Kerala News
സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നു; എമ്പുരാനെതിരെ ഹൈക്കോടതിയില്‍ ഹരജി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Tuesday, 1st April 2025, 12:53 pm

കൊച്ചി: എമ്പുരാന്റെ പ്രദര്‍ശനം തടയണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ബി.ജെ.പി തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗമായ വിജേഷാണ് ഹരജി ഫയല്‍ ചെയ്തത്. സിനിമ രാജ്യവിരുദ്ധത പ്രചരിപ്പിക്കുന്നതും മതവിദ്വേഷത്തിന് വഴിമരുന്നിടുന്നതെന്നും കാണിച്ചാണ് ഹരജി.

രാജ്യത്തെ അന്വേഷണ ഏജന്‍സികളെ അടക്കം വികലമായി ചിത്രീകരിക്കുന്ന സിനിമയാണ് എമ്പുരാനെന്നും ദേശീയ അന്വേഷണ ഏജന്‍സിയെയും പ്രതിരോധ മന്ത്രാലയത്തെയും എമ്പുരാന്‍ മോശമായി ചിത്രീകരിക്കുന്നുവെന്നും ഹരജിയില്‍ പറയുന്നു.

എമ്പുരാന്‍ മതസ്പര്‍ദ്ധക്ക് വഴിയൊരുക്കുന്നുവെന്നും ബി.ജെ.പി അംഗം ഹരജിയില്‍ പറയുന്നുണ്ട്. സിനിമ ചരിത്രം വളച്ചൊടിക്കുന്നെന്നും ഗോധ്ര കലാപത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ഹരജിയില്‍ ആരോപിക്കുന്നു.

ഈ സാഹചര്യത്തില്‍ എമ്പുരാന്റെ പ്രദര്‍ശനം അടിയന്തരമായി തടയണമെന്നാണ് ഹരജിയില്‍ ആവശ്യപ്പെടുന്നത്.

കേന്ദ്ര ഫിലിം സെന്‍സര്‍ ബോര്‍ഡിനെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, സംസ്ഥാന ഡി.ജി.പി എന്നിവരെയും ഹരജിയില്‍ എതിര്‍ കക്ഷികളാക്കിയിട്ടുണ്ട്. എമ്പുരാനെതിരെ ഫയല്‍ ചെയ്യുന്ന ആദ്യ ഹരജി കൂടിയാണ് ഇത്.

അതേസമയം എമ്പുരാന്റെ പുതിയ പതിപ്പ് ഇനി തിയേറ്ററിലെത്തുക 17 ന് പകരം 24 വെട്ടോടെയായിരിക്കും. റീ എഡിറ്റിങ് കഴിഞ്ഞ ചിത്രത്തിലെ സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനും ഒഴിവാക്കിയിട്ടുണ്ട്. മത ചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നുപോകുന്ന രംഗങ്ങളും വെട്ടിമാറ്റി.

സ്ത്രീകള്‍ക്കെതിരായ അതിക്രമ സീനുകള്‍ മുഴുവനായും ഒഴിവാക്കുകയും പ്രധാന വില്ലന്‍ കഥാപാത്രവും വില്ലന്‍ കഥാപാത്രവുമായുള്ള സംഭാഷണത്തിനും വെട്ട് വീണിട്ടുണ്ട്. പ്രധാന വില്ലന്‍ കഥാപാത്രത്തിന്റെ പേര് ബല്‍ദേവ് എന്നാക്കി മാറ്റിയിട്ടുണ്ട്.

നേരത്തെ വില്ലന്റെ പേര് ബജ്റംഗി എന്നായിരുന്നു. ചിത്രത്തില്‍ എന്‍.ഐ.എ പരാമര്‍ശമുള്ള ഭാഗം മ്യൂട്ട് ചെയ്യുകയും നന്ദി കാര്‍ഡില്‍ നിന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ പേരും എടുത്തുകളയുകയും ചെയ്തിട്ടുണ്ട്.

സംഘപരിവാർ അനുകൂലികളുടെ കടുത്ത സൈബർ ആക്രമണത്തെ തുടർന്ന് സിനിമയുടെ നിർമാതാക്കൾ ഉൾപ്പെടെയുള്ളവർ ചിത്രത്തിലെ രംഗങ്ങൾ വെട്ടിമാറ്റാൻ നിർബന്ധിതരാകുകയായിരുന്നു.

Content Highlight: BJP filed Petition in High Court against Empuran