കോഴിക്കോട്: ഫാറൂഖ് ട്രെയിനിങ് കോളജില്‍ പെണ്‍കുട്ടികളെ അധിക്ഷേപിച്ചു സംസാരിച്ച അധ്യാപകനെതിരെ സോഷ്യല്‍ മീഡിയകളില്‍ പ്രതിഷേധമുയരുന്നു. കോളജിലെ അസിസ്റ്റന്റ് പ്രഫസറായ ജവഹര്‍ മുനവറിന്റെ പരാമര്‍ശത്തിനെതിരെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധവുമായി രംഗത്തുവന്നിരിക്കുന്നത്. വിദ്യാര്‍ഥികളെ അധിക്ഷേപിച്ച് മുനവര്‍ സംസാരിക്കുന്ന ഓഡിയോ കഴിഞ്ഞദിവസം ഡൂള്‍ന്യൂസ് പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ വിഷയം സോഷ്യല്‍ മീഡിയയും ഏറ്റെടുക്കുകയായിരുന്നു.
അധ്യാപകന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചും “മുലകളുടെ സ്ഥാനത്ത് ചൂഴ്‌ന്നെടുത്ത വത്തക്ക”യുള്ള അനുരാഗ് പുഷ്‌കരിക്കന്‍ വരച്ച ചിത്രം പ്രൊഫൈല്‍ പിക്ചറാക്കിയുമൊക്കെയാണ് സോഷ്യല്‍ മീഡിയ പ്രതിഷേധിക്കുന്നത്.
അറിവ് പകരേണ്ട അധ്യാപകര്‍ ലക്ഷ്യബോധമില്ലാതെ സദാചാരവാദികളാവുന്നത് ആ സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബന്ധതയെ തന്നെ ചോദ്യം ചെയ്യുമെന്നാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്തിന്റെ പ്രതികരണം. ഇത്തരം അധ്യാപകര്‍ ആ പണി അവസാനിപ്പിച്ച് “വത്തക്കാകച്ചവടം” നടത്താന്‍ പോകുന്നത് നന്നായിരിക്കുമെന്ന് പരിഹസിക്കുകയും ചെയ്യുന്നുണ്ട് അഭിജിത്ത്.
അഭിജിത്തിന്റെ പ്രതികരണം:
കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വിശിഷ്യാ മലബാറിന്റെ വിദ്യാഭ്യാസ ഉന്നതിയില്‍ നിര്‍ണ്ണായക പങ്കു വഹിച്ച സ്ഥാപനമാണ് കോഴിക്കോട് ഫാറൂഖ് കോളേജ്.
നിര്‍ഭാഗ്യവശാല്‍ അറിവ് പകരേണ്ട ചില അധ്യാപകര്‍ ലക്ഷ്യബോധമില്ലാതെ സദാചാര വാദികളാവുന്നത് ആ സ്ഥാപനത്തിന്റെ സാമൂഹ്യ പ്രതിബദ്ധതയെ തന്നെ ചോദ്യം ചെയ്യപ്പെടുന്നു.
ഇത്തരം മനോനിലയില്‍ തന്നെ വ്യതിയാനം സംഭവിച്ച അധ്യാപകരെന്ന് പറയപ്പെടുന്നവര്‍ക്കെതിരെ ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഫാറൂഖ് കോളേജ് അധികൃതര്‍ തയ്യാറാവണം.
സമൂഹത്തിന്റെയും സ്ഥാപനത്തിന്റെയും വിശ്വാസ്യതയെ പോലും ചോദ്യം ചെയ്യലുകള്‍ക്ക് വിധേയമാക്കപ്പെടുന്ന ഇത്തരം അധ്യാപകര്‍ ആ പണി അവസാനിപ്പിച്ച് അവര്‍ക്കിഷ്ടപ്പെടുന്ന “വത്തക്കാകച്ചവടം” നടത്താന്‍ പോകുന്നത് നന്നായിരിക്കും.
തെറ്റ് ചെയ്തവരെ സംരക്ഷിച്ചു മുന്നോട്ട് പോകാനാണ് ശ്രമമെങ്കില്‍ ഏത് വിധേനയും അത് ചെറുക്കാന്‍ കെ.എസ്.യു നിര്‍ബന്ധിതമാവും.
ഫാറൂഖ് കോളജിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ മതമൗലികവാദികളുടെ അറുപഴഞ്ചന്‍ യുക്തിരാഹിത്യങ്ങള്‍ക്ക് കുറവില്ല എന്ന് തെളിയിക്കുന്നതാണെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി. തോമസ് പറഞ്ഞു.
ജെയ്ക്കിന്റെ പ്രതികരണം
ഫാറൂഖ് കോളേജിലെ ചില അധ്യാപക ജന്മങ്ങളോട് ബഷീറിനെ എങ്കിലും വായിക്കണമെന്നും മനസ്സിലാവാതെ പക്ഷം മാത്രം കുതിരവട്ടത് ചികിത്സാ തേടണമെന്നും പറയാത്തത് കുതിരവട്ടത്തോടുള്ള സ്‌നേഹം കൊണ്ട് കൂടിയാണ്.
കോഴിക്കോട് ഫാറൂഖ് കോളേജിലെ സംഭവവികാസങ്ങള്‍ കേരളത്തിലെ മത മൗലികവാദികളുടെ അറുപഴഞ്ചന്‍ യുക്തിരാഹിത്യങ്ങള്‍ക്ക് കുറവില്ല എന്ന് തെളിയിക്കുന്നത് ആണ് . തലയില്‍ വെളിച്ചം ചൂടിയ ചിന്തകള്‍ക്ക് പകരം തങ്ങള്‍ക്ക് ഉള്ളത് മാറാല കൂട് കെട്ടിയ തലച്ചോറിലെ കാലം പുറംകാലിനു തട്ടിത്തെറിപ്പിച്ച ദുരന്തപൂര്‍ണ്ണമായ ചിന്തകൂടാരങ്ങള്‍ ആണെന്നതാണ് ചില പരമ പണ്ഡിതന്മാര്‍ കാണിച്ചു തരുന്നത് .
വിദ്യാര്‍ത്ഥികള്‍, അവര്‍ തെറ്റ് ചെയ്തിട്ടുണ്ടെകില്‍ പോലും കായികപരമായി നേരിടണം എന്ന് ആഗ്രഹിക്കുന്ന ആ ഗുരുവര്യന്മാരും. പെണ്‍കുട്ടികളുടെ മാറിടമാണ് സമൂഹത്തെ വഴിതെറ്റിക്കുന്നത് എന്ന് പ്രഖ്യാപിക്കുന്ന ശ്രേഷ്ഠനായ ആ മഹാപണ്ഡിതനുമൊക്കെ വര്‍ത്തമാനകാല കേരളം അഭിമുഖീകരിക്കുന്ന പകരം വെക്കാനില്ലാത്ത ദുരന്തങ്ങള്‍ ഏതു എന്ന ചോദ്യത്തിന്റെ ഋജുവര്‍ണ മറുപടികള്‍ ആണ് .
കുട്ടികളെ കായികപരമായി തല്ലിത്തീര്‍ത്തു നീതി നടപ്പിലാക്കുകയും അച്ചടക്കം സൃഷ്ടിക്കുകയും ചെയ്തു എന്ന് ഉറപ്പു വരുത്തി ദീര്‍ഘനിശ്വാസം എടുക്കുന്ന കാലയളവില്‍ പെണ്‍കുട്ടികള്‍ ധരിക്കുന്ന ലെഗ്ഗിങ്ങ്‌സും അവരുടെ ശരീരവും സമൂഹത്തിനു സൃഷ്ടിക്കുന്ന തെറ്റുവഴികളെ കുറിച്ച് മതാത്മകതയുടെ ഇഹലോക പരലോക സാധ്യതകളില്‍ ഭീഷണിപ്പെടുത്തി പരലോകപ്രവേശം ഉറപ്പിച്ചതിനു ശേഷം സമയമാപിനിയില്‍ ഇനിയും നിമിഷങ്ങള്‍ മിച്ചമുണ്ടെങ്കില്‍ മാത്രം ബഷീറിനെ ഒന്ന് വായിക്കണം സര്‍.
തേന്‍മാവ് എന്ന് വിളിപ്പേരുള്ള ഒരു കഥയുടെ സത്ത എങ്കിലും ഓര്‍മ്മിക്കണം . മതമൗലികതയുടെ തീകുണ്ഡത്തില്‍ നിന്നും മനുഷ്യരുടെ ലോകത്തിലേക്കുള്ള യാത്ര ചിലപ്പോഴെങ്കിലും സാധ്യമാവുക അപൂര്‍വ്വമായിട്ടാണെങ്കില്‍ പോലും ഒരു ബഷീര്‍ വായനയിലൂടെ ആകും എന്നതുകൊണ്ട് കൂടി ആണ് സര്‍ . ഭഗവത് ഗീതയും കുറേ മുറകളും എന്ന ബഷീറിയന്‍ ഗ്രന്ഥത്തിന്റെ തലക്കെട്ട് വായിച്ചാല്‍ അതിനു നിരോധനം ഏര്‍പ്പെടുത്തണം എന്ന് പറയുന്നവരില്‍ ഇന്നത്തെ തലമുറയിലെ ആദ്യത്തെ പേര് ഇതാ സംശയരഹിതമായി നിങ്ങള്‍ തന്നെ ആയിരിക്കും.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം തത്തുല്യമായി ഉണ്ടാകണം എന്ന് പ്രഖ്യാപിച്ച മക്തി തങ്ങളുടെ പിന്മുറക്കാരുടെ ചരിത്രഓര്‍മ്മകളെ ഒന്ന് സ്പര്‍ശിക്കണം സര്‍. ഖാന്‍ അബ്ദുള്‍ ഗഫറിനെയോ, വക്കം അബ്ദുള്‍ ഖാദര്‍ മൗലവിയെയോ ഉച്ചരിച്ചോര്‍മ്മിക്കുവാന്‍ എന്ത് അര്‍ഹതയാണ് നിങ്ങളിലുണ്ടാകുക ? ഹൃദയം കൊണ്ടാകില്ലെങ്കില്‍ പോലും നിങളുടെ ഹൃദയം നഷ്ടപെട്ട കരങ്ങള്‍ കൊണ്ടും കണ്ണുകള്‍ കൊണ്ടുമെങ്കിലും .
പക്ഷെ കലാലയങ്ങള്‍ക്ക് കീഴടങ്ങിയ ചരിത്രം ഇല്ല. തിട്ടൂരങ്ങള്‍ക്കും കൈക്കരുത്തിനും മുന്‍പില്‍ മെരുങ്ങാത്ത ആണ്‍പെണ്‍ മനസ്സുകളുടേതാണ് കലാലയങ്ങള്‍ എന്ന് ഞങ്ങള്‍ അസ്സിനിഗ്ദ്ധമായി ഇനിയുമിനിയും വിളിച്ചു പറയുകയും തെളിയിച്ചു വെയ്ക്കുകയും ചെയ്യും. നിങ്ങളുടെ മതാന്ധത ഒഴുക്ക് നിലച്ചു തളംകെട്ടികിടക്കുന്ന തലച്ചോറുകളില്‍ പ്രകാശത്തിന്റെ അലയടികള്‍ ഉയര്‍ന്നുദിക്കും വരെയും.
നിങ്ങള്‍ പരലോകസുഖം പറഞ്ഞു മോഹിപ്പിച്ചാല്‍ ബൃഹതാഖ്യാനങ്ങളുടെ അപകടപൂര്‍ണ്ണമായ സംഭാഷണത്തില്‍ വിലക്ക് കല്പിച്ചാല്‍ അത് കേട്ട് ഒതുങ്ങി തീരുന്നവര്‍ അല്ല ഞങ്ങള്‍ എന്ന് ഇനിയും കരിവളയിട്ട കൈകള്‍ നിങ്ങളുടെ യുക്തിരാഹിത്യത്തിനു തീകൊളുത്തികൊണ്ട് തെളിയിക്കുക തന്നെ ചെയ്യും . ഫറൂഖ് കോളേജില്‍ ആയാലും സംഘപരിവാര്‍ വിദ്യാമന്ദിരങ്ങളില്‍ ആയാലും നിങ്ങളുടെ പരലോക സുഖലോലുപതയില്‍ സ്വതന്ത്ര ജീവിതത്തിന്റെ ആകാശങ്ങളെയും ഭൂമികയെയും തല്ലിക്കൊഴിക്കാന്‍ വന്നാല്‍ അതിനു കീഴടങ്ങാന്‍ ബുദ്ധിശൂന്യരും ചിന്താരഹിതരുമായ ഒരു തലമുറയെ നിങ്ങളുടെ സ്വന്തം ഗൃഹങ്ങളില്‍ നിന്ന് കണ്ടെത്തും വരെ നിരാശരാകുക മാത്രമായിരിക്കും നിങ്ങള്‍ക്കുള്ള ഫലം.കാലം നിങ്ങളെയും തോല്‍പ്പിച്ച് മുന്നോട്ട് നീങ്ങുക തന്നെയാണ് തീര്‍ച്ചയായും .
ഭൂരിപക്ഷം മുസ്ലിം ഗൃഹങ്ങളിലും ഫാറൂഖ് കോളേജ് തങ്ങളുടെ പെണ്‍കുട്ടികളെ സുരക്ഷിതമായി വിദ്യാഭ്യാസത്തിനയക്കാവുന്ന കലാലയമായി മാറാന്‍ പോവുകയാണ് ഈ വിവാദങ്ങളിലൂടെ സംഭവിക്കുന്നതെന്നും അതിനാല്‍ ഇത്തരം മനോഭാവങ്ങളെ ചവിട്ടിപ്പൊളിക്കാനുള്ള പ്രതിരോധങ്ങളാണ് ഉയരേണ്ടതെന്നും മുഹസിന്‍ കാതിയോട് പ്രതികരിക്കുന്നു.
മുഹസിന്റെ പ്രതികരണം:
ഫാറൂഖ് കോളേജ് മാത്രമല്ല കേരളത്തിലെ മിക്കവാറും കോളേജുകള്‍ ഇത്തരം മത പാഠശാലകളായി രൂപപ്പെട്ടിരിക്കുന്നു. അക്കാദമിക് മാനദണ്ഡങ്ങള്‍ക്കപ്പുറം ജാതിയും മതവും അധ്യാപക നിയമനങ്ങളുടെ ആദ്യ ചോയ്‌സ് ആവുമ്പോള്‍ സ്ത്രീ അലക്ക് കല്ലിനോടും അര കല്ലിനോടും മല്ലിടേണ്ടവരാണെന്നും അവളുടെ ശരീരം മണിയറയിലെ സ്വകാര്യതയില്‍ തന്റെ രക്ഷിതാക്കള്‍ തിരഞ്ഞെടുത്ത പുരുഷന്റെ മുന്‍പില്‍ മാത്രമേ കാണിക്കാനാവൂ എന്ന് ചിന്തിക്കുന്ന ഭൂരിപക്ഷ മത, ജാതി സമൂഹങ്ങളുടെ പ്രതിനിധി മാത്രമാണ് അധ്യാപകന്‍. സോഷ്യല്‍ മീഡിയക്കപ്പുറം അവരുടെ മത അരമനകളില്‍ ആ അധ്യാപകന് ലഭിക്കുന്ന പ്രശംസയാണ് അവന്‍ ആഗ്രഹിക്കുന്നതും.. ഭൂരിപക്ഷം മുസ്ലിം ഗൃഹങ്ങളിലും ഫാറൂഖ് കോളേജ് തങ്ങളുടെ പെണ്‍കുട്ടികളെ സുരക്ഷിതമായി വിദ്യാഭ്യാസത്തിനയക്കാവുന്ന കലാലയമായി മാറാന്‍ പോവുകയാണ് ഈ വിവാദങ്ങളിലൂടെ സംഭവിക്കുന്നത്, അത്തരം യാഥാസ്ഥിതിക ഭവനങ്ങളില്‍ ഇപ്പോഴാണ് കോളേജിന് A++ ഗ്രേഡ് ലഭിക്കുന്നത്. കേവലം ഒരു പ്രതിഷേധത്തിനപ്പുറം അത്തരം മനോഭാവങ്ങളെ ചവിട്ടിപ്പൊളിക്കാനുള്ള പ്രതിരോധങ്ങളാണ് ഉയരേണ്ടത്.
ഡൂള്‍ന്യൂസ് വീഡിയോ സ്‌റ്റോറി കാണാം