പെരുമ്പാവൂര്‍: സോളര്‍ കേസില്‍ സരിത എസ്. നായരും ബിജു രാധാകൃഷ്ണനും കുറ്റക്കാരാണെന്നു കോടതി. ഇരുവര്‍ക്കും കോടതി മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചു. കൂടാതെ ഇരുവരും 10000 രൂപ വീതം പിഴയും അടക്കണമെന്നും പെരുമ്പാവൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു.
തട്ടിപ്പിനിരയായ സജാദിന്റെ കേസിലാണ് കോടതി ഉത്തരവ്. അതേസമയം കേസില്‍ ഉള്‍പ്പെട്ട മറ്റു പ്രതികളായിരുന്ന സീരിയല്‍ നടി ശാലുമേനോന്‍, ശാലുമേനോന്റെ അമ്മ കലാദേവി, ടീം സോളാറിലെ ജീവനക്കാരനായ മണിമോന്‍ എന്നിവരെ കോടതി വെറുതെ വിട്ടിട്ടുണ്ട്.
മുടിക്കല്‍ സ്വദേശിയായ സജാദിനു സൗരോര്‍ജ പ്ലാന്റ് വാഗ്ദാനം ചെയ്തു ടീം സോളര്‍ 40 ലക്ഷം രൂപ തട്ടിയെന്നാണു കേസ്. ബിജു രാധാകൃഷ്ണന്‍, സരിത എസ് നായര്‍ എന്നിവര്‍ക്കെതിരെ വഞ്ചനാക്കുറ്റമാണ് കോടതി ചുമത്തിയിരിക്കുന്നത്. സൗരോര്‍ജ തട്ടിപ്പിനു സംസ്ഥാനത്ത് ആദ്യം റജിസ്റ്റര്‍ ചെയ്ത കേസാണിത്.
സോളാര്‍ പ്ലാന്റ്, നാഗര്‍കോവിലിലെ കാറ്റാടിയന്ത്രം എന്നിവയ്ക്കായി 20 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ നല്‍കിയത്. വിവിധ ഘട്ടങ്ങളിലായി 40 ലക്ഷം രൂപ കൈമാറി. ഡോ. ആര്‍.ബി. നായര്‍, ലക്ഷ്മി എസ്. നായര്‍ എന്നീ പേരുകളിലാണ് ഇവര്‍ പരിചയപ്പെടുത്തിയതെന്നും സജാദ് നേരത്തേ മൊഴി നല്‍കിയിരുന്നു.
സോളാര്‍ പദ്ധതിക്ക് കേന്ദ്ര സബ്‌സിഡി നല്‍കാമെന്ന് പറഞ്ഞ് പണം തട്ടിയെന്ന വ്യവസായി എം.കെ കുരുവിളയുടെ പരാതിയിയില്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ ബാംഗ്ലൂര്‍ അഡീഷണല്‍ സിറ്റി സിവില്‍ കോടതി ഉത്തരവിട്ടിരുന്നു. വാങ്ങിയ പണത്തിന് 12 ശതമാനം പലിശയടക്കം 1.60 കോടി രൂപ തിരികെ നല്‍കാനായിരുന്നു കോടതി ഉത്തരവ്. കേസില്‍ അഞ്ചാം പ്രതിയാണ് ഉമ്മന്‍ ചാണ്ടി.
ഉമ്മന്‍ ചാണ്ടിയുടെ ഗണ്‍മാന്‍ സലിംരാജിന്റെ ഫോണില്‍ വിളിച്ച് ഉമ്മന്‍ ചാണ്ടിയുമായി സംസാരിച്ചിരുന്നെന്നും പലപ്പോഴായി 1 കോടി 35 ലക്ഷത്തിലധികം രൂപ കൈപ്പറ്റിയെന്നും പരാതിയില്‍ പറഞ്ഞിരുന്നു.