ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ഏകദിനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് ഏഴ് വിക്കറ്റിന് 271 റണ്‍സാണ് സ്വന്തമാക്കിയത്. സെഞ്ച്വറി നേടിയ മെഹിദി ഹസന്റെയും മികച്ച സ്‌കോര്‍ നേടിയ മഹ്മദുള്ളയുടെയും ഇന്നിങ്‌സിന്റെ ബലത്തിലാണ് ബംഗ്ലാദേശ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ഇന്ത്യന്‍ ബൗളര്‍മാരും തരക്കേടില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇന്ത്യന്‍ നിരയില്‍ ഒരാളൊഴികെ ആറില്‍ താഴെ എക്കോണമിയിലായിരുന്നു എല്ലാവരും പന്തെറിഞ്ഞത്.
ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും മികച്ച ബൗളിങ് പ്രകടനമായിരുന്നു പുറത്തെടുത്തത്. പത്ത് ഓവറില്‍ രണ്ട് മെയ്ഡിനടക്കം 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് താരം വീഴ്ത്തിയത്.
151 കിലോമീറ്റര്‍ വേഗതയിലെത്തിയ പന്ത് തന്റെ വിക്കറ്റ് കൊണ്ടുപോകുന്നത് നോക്കി നില്‍ക്കാന്‍ മാത്രമായിരുന്നു ഷാന്റോക്ക് സാധിച്ചത്. താരത്തെ ക്ലീന്‍ ബൗള്‍ഡാക്കിയ ഉമ്രാന്റെ ഡെലിവറിയില്‍ വിക്കറ്റ് വായുവില്‍ പമ്പരം പോലെ കറങ്ങുകയായിരുന്നു. ബംഗ്ലാദേശ് ആരാധകര്‍ പോലും അമ്പരന്നുന്നിന്ന ഡെലിവറിയായിരുന്നു അത്.
എന്നാല്‍ ഉമ്രാനെതിരെ ഇന്ത്യന്‍ ആരാധകര്‍ തന്നെ വിമര്‍ശനുമന്നയിക്കുകയാണിപ്പോള്‍. താരത്തിന് ഒരു തരത്തിലുമുള്ള സ്‌കില്ലുകളും ഇല്ലെന്നും ഉമ്രാന്‍ വെറും ഓവര്‍ റേറ്റഡ് ബൗളറാണെന്നുമാണ് ചില ആരാധകരുടെ വിമര്‍ശനം.
എന്നാല്‍ ഉമ്രാന്‍ മികച്ച ബൗളറാണെന്നും ചില ആരാധകര്‍ വ്യക്തമാക്കുന്നുണ്ട്. കൃത്യമായ മെന്ററെ ലഭിച്ചാല്‍ ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന ഏറ്റവും മികച്ച ബൗളര്‍ ഉമ്രാനായിരിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയില്‍ നേരത്തെ താരം ഉള്‍പ്പെട്ടിരുന്നില്ല. എന്നാല്‍ മുഹമ്മദ് ഷമിക്ക് പരിക്കേറ്റതോടെ പകരക്കാരനായാണ് ഉമ്രാന്‍ ടീമിലെത്തിയത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ താരത്തിന് കളിക്കാനും സാധിച്ചിരുന്നില്ല.
അതേസമയം, രണ്ടാം മത്സരത്തില്‍ ഇന്ത്യക്ക് ജയസാധ്യത തുറന്നിരുക്കുകയാണ്. 30 ഓവര്‍ പിന്നിടുമ്പോള്‍ 143 റണ്‍സിന് നാല് എന്ന നിലയിലാണ് ഇന്ത്യ. ആറ് വിക്കറ്റ് കയ്യിലിരിക്കെ ഇനിയുള്ള 120 പന്തില്‍ നിന്നും 129 റണ്‍സാണ് ഇന്ത്യക്ക് വേണ്ടത്.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ബംഗ്ലാ നായകന്റെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ടീം നടത്തിയത്. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് ബംഗ്ലാദേശ് സ്വന്തമാക്കിയത്.
കഴിഞ്ഞ ഏകദിനത്തില്‍ ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ട മെഹിദി ഹസന്‍ തന്നെയായിരുന്നു രണ്ടാം മത്സരത്തിലും ഇന്ത്യന്‍ ബൗളര്‍മാരെ ആക്രമിച്ചുകളിച്ചത്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ ഹസന്‍ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി തികച്ചാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലെത്തിച്ചത്.
83 പന്തില്‍ നിന്നും പുറത്താകാതെ 100 റണ്‍സാണ് ഹസന്‍ സ്വന്തമാക്കിയത്. എട്ട് ബൗണ്ടറിയും നാല് സിക്സറുമായി 120.48 എന്ന സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. തന്റെ ഏകദിന കരിയറിലെ ആദ്യ സെഞ്ച്വറിയാണ് മെഹിദി ഹസന്‍ ഇന്ത്യക്കെതിരെ കുറിച്ചത്.