സിയോള്‍: ദക്ഷിണക്കൊറിയന്‍ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂവിനെ ഇംപീച്ച് ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) നടന്ന ഇംപീച്ച്മെന്റ് പ്രമേയം 192-0 വോട്ടിന് നിയമസഭ അംഗീകരിച്ചു.
സിയോള്‍: ദക്ഷിണക്കൊറിയന്‍ ആക്ടിങ് പ്രസിഡന്റ് ഹാന്‍ ഡക്ക് സൂവിനെ ഇംപീച്ച് ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) നടന്ന ഇംപീച്ച്മെന്റ് പ്രമേയം 192-0 വോട്ടിന് നിയമസഭ അംഗീകരിച്ചു.
ഭരണകക്ഷി നിയമസഭാംഗങ്ങള്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. എന്നാല്‍ പ്രതിപക്ഷത്തിനായിരുന്നു ദേശീയ അസംബ്ലിയില്‍ മുന്‍തൂക്കം.
മുന്‍ പ്രസിഡന്റ് യുന്‍ സുക് യോളിനെ പട്ടാള നിയമം പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സമാനമായ രീതിയില്‍ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് ഇടക്കാല പ്രസിഡന്റായി ഡക്ക് സൂവിനെ തെരഞ്ഞെടുത്തത്.
‘പ്രധാനമന്ത്രി ഹാന്‍ ഡക്ക് സൂവിന്റെ ഇംപീച്ച്മെന്റ് പ്രമേയം പാസായതായി ഞാന്‍ പ്രഖ്യാപിക്കുന്നു. വോട്ട് ചെയ്ത 192 നിയമനിര്‍മാതാക്കളില്‍ 192 പേരും ഇംപീച്ചിനെ അനുകൂലിച്ചു,’ നാഷണല്‍ അസംബ്ലി സ്പീക്കര്‍ വൂ വോണ്‍ ഷിക്ക് പറഞ്ഞു.
ഇതാദ്യമായാണ് ദക്ഷിണ കൊറിയയില്‍ ഒരു ആക്ടിങ് പ്രസിഡന്റിനെ ഇംപീച്ച്‌മെന്റിലൂടെ പുറത്താക്കുന്നത്. 300 അംഗ പാര്‍ലമെന്റില്‍ ആക്ടിങ് പ്രസിഡന്റിനെ ഇംപീച്ച്മെന്റ് ചെയ്യാന്‍ 151 വോട്ടുകളാണ് വേണ്ടത്.
ഇനി പാര്‍ലമെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിക്കുന്നപക്ഷം ഡക്ക് സൂവിനെ ചുമതലകളില്‍ നിന്ന് നീക്കം ചെയ്യും. മുന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന്റെ ഇംപീച്ച്‌മെന്റ് നടപടി പൂര്‍ത്തിയാവണമെങ്കില്‍ ഭരണഘടനാ കോടതി അതിനെ അംഗീകരിക്കേണ്ടതുണ്ട്. ഈ പാനലിലേക്ക് മൂന്ന് ജഡ്ജിമാരെ പാര്‍ലമെന്റ് തെരഞ്ഞെടുത്തിരുന്നു. എന്നാല്‍ ഹാന്‍ ഡക്ക് ഈ മൂന്ന് ജഡ്ജിമാരെ ഭരണഘടനാ കോടതിയിലേക്ക് നിയമിക്കില്ലെന്ന് അറിയിച്ചതോടെയാണ് പ്രതിപക്ഷം ഹാന്‍ ഡക്കിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം കൊണ്ടുവന്നത്.
ദക്ഷിണ കൊറിയയില്‍ ഇംപീച്ച്‌മെന്റ് അംഗീകരിക്കുന്ന ഭരണഘടനാ കോടതിയില്‍ ഒമ്പത് ജഡ്ജിമാര്‍ വേണം. ചുരുങ്ങിയത് ആറ് ജഡ്ജഡിമാരുടെ പിന്തുണ ഉണ്ടെങ്കില്‍ ഇംപീച്ച്‌മെന്റ് നടപ്പിലാക്കപ്പെടും. അതിനാല്‍ നിലവില്‍ ഉള്ള ആറ് ജഡ്ജിമാര്‍ക്കൊപ്പം ഇപ്പോള്‍ പാര്‍ലമെന്റ് നിര്‍ദേശിച്ച് മൂന്ന് പേരെകൂടി ചേര്‍ത്ത് അവരുടെ പിന്തുണയോടെ ഇംപീച്ച്‌മെന്റ് പൂര്‍ണമായും പ്രാവര്‍ത്തികമാക്കാനുള്ള ശ്രമത്തിനാണ് ഹാന്‍ ഡക്ക് തടസം നിന്നത്. എന്നാല്‍ ആ ഒമ്പത് ജഡ്ജിമാരില്‍ ഒരാളെങ്കിലും ഇംപീച്ച്‌മെന്റ് പ്രമേയത്തെ എതിര്‍ത്താല്‍ അത് മുന്‍ പ്രസിഡന്റ് സുക് യോക് യോളിന് അനുകൂലമാവും.
രാജ്യത്ത് അവിചാരിതമായി പട്ടാള നിയമം പ്രഖ്യാപിച്ചതോടെയാണ് മുന്‍ പ്രസിഡന്റ് യുന്‍ സുക് യോളിന് അധികാരം നഷ്ടമാവുന്നത്. അന്ന് യോളിനെതിരെ കൊണ്ടുവന്ന ഇംപീച്ച്‌മെന്റ് പ്രമേയത്തെ സഭയിലെ 300 അംഗ നിയമനിര്‍മാതാക്കളില്‍ 204 പേര്‍ അനുകൂലിച്ചു.
അഴിമതി, അധികാര ദുര്‍വിനിയോഗം എന്നിവ ആരോപിച്ച് യോളിനെ ഇംപീച്ച്മെന്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകള്‍ മാസങ്ങളായി രാജ്യത്ത് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇംപീച്ച് ചെയ്യപ്പെട്ടത്.
Content Highlight: South Korean lawmakers impeach acting president Han Duck-soo after president Yoon Suk Yeol