മോഹന്‍ലാലിന്റെ പുതിയ സിനിമകളില്‍ പാട്ടുകള്‍ക്ക് പ്രാധാന്യമില്ല: എം.ജി ശ്രീകുമാര്‍
Entertainment news
മോഹന്‍ലാലിന്റെ പുതിയ സിനിമകളില്‍ പാട്ടുകള്‍ക്ക് പ്രാധാന്യമില്ല: എം.ജി ശ്രീകുമാര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 10th June 2023, 5:58 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട കോമ്പിനേഷനാണ് മോഹന്‍ലാലും എം.ജി ശ്രീകുമാറും. മോഹന്‍ലാലിന്റെ സിനിമകള്‍ക്ക് എം.ജി ശ്രീകുമാര്‍ പാടിയ പാട്ടുകളൊക്കെയും വലിയ ഹിറ്റുകളുമായിരുന്നു. ചിത്രം, ഭരതം, കമലദളം, തേന്‍മാവിന്‍കൊമ്പത്ത്, രാവണപ്രഭു, നരന്‍ തുടങ്ങി മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് സിനിമകളില്‍ എം.ജി ശ്രീകുമാറിന്റെ പാട്ടുകളുണ്ടായിരുന്നു. ഈ പാട്ടുകളുടെ കൂടി പേരിലാണ് ഈ സിനിമകളെല്ലാം ഇന്നും മലയാളികള്‍ ഓര്‍ത്തിരിക്കുന്നത്.

എന്നാല്‍ മോഹന്‍ലാലിന്റെ ഇപ്പോള്‍ ഇറങ്ങുന്ന സിനിമകളില്‍ പാട്ടുകള്‍ക്ക് വലിയ പ്രാധാന്യമില്ലെന്ന് പറയുകയാണ് ഗായകനും സംഗീത സംവിധായകനുമായ എം.ജി ശ്രീകുമാര്‍. ഭരതം പോലെയോ, ചിത്രം പോലെയോ പാട്ടുകള്‍ക്ക് കൂടി പ്രാധാന്യമുള്ള ഒരു സിനിമ വന്നാല്‍ ഹിറ്റാകുമെന്നതില്‍ തനിക്ക് സംശയമില്ലെന്നും, എന്നാല്‍ അതുപോലുള്ള സിനിമകളെടുക്കാന്‍ നിര്‍മാതാക്കള്‍ക്ക് ഇപ്പോള്‍ ടെന്‍ഷനാണെന്നും എം.ജി ശ്രീകുമാര്‍ പറഞ്ഞു.

സില്ലിമോങ്ക്‌സ് മോളിവുഡിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മോഹന്‍ലാലിന്റെ ഇപ്പോഴുള്ള ഒരു സിനിമയിലും ഞാന്‍ പാടിയിട്ടില്ല. അദ്ദേഹത്തിന്റെ ഇപ്പോഴുള്ള സിനിമകളില്‍ പാട്ടുകള്‍ക്ക് അത്ര പ്രാധാന്യമില്ല. മലൈക്കോട്ടൈ വാലിബനില്‍ പാട്ടുണ്ടോ എന്ന് എനിക്കറിയില്ല. റാം ഹിന്ദിയാണ് അതിനകത്തും ഞാനില്ല. ബറോസില്‍ ഒരു ഇംഗ്ലീഷ് പാട്ടാണ് ഉള്ളത് എന്നാണ് തോന്നുന്നത്, അതിനകത്തും ഞാനില്ല. ഇനിയിപ്പോള്‍ ഏതെങ്കിലും ഒന്ന് വരട്ടെ.

നിങ്ങളൊക്കെ ആഗ്രഹിക്കുന്നത് പോലെ മോഹന്‍ലാലിന്റെ ചുണ്ടുകള്‍ കൊണ്ട്, മോഹന്‍ലാല്‍ പാടുന്നത് പോലുള്ള, ഒപ്പം, ഭരതം, ചിത്രം തുടങ്ങിയവ പോലുള്ള ഒരു സിനിമ വന്നാല്‍ മലയാളി പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നതില്‍ യാതൊരു സംശയവുമില്ല. നിര്‍മാതാക്കളാണ് അതിന് മുന്നോട്ട് വരേണ്ടത്. എന്നാല്‍ അവര്‍ക്ക് ഇപ്പോള്‍ ടെന്‍ഷനാണ്. അതുപോലൊരു പടം വന്നാല്‍ വിജയിക്കുമോ എന്ന്. പ്രേക്ഷകരാണ് തീരുമാനിക്കേണ്ടത്. അത് വേണമോ, വേണ്ടയോ എന്ന്. എം.ജി ശ്രീകുമാര്‍ പറഞ്ഞു’, എം.ജി ശ്രീകുമാര്‍ പറഞ്ഞു.

content highlights: Songs not important in Mohanlal’s new films: MG Sreekumar