രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ വിലക്കി ദല്‍ഹി പൊലീസ്; നേതാക്കളടക്കം അറസ്റ്റില്‍
national news
രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം; കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ വിലക്കി ദല്‍ഹി പൊലീസ്; നേതാക്കളടക്കം അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 28th March 2023, 7:54 pm

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചെങ്കോട്ടയില്‍ നടത്താനിരുന്ന കോണ്‍ഗ്രസിന്റെ പന്തം കൊളുത്തി പ്രതിഷേധത്തെ വിലക്കേര്‍പ്പെടുത്തി ദല്‍ഹി പൊലീസ്. ചൊവ്വാഴ്ച രാത്രി ഏഴ് മണിക്ക് നടത്താനിരുന്ന പ്രതിഷേധമാണ് വിലക്കിയിരിക്കുന്നത്. അതേസമയം പ്രതിഷേധത്തിന് എത്തിച്ചേര്‍ന്ന നിരവധി കോണ്‍ഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്തു.

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഹരീഷ് റാവത്ത്, ടി.എന്‍. പ്രതാപന്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയ നേതാക്കളെയും അറസ്റ്റ് ചെയ്തു. അതേസമയം വിലക്ക് മറികടന്നും ദല്‍ഹിയില്‍ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുകയാണ്. മധ്യപ്രദേശ് എ.ഐ.സി.സി ഇന്‍ചാര്‍ജുള്ള ജെ.പി അഗര്‍വാള്‍ അടക്കമുള്ളരെ അറസ്റ്റ് ചെയ്തുവെന്ന് ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.

പ്രതിഷേധക്കാര്‍ ചെങ്കോട്ടയിലേക്ക് എത്തിയപ്പോഴാണ് ദല്‍ഹി പൊലീസ് കസ്റ്റഡിയിലെടുക്കുത്തത്. നിലവില്‍ വിവിധ മേഖലകളില്‍ നിന്ന് വരുന്ന പ്രവര്‍ത്തകരെ ചെങ്കോട്ടയിലേക്ക് പൊലീസ് കടത്തി വിടുന്നില്ല.

രാഹുല്‍ ഗാന്ധിയെ പാര്‍ലമെന്റില്‍ നിന്ന് അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ചാണ് കോണ്‍ഗ്രസ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രതിഷേധ സൂചകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കറുപ്പ് വസ്ത്രം ധരിച്ചെത്തിയിരുന്നു.

രാഹുല്‍ ഗാന്ധി 2019ല്‍ നടത്തിയ പരാമര്‍ശം മോദി സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നല്‍കിയ പരാതിയില്‍ അദ്ദേഹം കുറ്റക്കാരനെന്ന് സൂറത് കോടതി വിധിച്ചിരുന്നു. രണ്ട് വര്‍ഷം ശിക്ഷയും വിധിച്ചു.

തൊട്ടുപ്പിന്നാലെ അദ്ദേഹത്തിന്റെ എം.പി സ്ഥാനം റദ്ദാക്കി പാര്‍ലമെന്റ് അദ്ദേഹത്തെ അയോഗ്യനാക്കുകയായിരുന്നു.

content highlight: Solidarity with Rahul Gandhi; Delhi Police bans protest by Congress workers; Leaders were also arrested