Entertainment
ആ നടന്‍മാരെ കാണുമ്പോള്‍ അതേ എക്‌സൈറ്റ്‌മെന്റും ബഹുമാനവുമാണ് എനിക്ക്: മഞ്ജു വാര്യര്‍

17ആം വയസിൽ സാക്ഷ്യം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന നടിയാണ് മഞ്ജു വാര്യർ. പിന്നീട് സല്ലാപം എന്ന ചിത്രത്തിലൂടെ നായികാകഥാപാത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം ഏകദേശം 20 ഓളം മലയാള സിനിമകളിൽ മൂന്ന് വർഷത്തെ കാലയളവിൽ വ്യക്തിത്വമുള്ള ഒട്ടേറെ നായികാ കഥാപാത്രങ്ങളിലൂടെ മഞ്ജു പ്രേക്ഷകരെ വിസ്മയിപ്പിച്ചു.

ഈ പുഴയും കടന്ന് എന്ന ചിത്രത്തിലെ അഭിനയത്തിന് മഞ്ജുവിന് മികച്ച അഭിനേത്രിക്കുള്ള സംസ്ഥാന ചലച്ചിത്ര അവാർഡ് സ്വന്തമാക്കി. കണ്ണെഴുതി പൊട്ടൂം തൊട്ട് എന്ന ചിത്രത്തിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശവും ലഭിച്ചിട്ടുണ്ട്. 1999ൽ അഭിനയം നി‍ർത്തിയെങ്കിലും 2014ൽ ഹൗ ഓൾഡ് ആർ യു? എന്ന സിനിമയിലൂടെ മഞ്ജു സിനിമയിലേക്ക് തിരിച്ചുവരവ് നടത്തി.

മോഹൻലാലിനെ കാണുമ്പോൾ പണ്ട് അഭിനയിച്ചപ്പോഴുണ്ടായ അതേ എക്‌സൈറ്റ്‌മെന്റും നെർവസ്നെസും ആണെന്ന് പറയുകയാണ് മഞ്ജു വാര്യർ. അത് ബഹുമാനമാണെന്നും പേടിയല്ലെന്നും മഞ്ജു പറയുന്നു. മമ്മൂട്ടിയോടും മോഹൻലാലിനോടും അങ്ങനെയാണെന്നും മഞ്ജു കൂട്ടിച്ചേ‍ർത്തു. അതൊരിക്കലും പോകില്ലെന്നും മഞ്ജു പറയുന്നു. എമ്പുരാനിൽ മോഹൻലാലിനൊപ്പം ഒരുമിച്ച് അഭിനയിച്ചതിനെക്കുറിച്ച് സംസാരിക്കവേയാണ് മഞ്ജു ഇക്കാര്യം പറഞ്ഞത്.

കൗമുദിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മഞ്ജു.

‘ലാലേട്ടനെ കാണുമ്പോൾ ഇപ്പോഴും അതേ എക്‌സൈറ്റ്‌മെന്റും നെർവെസ്നെസും ഉണ്ട്. ബഹുമാനമാണ്, പേടിയല്ല. കണ്ട് വളർന്ന ഒരു വലിയ നടനല്ലേ? അദ്ദേഹം ചെയ്തിട്ടുള്ള എത്രയോ കഥാപാത്രങ്ങൾ. ഓരോ മലയാളികളുടെ മനസിലും അറിഞ്ഞോ അറിയാതെയോ നമ്മളെ കരയിപ്പിക്കുകയും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും സ്വാധീനിക്കുകയും ചെയ്തിട്ടുള്ളതല്ലേ?

മമ്മൂക്കയും ലാലേട്ടനും അങ്ങനെത്തന്നെയാണ്. അപ്പോൾ അവരെ കാണുമ്പോൾ തീർച്ചയായിട്ടും ബഹുമാനമാണ്. അതൊരിക്കലും പോകില്ല,’ മഞ്ജു പറഞ്ഞു.

Content Highlight: I feel the same excitement and respect when I see those actors: Manju Warrier