കക്ഷി രാഷ്ട്രീയം പറയില്ല, എന്നാല്‍ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക-വിഷയങ്ങളില്‍ അഭിപ്രായം പറയും; പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി
Kerala News
കക്ഷി രാഷ്ട്രീയം പറയില്ല, എന്നാല്‍ രാഷ്ട്രീയ സാമൂഹിക-സാംസ്‌കാരിക-വിഷയങ്ങളില്‍ അഭിപ്രായം പറയും; പ്രതിപക്ഷ നേതാവിന് സ്പീക്കറുടെ മറുപടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 25th May 2021, 11:31 am

തിരുവനന്തപുരം: സ്പീക്കര്‍ സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയുമെന്ന് പറഞ്ഞത് വേദനയുണ്ടാക്കിയെന്ന പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനത്തിന് മറുപടിയുമായി എം. ബി രാജേഷ്. സ്പീക്കര്‍ എന്ന നിലയില്‍ കക്ഷി രാഷ്ട്രീയം പറയുമെന്നല്ല ഉദ്ദേശിച്ചതെന്നും, പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയുമെന്നാണ് പറഞ്ഞതെന്നുമാണ് രാജേഷ് പറഞ്ഞത്.

സ്പീക്കര്‍ എന്ന നിലയില്‍ പാലിക്കേണ്ട അന്തസ്സും ഔചിത്യവും പാലിച്ചു കൊണ്ടായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ എന്നും അദ്ദേഹം പറഞ്ഞു.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന മാധ്യമങ്ങളില്‍ വന്ന പ്രസ്താവനയെക്കുറിച്ച് പ്രതിപക്ഷ നേതാവ് സൂചിപ്പിച്ചു. അങ്ങനൊരു പ്രസ്താവന മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കാണുമ്പോള്‍ പ്രതിപക്ഷ നേതാവിന് ഉണ്ടായ ആശങ്ക മറ്റു പലര്‍ക്കും ഉണ്ടായിട്ടുണ്ടാകും.

യഥാര്‍ത്ഥത്തില്‍ ഞാന്‍ പറഞ്ഞത്, കക്ഷിരാഷ്ട്രീയം പറയും എന്നല്ല, കക്ഷി രാഷ്ട്രീയത്തിന്റെ ഭാഗമായി സ്പീക്കര്‍ പ്രവര്‍ത്തിക്കുകയില്ല. എന്നാല്‍ സഭയ്ക്ക് പുറത്ത് ഉയര്‍ന്ന് വരുന്ന പൊതുവായ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക വിഷയങ്ങളില്‍ അഭിപ്രായം പറയും എന്നുള്ളതാണ്. ഈ ഉത്തരവാദിത്വത്തിന്റെ അന്തസ്സും നിര്‍വഹിക്കുമ്പോള്‍ പാലിക്കേണ്ട ഔചിത്യവും പാലിച്ചു കൊണ്ട് മാത്രായിരിക്കും അഭിപ്രായ പ്രകടനങ്ങള്‍ ഉണ്ടാവുക എന്ന് ഉറപ്പ് നല്‍കുന്നു,’ എം. ബി രാജേഷ് പറഞ്ഞു.

രാജേഷിന്റെ പരാമര്‍ശം വേദനയുണ്ടാക്കിയെന്ന് സതീശന്‍ പറഞ്ഞിരുന്നു. പരാമര്‍ശം ഒഴിവാക്കണമെന്നും അല്ലെങ്കില്‍ സഭയില്‍ തങ്ങള്‍ക്ക് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന് മറുപടി നല്‍കുകയായിരുന്നു എം. ബി രാജേഷ്.

‘സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറയും എന്ന എം.ബി രാജേഷിന്റെ പ്രസ്താവന വേദനിപ്പിച്ചു. അത്തരമൊരു പ്രസ്താവന കേരളത്തിന്റെ ചരിത്രത്തില്‍ ഈ സ്ഥാനത്തേക്ക് നിയോഗിക്കപ്പെട്ട ഒരാളില്‍നിന്നുമുണ്ടായിട്ടില്ല. സഭയ്ക്ക് പുറത്ത് രാഷ്ട്രീയം പറഞ്ഞാല്‍ സ്വാഭാവികമായും ഞങ്ങള്‍ക്കതിന് മറുപടി പറയേണ്ടി വരും. നിയമസഭയില്‍ വരുമ്പോള്‍ അത് ഒളിച്ചുവെക്കാന്‍ പ്രതിപക്ഷമായ തങ്ങള്‍ക്ക് കഴിയില്ല. അത് സഭാ പ്രവര്‍ത്തനത്തെ തടസപ്പെടുത്തും. അതുകൊണ്ട് അവ ഒഴിവാക്കണമെന്ന് അങ്ങയോട് വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുകയാണ്,’ എന്നായിരുന്നു വി. ഡി സതീശന്‍ നിയമസഭയില്‍ പറഞ്ഞത്.

നേരത്തെ 40 നെതിരെ 96 വോട്ടുകള്‍ക്കാണ് രാജേഷ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടത്. പി.സി വിഷ്ണുനാഥായിരുന്നു യു.ഡി.എഫ് സ്ഥാനാര്‍ത്ഥി.

കേരള നിയമസഭയുടെ 23-ാമത് സ്പീക്കറായാണ് രാജേഷ് തെരഞ്ഞെടുക്കപ്പെട്ടത്. ഡെപ്യൂട്ടി സ്പീക്കര്‍ തെരഞ്ഞെടുപ്പ് പിന്നീട് നടക്കും.

എം.പിയായിരുന്ന രാജേഷ് ഇതാദ്യമായാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. തൃത്താലയില്‍ വി.ടി ബല്‍റാമിനെ തോല്‍പ്പിച്ചാണ് നിയമസഭയിലെത്തിയത്. 99 സീറ്റാണ് എല്‍.ഡി.എഫിനുള്ളത്. 41 സീറ്റാണ് യു.ഡി.എഫിനുള്ളത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Content Highlight: Speaker reply to VD Satheeshan over ‘Political statement’