ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന സലാര്‍ ടീസര്‍ ജൂണ്‍ ആറിന് പുലര്‍ച്ചെ 5.12നാണ് റിലീസ് ചെയ്തത്. പ്രധാനമായും പ്രഭാസിനേയും പൃഥ്വിരാജിനേയും മാത്രം കാണിച്ചാണ് ഒരു മിനുട്ട് 47 സെക്കന്റ് ദൈര്‍ഘ്യമുള്ള ടീസര്‍ അവസാനിച്ചത്.
ടീസര്‍ പുറത്തുവന്നതിന് പിന്നാലെ പല വിധത്തിലുള്ള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. ചിത്രത്തെ കെ.ജി.എഫിനോടാണ് പലരും ഉപമിച്ചത്. ടീസറിലാകെ ഒരു കെ.ജി.എഫ് മയമാണെന്നും ഫ്രെയിംസിലെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ടച്ചും കെ.ജി.എഫിലേതുപോലെയുണ്ടെന്നും ചിലര്‍ പറഞ്ഞു.
മേക്കിങ് സ്റ്റൈലിലും കളര്‍ ടോണിലും സെറ്റിലും ഡയലോഗിലും പോലും സാമ്യത ഫീല്‍ ചെയ്യുന്നുണ്ടെന്നും കമന്റുകളുണ്ട്. എന്നാല്‍ കെ.ജി.എഫ് പോലെ മറ്റൊരു ചിത്രമല്ല പ്രശാന്ത് നീല്‍ ഉണ്ടാക്കുന്നതെന്നും സംവിധായകന്‍ കന്നഡ സിനിമക്കായി പുതിയ യൂണിവേഴ്‌സ് സൃഷ്ടിക്കുകയാണെന്നുമാണ് ചിലരുടെ കണ്ടെത്തല്‍.
കെ.ജി.എഫിലുള്ള അതേ കണ്ടെയ്‌നറുകള്‍ നമ്പര്‍ സഹിതം സലാര്‍ ടീസറില്‍ കണ്ടെത്തിയതാണ് പുതിയ നിഗമനങ്ങളിലേക്ക് സോഷ്യല്‍ മീഡിയയെ നയിക്കുന്നത്.
തന്നെയുമല്ല ചിത്രത്തിന്റെ ടീസര്‍ 5.12 ന് പുറത്തിറങ്ങിയതിനേയും കെ.ജി.എഫുമായി പ്രേക്ഷകര്‍ ബന്ധിപ്പിച്ചിരുന്നു. കെ.ജി.എഫ് 2 ക്ലൈമാക്‌സില്‍ റോക്കി ഭായി ആക്രമിക്കപ്പെടുന്നത് പുലര്‍ച്ചെ അഞ്ചു മണിക്കാണെന്നും കപ്പല്‍ തകരുന്നത് 5.12നാണെന്നുമാണ് ആരാധകര്‍ കണ്ടെത്തിയത്. ഈ ടൈംമിങ് തമ്മില്‍ ബന്ധമുണ്ടെന്നും സോഷ്യല്‍ മീഡിയ പറയുന്നു.
ട്രെയ്‌ലര്‍ പുറത്തുവരുമ്പോള്‍ കുറച്ചുകൂടി വ്യക്തത കിട്ടുമെന്നാണ് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നത്. അല്ലെങ്കില്‍ സെപ്റ്റംബര്‍ 28ന് ചിത്രം റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കണം.
സലാറില്‍ പ്രഭാസ് രണ്ട് കഥാപാത്രത്തെ അവതരിപ്പിക്കും എന്നും അതിലൊന്ന് നെഗറ്റീവ് കഥാപാത്രമാണെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.