ള നടപടികളായിരുന്നു ഒരു പൊതുമേഖലാ സ്ഥാപനം കൂടിയായ എസ്.ബി.ഐയുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നാണ് ഉപഭോക്താക്കള്‍ ആരോപിക്കുന്നത്. നൂറിലധികം സര്‍വീസുകള്‍ക്കാണ് എസ്.ബി.ഐ സര്‍വീസ് ചാര്‍ജുകള്‍ പുതുക്കി നിശ്ചയിക്കുകയോ ഏര്‍പെടുത്തുകയോ ചെയ്തത്.

എസ്.ബി.ടി അക്കൗണ്ടുകള്‍ എസ്.ബി.ഐയിലേക്ക് മാറിയതോടെ എസ്.ബി.ടി. ഉപഭോക്താക്കളും ഈ പിഴ നല്‍കേണ്ടിവന്നു. നിരക്കുകള്‍ കുത്തനെ വര്‍ധിപ്പിച്ച എസ്.ബി.ഐ ലോക്കര്‍ ചാര്‍ജ് മാത്രം ഒറ്റയടിക്ക് ആയിരം രൂപയില്‍ നിന്ന് മൂവായിരം രൂപയാക്കിയാണ് വര്‍ധിപ്പിച്ചത്.

ഒരു ബാങ്ക് ശാഖകള്‍ വഴി നാല് തവണയാണ് പണം പിന്‍വലിക്കാന്‍ സൗജന്യമായി സാധിക്കുന്നത്. എ.ടി.എം പിന്‍വലിക്കലുകളും ഇതില്‍ ഉള്‍പ്പെടും. അതിന് മുകളില്‍ ബാങ്ക് ശാഖകളില്‍ നിന്ന് പണം പിന്‍വലിച്ചാല്‍ പോലും 50 രൂപ വീതം നല്‍കണം. ഇതോടൊപ്പം അനുവദിച്ചതിലും കൂടുതല്‍ എ.ടി.എം ഇടപാടുകള്‍ നടത്തിയാലും ഫീസ് നല്‍കണമെന്നാണ് വ്യവസ്ഥയും കൊണ്ടുവന്നിരുന്നു.

Image result for sbi sbt merger

 

സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ ഒരു മാസം പണമായി നിക്ഷേപിക്കാവുന്ന തുക പരമാവധി ഒരുലക്ഷം രൂപയാക്കി വ്യവസ്ഥ ചെയ്ത ബാങ്ക് ഓരോ തവണ കൂടുതലായി പണം നിക്ഷേപിക്കുന്നതിനും 50 രൂപ് സേവന നികുതി ഈടാക്കി വരുന്നു. ഒരു ലക്ഷത്തിനു മുകളില്‍ നിക്ഷേപം നടത്തുന്ന ഓരോ 1,000 രൂപയ്ക്കും 1.25 രൂപയാണ് ഈടാക്കുന്നത്.

ഈ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ തന്നെയും ഓരോ മൂന്നു മാസക്കാലവും ശരാശരി ബാലന്‍സ് 15,000 രൂപയില്‍ താഴെ എത്തിയാല്‍ ഡെബിറ്റ് കാര്‍ഡ് ചാര്‍ജായി 30 രൂപയും നല്‍കണം.

ഹൗസിങ് ലോണുകളും കാര്‍ഷിക ലോണുകളുമാണ് ഇടപാടുകാരറിയാതെ പണം ഊറ്റുന്നതിലെ ബാങ്കിന്റെ മറ്റു പ്രധാന മേഖലകള്‍. തുടക്കത്തിലെ പലിശ നിരക്കില്‍ ഇടപാടു കാരറിയാടെ വര്‍ധന വരുത്തിയും കണക്കില്‍ കാണിക്കാതെ പലിശ തുകയില്‍ അധിക തുക ഈടാക്കിയും എസ്.ബി. ഐ ഇടപാടുകാരെ പിഴിയുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്.

“എസ്.ബി.ഐയില്‍ നിന്നും 8 ശതമാനം പലിശ നിരക്കില്‍ ഹൗസിങ് ലോണെടുത്തപ്പോള്‍ പലിശയും മുതലും അക്കൗണ്ടില്‍ നിന്നും കൃത്യമായി പിടിച്ചുപോവുകയാണ് ചെയ്യുന്നത്. എന്നാല്‍ കുറച്ചു കഴിഞ്ഞപ്പോള്‍ പലിശ പൊടുന്നനെ 12.5 ശതമാനക്കി ഉയര്‍ത്തി. നിരവധി തവണ പരാതി കൊടുത്തപ്പോഴാണ് പലിശ ശതമാനം പഴയപടിയാക്കാമെന്ന് ഉറപ്പു നല്‍കിയത്. ഇത്തരത്തില്‍ നിരവധി മാര്‍ഗ്ഗങ്ങളിലൂടെയാണ് എസ്.ബി.ഐ ഇടപാടുകാരെ വഞ്ചിക്കുന്നതെന്ന്” ജേക്കബ് പത്തലില്‍ എന്ന കസ്റ്റമര്‍ പറഞ്ഞു.

അതു പോലെ എസ്.ബി.ഐയില്‍ നിന്നും എടുത്ത ഹൌസിങ് ലോണ്‍ കൃത്യമായി അടച്ചിട്ടും തന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്നും കഴിഞ്ഞ മാസം 4000 രൂപയോളം പിന്‍വലിച്ചതായി കോഴിക്കോട് ബ്രാഞ്ചിലെ എസ്.ബി.ഐ കസ്റ്റമറായ ഹരി പറയുന്നു.

സ്വര്‍ണപണയത്തിനുമേല്‍ കാര്‍ഷിക ലോണെടുക്കുന്ന ഇടപാടുകാരും ചൂഷണത്തിന് ഇരയാവുന്നുണ്ടെന്നാണ് ഉപഭോക്താക്കള്‍ പറയുന്നത്. എസ്.ബി.ഐയുടെ കോഴിക്കോട് ജില്ലയിലെ ഒരു ബ്രാഞ്ചില്‍ നിന്നും ഒരു ലക്ഷത്തി എണ്‍പത്തിഅയ്യായിരം രൂപ നാലു ശതമാനം പലിശ നിരക്കില്‍ സ്വര്‍ണപണയ വായ്പയെടുത്ത ഒരു കസ്റ്റമര്‍ പറയുന്നത് കാലാവധി തികയുന്നതിന് ഒരു ദിവസം മുമ്പ് വായ്പ തുക തിരിച്ചടച്ചപ്പോള്‍ ഈടാക്കിയത് ഒരു ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി എണ്ണൂറ്റി ഇരുപത് രൂപയാണെന്നാണ്. അതായത് ഏഴുശതമാനം പലിശ കണക്കാക്കിയാലും 420 രൂപ അധികം. കാര്യം തിരക്കിയപ്പോള്‍ ഇദ്ദേഹത്തിന് കിട്ടിയ രേഖയില്‍ പറയുന്നത് ഗോള്‍ഡ് കീപ്പിങ് ചാര്‍ജെന്ന പേരില്‍ ഇരുന്നൂറ്റിമുപ്പത് രൂപ ഈടാക്കിയെന്നാണ്. എന്നാല്‍ 190 രൂപ എന്തിനാണ് പിടിച്ചതെനന ചോദ്യത്തിന് ബാങ്കിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയുമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു.

Image result for എസ്.ബി.ഐ-എസ്.ബി.ടി ലയനം

 

ഇതുപോലെ കേരളത്തിലെ മിക്ക എസ്.ബി.ഐ ബ്രാഞ്ചുകളിലും സമാനമായ തട്ടിപ്പ് നടക്കുന്നുണ്ട്. ഇടപാടുകാരറിയാതെ കോടിക്കണക്കിന് രൂപയാണ് എസ്.ബി.ഐ ഇത്തരത്തില്‍ തട്ടിയെടുക്കുന്നത്. ലോണും പലിശയും തിരിച്ചടച്ച ശേഷവും പലിശയിനത്തില്‍ പതിനായിരങ്ങള്‍ പിന്‍വലിക്കുന്നതായി നിരവധി ഇടപാടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. സേവിങ്സ് അക്കൗണ്ടായതുകൊണ്ടു തന്നെ പലരും പിന്നീടെപ്പോഴെങ്കിലും ബാലന്‍സ് പരിശോധിക്കുമ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. പക്ഷേ പണം നഷ്ടപ്പെട്ട് ബ്രാഞ്ചില്‍ പോയി അന്വേഷിച്ചാല്‍ തങ്ങള്‍ക്കറിയില്ലെന്ന് കൈമലര്‍ത്തുന്ന ബാങ്കുകാരുടെ നടപടിയും ഇടപാടുകാരെ കൂടുതല്‍ വെട്ടിലാക്കുന്നു.

6 മാസം മുമ്പ് തന്റെ വാഴക്കാല ബ്രാഞ്ചിലെ എസ്.ബി.ഐ അക്കൗണ്ടില്‍ നിന്നും യാതൊരു കാരണവുമില്ലാതെ 6000 രൂപ അപ്രത്യക്ഷമായതായി ശരീഫ് മുട്ടം എന്നയാള്‍ പറയുന്നു. കുറച്ച് മാസം ഇതിന്റെ പിന്നാലെ നടന്നതുകൊണ്ടു മാത്രമാണ് പണം തിരികെ കിട്ടിയതെന്നും ഇയാള്‍ പറയുന്നു. മറ്റൊരു കസ്റ്റമറിനും ഇതുപോലെ 4000 രൂപ നഷ്ടപ്പെട്ടതോടെ ബാങ്കുമായി ബന്ധപ്പെട്ടപ്പോള്‍ കസ്റ്റമര്‍കെയറില്‍ വിളിക്കാനാണ് പറഞ്ഞത്. ആ നമ്പറില്‍ വിളിക്കുമ്പോള്‍ അത് നിലവില്ലെന്ന മറുപടിയാണ് ലഭിച്ചത്. പണം നഷ്ടപ്പെട്ടിട്ട ദിവസങ്ങളായെങ്കിലും ബാങ്കിലേക്ക് വിളിച്ചോണ്ടിരിക്കുകയല്ലാതെ ഇതില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും അവര്‍ പറയുന്നു.

ബാങ്കിങ് വഴിയുള്ള ഇടപാടുകള്‍ക്ക് മാത്രമല്ല ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകളിലും ഇടപാടുകാരെ വ്യാപകമായി ചൂഷണം ചെയ്യുന്നുണ്ടെന്നു ഈ മേഖലയുമായി ബന്ധപെട്ട് പ്രവര്‍ത്തിക്കുന്ന വിഷ്ണു ജെ പറയുന്നു. “ഓണ്‍ലൈന്‍, മൊബൈല്‍ പണമിടപാടുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ് ഈടാക്കുന്നുണ്ട്. കൂടാതെ ബിസിനസ് കറസ്പോണ്ടന്റുമാര്‍ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും സര്‍വീസ് ചാര്‍ജ് നല്‍കണം. ഐ.എം.പി.എസ് വഴിയുള്ള അതിവേഗ ട്രാന്‍സ്ഫറുകള്‍ക്കും സര്‍വ്വീസ് ചാര്‍ജ്ജ് പുതുക്കി നിശ്ചയിച്ചു . ഒരു ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 5 രൂപയും ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപ വരെ 15 രൂപയും രണ്ട് ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ 25 രൂപയുമാണ് നിലവില്‍ ഈടാക്കുന്നത്. പണത്തിന്റെ മൂല്യമനുസരിച്ചാണ് ചാര്‍ജ് ഈടാക്കുന്നത്. മാത്രമല്ല ഇപ്പോള്‍ ചെക്കു ബുക്ക് ലഭിക്കണമെങ്കിലും പണം നല്‍കണം. 10 ലീഫുകളുള്ള ചെക്ക് ബുക്കിന് 30 രൂപയും 20 ലീഫുള്ള ചെക്കു ബുക്കിന് 75 രൂപയും 50 ലീഫുള്ള ചെക്കു ബുക്കിന് 150 രൂപയും ഈടാക്കും. നേരത്തെ ഇത് സൗജന്യമായിരുന്നു. അതേ പോലെ റൂപേ കാര്‍ഡ് മാത്രമേ ഇപ്പോള്‍ സൗജന്യമായി നല്‍കുകയുള്ളൂ. മറ്റ് എ.ടി.എം കാര്‍ഡുകള്‍ വേണമെങ്കില്‍ പണം ഈടാക്കും ” അദ്ദേഹം പറഞ്ഞു.

എസ്.ബി.ഐയുടെ ഇത്തരം നടപടികള്‍ മൂലം പല കസ്റ്റമറും അക്കൗണ്ട് ഉപേക്ഷിക്കാനുള്ള തീരുമാനത്തിലാണ്. ഒരു ഉപഭോക്താവെന്ന നിലയില്‍ തങ്ങളുടെ പണത്തിന് യാതൊരു സുരക്ഷയും നല്‍കാതെ സേവങ്ങളുടെ മറവില്‍ കൊള്ളലാഭം നടത്തിക്കൊണ്ടിരിക്കുന്ന എസ്.ബി.ഐ യുടെ നടപടി ഇടപാടുകാര്‍ക്ക് ഒരു ബാധ്യതയായി മാറിയിരിക്കുകയാണ്. ഇതോടെ നിരവധി പേര്‍ തങ്ങളുടെ അക്കൗണ്ട് ഉപേക്ഷിച്ച് മറ്റു സ്വകാര്യ ബാങ്കുകളെയോ ആശ്രയിക്കേണ്ട ഗതികേടിലാണിപ്പോള്‍.

“എസ്.ബി.ഐ അക്കൗണ്ടുകളെക്കുറിച്ച് വ്യാപകമായി പരാതി ലഭിക്കുന്നത് കൊണ്ടുതന്നെ സാധാരണയായി ഞാന്‍ അക്കൗണ്ടില്‍ അധികകാലം പണം സൂക്ഷിക്കാറില്ല. മിനിമം ബാലന്‍സിന്റെ പേരില്‍ കഴിഞ്ഞ ഒക്ടോബര്‍ മാസത്തില്‍ രണ്ട് തവണയാണ് അവര്‍ എന്റെ പൈസ പിന്‍വലിച്ചത്. ഔക്ടോബറില്‍ 129 രൂപ പിന്‍വലിച്ച അവര്‍ ഇതേമാസം 31 ന് വീണ്ടും 23 രൂപ പിടിച്ചു. നവംബറില്‍ 15 രൂപ പിടിച്ചു. മെസേജ് വരാത്തത് കൊണ്ടു തന്നെ കാര്യം അറിയാറില്ല. സൈറ്റില്‍ പോയി ചെക്ക് ചെയ്തപ്പോഴാണ് ഇത്തരത്തില്‍ ഒരേ മാസത്തില്‍ തന്നെ പലതവണ പണം ഈടാക്കിയതായി കാണുന്നത്. മാത്രമല്ല ഒരു തവണ പണത്തിന് അത്യാവശ്യമായ സമയത്ത് സുഹൃത്തിനെക്കൊണ്ട് എന്റെ അക്കൗണ്ടിലേക്ക് പൈസ ട്രാന്‍സ്ഫര്‍ ചെയ്യിച്ചു. എന്നാല്‍ എന്തോ ഇറര്‍ മൂലം പണം ട്രാന്‍സ്ഫര്‍ ആയിരുന്നില്ല. ഈ സമയത്ത് ഞാന്‍ എ.ടി.എമ്മില്‍ നിന്നും രണ്ടു മൂന്ന് തവണ പൈസ കയറിയോ എന്ന് ചെക്ക് ചെയ്യുകയുണ്ടായി. ഇതുമാത്രമല്ല ഇവരുടെ തട്ടിപ്പ്. ഞാന്‍ വര്‍ക്ക് ചെയ്യുന്ന തിരൂരിലെ എസ്.ബി.ടിയുടെ എ.ടി.എം ഇപ്പോള്‍ വര്‍ക്ക് ചെയ്യുന്നില്ല. എന്നാല്‍ ഇവിടെ പോലും ബാലന്‍സ് ചെക്ക് ചെയ്തതിന്റെ പേരില്‍ അവര്‍ പണം ഈടാക്കിയിട്ടുണ്ട്. ഇതുമൂലം എസ്.ബി.ഐയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് മറ്റേതെങ്കിലും ബാങ്കില്‍ അക്കൗണ്ട് തുടങ്ങാനാണ് ആലോചിക്കുന്നതെന്നും” സാജിദ് എ.കെ എന്ന കസ്റ്റമര്‍ ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇടപാടുകാരെ പിഴിഞ്ഞുള്ള എസ്.ബി.ഐ യുടെ ഈ പകല്‍കൊള്ളയുടെ ഇരകള്‍ യഥാര്‍ത്ഥത്തില്‍ സാധാരണക്കാര്‍ മാത്രമാണ്.

സ്വകാര്യ പുതുതലമുറ ബാങ്കുകളെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് എസ്.ബി.ഐ ഇതിലൂടെ നടത്തുന്നതെന്ന ആക്ഷേപവും ശക്തമാണ്. അവസരം മുതലാക്കാന്‍ എച്ച്.ഡി.എഫ്.സി, ഐ.സി.ഐ.സി.ഐ, ആക്സിസ് അടക്കമുള്ള പുതുതലമുറ ബാങ്കുകള്‍ സജീവമായി രംഗത്തുണ്ട്.