ചില തീരുമാനങ്ങള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കെതിരായിരിക്കും: കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ
national news
ചില തീരുമാനങ്ങള്‍ നമ്മുടെ ആഗ്രഹങ്ങള്‍ക്കെതിരായിരിക്കും: കമല്‍നാഥിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതികരണവുമായി ജ്യോതിരാദിത്യ സിന്ധ്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 15th December 2018, 8:36 am

ഭോപ്പാല്‍: പാര്‍ട്ടി തീരുമാനം എന്തായാലും അത് അംഗീകരിക്കാന്‍ താന്‍ തയ്യാറാണെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ ചീഫ് വിപ്പുമായ ജ്യോതിരാദിത്യ സിന്ധ്യ. കമല്‍നാഥിനെ മധ്യപ്രദേശ് മുഖ്യമന്ത്രിയാക്കിയ തീരുമാനത്തിന് ശേഷം ഇന്ത്യാ ടുഡേ ടി.വിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

“നിങ്ങള്‍ പ്രാഥമികമായി പാര്‍ട്ടിപ്രവര്‍ത്തകനാണ്. പാര്‍ട്ടിയുടെ പല തീരുമാനങ്ങളും നിങ്ങളുടെ ആഗ്രഹങ്ങള്‍ക്കെതിരാകും. വെറും 35 വയസ് മാത്രമുള്ളപ്പോഴാണ് പാര്‍ട്ടി എന്നെ മന്ത്രിസ്ഥാനം ഏല്‍പ്പിച്ചത്. പാര്‍ട്ടി എനിക്കായി പലതും തന്നു. എന്റെ കഴിവിന്റെ 300 ശതമാനം നിര്‍ണായക സമയത്ത് ഞാന്‍ പാര്‍ട്ടിയ്ക്കായി വിനിയോഗിച്ചു.”

ALSO READ: ആരോട് ചോദിച്ചിട്ടാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്; ബി.ജെ.പിയില്‍ ഭിന്നത രൂക്ഷം

യുവാക്കളായ നേതാക്കളെ പ്രധാനപ്പെട്ട സ്ഥാനങ്ങളില്‍ അവരോധിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് സാധിക്കാതെ വരുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലായെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

“35ാം വയസിലാണ് ഞാന്‍ മന്ത്രിയായത്. എന്റെ വകുപ്പില്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ എനിക്കായി. ഇപ്പോള്‍ പാര്‍ലമെന്റില്‍ ചീഫ് വിപ്പാണ്. രാജസ്ഥാനിലാകട്ടെ പി.സി.സി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റാണ്.”

കമല്‍നാഥോ അശോക് ഗെഹ്‌ലോട്ടോ അതത് സംസ്ഥാനങ്ങളില്‍ തന്നേക്കാളോ സച്ചിന്‍ പൈലറ്റിനേക്കാളോ ചിലവഴിച്ചുവെന്ന് കരുതുന്നില്ലെന്നും പാര്‍ട്ടി തീരുമാനം അംഗീകരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ALSO READ: സംസ്ഥാനത്ത് ഈ വര്‍ഷം സംഘപരിവാര്‍ നടത്തിയത് 33 ഹര്‍ത്താലുകള്‍: പ്രഖ്യാപിക്കുന്നതില്‍ രണ്ടാം സ്ഥാനത്ത് യു.ഡി.എഫ്

മധ്യപ്രദേശില്‍ കമല്‍നാഥിനൊപ്പം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നുകേട്ട പേരായിരുന്നു ജ്യോതിരാദിത്യ സിന്ധ്യയുടേത്. എന്നാല്‍ കമല്‍നാഥിനായിരുന്നു മാരത്താണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം മുഖ്യമന്ത്രിയാകാനുള്ള നറുക്ക് വീണത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ കമല്‍ നാഥ് 9 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സംസ്ഥാന രൂപീകരണത്തിനു ശേഷം പതിഞ്ചു വര്‍ഷമായി മധ്യപ്രദേശ് ബി.ജെ.പിയുടെ കീഴിലായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 114 സീറ്റുകള്‍ നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. 109 സീറ്റുകളാണ് ബി.ജെ.പിക്ക് മധ്യപ്രദേശില്‍ ലഭിച്ചത്.

WATCH THIS VIDEO: