ഐ.പി.എല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ബെംഗളൂരുവിന്റെ ഹോം ഗ്രൗണ്ടായ എം. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 13 പന്ത് ബാക്കി നില്‍ക്കെ എട്ട് വിക്കറ്റിന്റെ വിജയമാണ് ഗുജറാത്ത് നേടിയത്. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ട് തുടങ്ങിയ ഗുജറാത്തിന് ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയവും നേടാനായി.
ബെംഗളൂരു ഉയര്‍ത്തിയ 170 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ടൈറ്റന്‍സ് 13 പന്ത് ബാക്കി നില്‍ക്കവെ വിജയം സ്വന്തമാക്കുകയായിരുന്നു. ജോസ് ബട്ലറിന്റെ അര്‍ധ സെഞ്ച്വറിയും സായ് സുദര്‍ശന്‍, ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡ് എന്നിവരുടെ മികച്ച ഇന്നിങ്‌സുകളുമാണ് ടൈറ്റന്‍സിന് വിജയം സമ്മാനിച്ചത്.
Bagged our first away win 😎💫 pic.twitter.com/HDt0OrldK7
— Gujarat Titans (@gujarat_titans) April 2, 2025
മുഹമ്മദ് സിറാജിന്റെ മികച്ച ബൗളിങ് പ്രകടനമാണ് റോയല്‍ ചലഞ്ചേഴ്‌സിനെ വമ്പന്‍ സ്‌കോറിലേക്ക് കടക്കാതെ തളച്ചിട്ടത്. സീസണിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനവുമായാണ് സൂപ്പര്‍ പേസര്‍ തിളങ്ങിയത്.
നാല് ഓവര്‍ പന്തെറിഞ്ഞ് 19 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്. ദേവ്ദത്ത് പടിക്കല്‍, ഫില്‍ സാള്‍ട്ട്, ലിയാം ലിവിങ്സ്റ്റണ്‍ എന്നിവരുടെ വിക്കറ്റുകളാണ് സിറാജ് പിഴുതെറിഞ്ഞത്.
Had our “𝒘𝒆 𝒃𝒆𝒍𝒊𝒆𝒗𝒆 𝒊𝒏 𝑴𝒊𝒚𝒂𝒏 𝑩𝒉𝒂𝒊” kind of day! 🫶⚡
Best-ever figures for Siraj in Chinnaswamy! 🙌 pic.twitter.com/dvCrHhPP7X
— Gujarat Titans (@gujarat_titans) April 2, 2025
ചിന്നസ്വാമി സ്റ്റേഡിയത്തില്‍ സിറാജിന്റെ ഏറ്റവും മികച്ച പ്രകടനമാണിത്. 2018 മുതല്‍ റോയല്‍ ചലഞ്ചേഴ്സിനൊപ്പം നേടിയ എല്ലാ റെക്കോഡുകളും കാറ്റില്‍ പറത്തിയാണ് റോയല്‍ ചലഞ്ചേഴ്സിനെതിരായ ആദ്യ മത്സരത്തില്‍ താരം തിളങ്ങിയത്. ഈ മികച്ച പ്രകടനത്തിന് പിന്നാലെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടതും സിറാജ് തന്നെയായിരുന്നു.
മത്സരത്തിലെ പ്രകടനത്തിന് പിന്നാലെ സിറാജിനെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം വിരേന്ദ്രര്‍ സെവാഗ്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ അവസരം കിട്ടാതിരുന്നത് സിറാജിനെ വേദനിപ്പിച്ചെന്ന് തോന്നുന്നുവെന്നും അതിനുള്ള മറുപടിയായിരുന്നു താരത്തിന്റെ പ്രകടനമെന്നും സെവാഗ് പറഞ്ഞു. സിറാജിന് ഒരു തീക്ഷ്ണതയുണ്ടെന്നും അവന്‍ അതേ തീവ്രതയോടെ തുടരുകയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നെന്നും മുന്‍ താരം കൂട്ടിച്ചേര്‍ത്തു. ക്രിക് ബസ്സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അവന് ആ തീക്ഷ്ണതയുണ്ട്. ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ അവസരം കിട്ടാതിരുന്നത് സിറാജിനെ വേദനിപ്പിച്ചെന്ന് എനിക്ക് തോന്നുന്നു. ഞാന്‍ ആ തീക്ഷ്ണത കണ്ടു. ഒരു യുവ ഫാസ്റ്റ് ബൗളറില്‍ നിന്ന് നമ്മള്‍ പ്രതീക്ഷിക്കുന്നതും അതാണ്.
‘അതെ, നിങ്ങള്‍ എന്നെ തെരഞ്ഞെടുത്തില്ല? ഇനി ഞാന്‍ നിങ്ങള്‍ക്ക് കാണിച്ചുതരാം.’ അവന്‍ അതേ തീവ്രതയോടെ തുടരുകയും ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് നടത്തുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു,’ സെവാഗ് പറഞ്ഞു.
കൂടാതെ, തന്റെ മുന്‍ ടീമായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളുരുവിനെതിരെ സിറാജിന്റെ ബൗളിങ്ങിനെ കുറിച്ചും സെവാഗ് സംസാരിച്ചു. ചിന്നസ്വാമിയില്‍ ന്യൂ ബോളില്‍ സിറാജ് തന്റെ റെക്കോഡ് നിലനിര്‍ത്തിയെന്നും ഒരു പക്ഷേ, തുടക്കത്തില്‍ തന്നെ നാലാം ഓവറും എറിഞ്ഞിരുന്നെങ്കില്‍ ഒരു വിക്കറ്റ് കൂടി സിറാജിന് നേടാന്‍ കഴിയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
‘ചിന്നസ്വാമിയില്‍ ന്യൂ ബോളില്‍ സിറാജ് തന്റെ റെക്കോഡ് നിലനിര്‍ത്തി. ആദ്യ മൂന്ന് ഓവറില്‍ അവന്‍ 12 അല്ലെങ്കില്‍ 13 റണ്‍സ് മാത്രമേ വിട്ടുകൊടുത്തുള്ളൂ. നാലാമത്തെ ഓവര്‍ അപ്പോള്‍ തന്നെ എറിയാന്‍ അവന് കഴിയുമായിരുന്നു.
ഒരുപക്ഷേ അദ്ദേഹം മറ്റൊരു വിക്കറ്റ് കൂടി എടുക്കുമായിരുന്നു. സിറാജ് ന്യൂ ബോള്‍ സ്വിങ് ചെയ്യുന്നു. ഇന്നലെ വിക്കറ്റില്‍ നിന്നും അദ്ദേഹത്തിന് സഹായം ലഭിച്ചു.’ സെവാഗ് പറഞ്ഞു.
Content Highlight: IPL 2025: RCB vs GT: Former Indian Cricketer Virender Sehwag Praises Gujarat Titans Pacer Mohammed Siraj