സ്വപ്‌നയുടെ മൊഴി അസംബന്ധം; വിദേശത്ത് നിക്ഷേപമില്ലെന്നും സ്പീക്കര്‍
Kerala News
സ്വപ്‌നയുടെ മൊഴി അസംബന്ധം; വിദേശത്ത് നിക്ഷേപമില്ലെന്നും സ്പീക്കര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 23rd March 2021, 6:05 pm

തിരുവനന്തപുരം: വിദേശത്ത് സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്ന സ്വപ്‌നയുടെ മൊഴി തള്ളി സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍. മൊഴി അസംബന്ധവും വസ്തുതാവിരുദ്ധവുമാണെന്നാണ് സ്പീക്കറുടെ വിശദീകരണം.

രാഷ്ട്രീയ താത്പര്യം വെച്ചുകൊണ്ടുള്ള പ്രവര്‍ത്തനമാണ് കേന്ദ്ര ഏജന്‍സികള്‍ നടത്തുന്നത്. ഒമാനില്‍ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്ന പൊന്നാനി സ്വദേശി ലസീര്‍ അഹമ്മദിനെ പരിചയമുണ്ട്. പക്ഷെ അതിന്റെ പേരില്‍ തനിക്കെതിരെ നിക്ഷേപമുണ്ടെന്ന് പറയുന്നത് അങ്ങേയറ്റം അബദ്ധമാണെന്നും സ്പീക്കര്‍ പറഞ്ഞു.

മൊഴിയില്‍ പറയുന്ന പോലെ ഷാര്‍ജ ഭരണാധികാരിയുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചിട്ടില്ല, മാസങ്ങളായി അന്വേഷണ ഏജന്‍സികളുടെ കസ്റ്റഡിയില്‍ ഇരിക്കുന്ന പ്രതി എട്ടോളം മൊഴികള്‍ നല്‍കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇതൊന്നും വിശ്വസനീയമല്ലെന്നാണ് സ്പീക്കര്‍ പറഞ്ഞത്.

സ്പീക്കര്‍ വിദേശത്ത് വിദ്യാഭ്യാസ സ്ഥാപനം തുടങ്ങാന്‍ പദ്ധതിയിട്ടുവെന്നാണ് സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നത്. ക്രൈം ബ്രാഞ്ചിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ നല്‍കിയ ഹരജിയിലാണ് സ്വപ്നയുടെ മൊഴി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഷാര്‍ജയില്‍ മിഡില്‍ ഈസ്റ്റ് കോളേജിന്റെ ബ്രാഞ്ച് തുടങ്ങാനായിരുന്നു സ്പീക്കറുടെ നീക്കമെന്നും ഈ സ്ഥാപനത്തിന് സൗജന്യമായി ഭൂമി കിട്ടാനായി ഷാര്‍ജ ഭരണാധികാരിയുമായി കൂടിക്കാഴ്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു. യു.എ.ഇ കോണ്‍സുലേറ്റ് ജനറലിന്റെ സഹായത്തോടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. തിരുവനന്തപുരത്തെ ലീല പാലസ് ഹോട്ടലില്‍ വെച്ചായിരുന്നു കൂടിക്കാഴ്ചയെന്നും പറയുന്നു

ഈ കൂടിക്കാഴ്ചയില്‍ ഭൂമി അനുവദിക്കാന്‍ വാക്കാല്‍ ധാരണയായെന്നും പിന്നീട് ഈ ആവശ്യത്തിനായി യു.എ.ഇ സന്ദര്‍ശിച്ച് മറ്റു ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും മൊഴിയില്‍ പറയുന്നു.

പൊന്നാനി സ്വദേശി ലസീറിന്റെ ഉടമസ്ഥതയിലുള്ളതാണ് മിഡില്‍ ഈസ്റ്റ് കോളേജ്. തിരുവനന്തപുരം സ്വദേശിയായ ഹിരണ്‍ എന്നയാള്‍ക്കും ഇതില്‍ പങ്കാളിത്തമുണ്ട്. ശ്രീരാമകൃഷ്ണനും ഇതില്‍ നിക്ഷേപമുള്ളതായി മൊഴിയിലുണ്ട്. ഈ കോളേജിന്റെ വിവിധ ശാഖകള്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ആരംഭിക്കാനായിരുന്നു അദ്ദേഹത്തിന്റെ പദ്ധതിയെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

നേരത്തെ തന്നെ ശ്രീരാമകൃഷ്ണന് ഇതുമായി ബന്ധപ്പെട്ട നോട്ടീസ് ഇ.ഡി അയച്ചിരുന്നു. എന്നാല്‍ അദ്ദേഹം ഹാജരാകാന്‍ തയ്യാറായിരുന്നില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Speaker explanation on swapna suresh’s statement against him