'അയ്യങ്കാളി പട നടത്തിയ പോരാട്ട വീര്യത്തിന്റെ കഥ'; കമലിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
Film News
'അയ്യങ്കാളി പട നടത്തിയ പോരാട്ട വീര്യത്തിന്റെ കഥ'; കമലിന് അഭിനന്ദനവുമായി സോഷ്യല്‍ മീഡിയ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 11th March 2022, 5:08 pm

കമല്‍ കെ.എം. സംവിധാനം ചെയ്ത പട മാര്‍ച്ച് 11ന് തിയേറ്ററുകളില്‍  പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. കേരളത്തില്‍ 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് അയ്യങ്കാളി പട നടത്തിയ ഒരു യഥാര്‍ത്ഥ സമരത്തെ ആസ്പദമാക്കിയാണ് കമല്‍ പട എന്ന ചിത്രം ഒരുക്കിയിരിക്കുന്നത്.

ആദിവാസി ഭൂനിയമത്തില്‍ ഭേതഗതി വരുത്തിയ കേരള സര്‍ക്കാറിന്റെ നടപടിക്കെതിരെയുള്ള പ്രതിഷേധമെന്ന നിലയില്‍ 1996ല്‍ പാലക്കാട് കളക്ട്രേറ്റില്‍ അയ്യങ്കാളി പടയിലെ നാലുപേര്‍ കളക്ടറെ ബന്ദിയാക്കിയ സംഭവവും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ‘പട’യുടെ പ്ലോട്ട്.

ബാലു (വിനായകന്‍), രാകേഷ് (കുഞ്ചാക്കോ ബോബന്‍), അരവിന്ദന്‍ (ജോജു ജോര്‍ജ്), നാരായണന്‍കുട്ടി (ദിലീഷ് പോത്തന്‍) എന്നിവരാണ് കളക്ടറെ ബന്ദിയാക്കുന്ന അയ്യങ്കാളി പടയിലെ നാല് അംഗങ്ങള്‍.

ചിത്രത്തെ പറ്റി മികച്ച അഭിപ്രായമാണ് പുറത്തു വരുന്നത്. സമൂഹ മാധ്യമങ്ങളിലും ചിത്രത്തെ പറ്റിയുള്ള ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു.

‘അയ്യങ്കാളി പട നടത്തിയ ആവേശകരമായ സമരത്തോടും ആദിവാസി ഭൂപ്രശ്‌നത്തോടും തികച്ചും നീതിപുലര്‍ത്തി കൊണ്ട് യാതൊരു വിധ കോംപ്രമൈസിനും വഴങ്ങാതെ ഗൗരവകരമായ രാഷ്ട്രീയത്തിലൂന്നികൊണ്ട് യഥാര്‍ഥ്യവും ഭാവനയും കൂടിച്ചേര്‍ത്ത് കൊണ്ട് കമല്‍ തന്റെ ചരിത്ര ദൗത്യം നിര്‍വഹിച്ചിരിക്കുന്നു.

‘പട’ നയിച്ച റിയല്‍ ലൈഫിലെ സഖാക്കളോടും സിനിമാ ക്രൂവിനും ഒപ്പമിരുന്നുള്ള സ്‌പെഷ്യല്‍ ഷോ സിനിമാ കാഴ്ച്ച വളരെ മികച്ച ഒരനുഭവമായിരുന്നു.. അഭിനന്ദനങ്ങള്‍ കമല്‍,’ എന്നാണ് പ്രശാന്ത് പ്രഭ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

‘അന്നും ഇന്നും ഒരു പോലെ തഴയപ്പെട്ടു കിടക്കുന്ന ഒരു കൂട്ടത്തിന് വേണ്ടി അയങ്കാളി പട നടത്തിയ പോരാട്ട വീര്യത്തിന്റെ കഥ..പട കാലിക പ്രസക്തിയുള്ള ഗംഭീര സിനിമാ അനുഭവം,’ എന്നും സമൂഹമാധ്യമത്തില്‍ ഒരാള്‍ കുറിച്ചു.

‘പട കണ്ട ത്രില്ലില്‍ പറഞ്ഞും, കണ്ടും, വായിച്ചും പണ്ടെങ്ങോ മറന്നു പോയ പഴയ ഓര്‍മകളുടെ പകിട്ടുകള്‍ ഒക്കെ പൊടി തട്ടി എടുക്കാന്‍ കാണിച്ച പടയുടെ ടീമിന് ബിഗ് സല്യൂട്ട് പറയണം ഇനിയും ചര്‍ച്ചയാവണം ഇങ്ങനെയുള്ള വിഷയങ്ങള്‍ അന്ന് നടന്ന പ്രതിഷേധങ്ങള്‍ അതിന്റെ ഓര്‍മപ്പെടുത്തലുകള്‍ അത്രമേല്‍ വിലപ്പെട്ടതാണ്.

പട തന്നതിന് നന്ദി പട പൊരുതാനുള്ള വീഥിയൊരുക്കുന്നുണ്ട് ഈ പട. ചര്‍ച്ചക്കുള്ള കളം സമ്മാനിക്കുന്നുണ്ട്. വരും നാളില്‍ തീയായ് തന്നെ പടരട്ടെ എടുത്ത് പറയാന്‍ പേരുകള്‍ ഓരോന്നും തിരയുന്നില്ല. പടയുടെ മൊത്തം ടീമിന് അഭിനന്ദനങ്ങള്‍,’ എന്നും ഒരു പ്രേക്ഷകന്‍ ഫേസ്ബുക്കിലെ സിനിമ ഗ്രൂപ്പില്‍ കുറിച്ചു.

പ്രകാശ് രാജ്, കനി കുസൃതി, ഷൈന്‍ ടോം ചാക്കോ, അര്‍ജുന്‍ രാധാകൃഷ്ണന്‍, ഇന്ദ്രന്‍സ്, സലീംകുമാര്‍, ജഗദീഷ്, ടി.ജി. രവി, ഉണ്ണിമായ പ്രസാദ്, സാവിത്രി ശ്രീധരന്‍, വി.കെ. ശ്രീരാമന്‍, ശങ്കര്‍ രാമകൃഷ്ണന്‍, കോട്ടയം രമേഷ്, സുധീര്‍ കരമന, സജിത മഠത്തില്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇ ഫോര്‍ എന്റര്‍ടെന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേഹ്ത, എ.വി. അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് പട നിര്‍മിച്ചത്.


Content Highlight: social media response of pada movie