IPL
മൂന്ന് റണ്‍ഔട്ടുകളല്ല, ദല്‍ഹിയുടെ തോല്‍വിക്ക് കാരണം മറ്റൊന്ന്: നവ്‌ജോത് സിങ് സിദ്ദു
സ്പോര്‍ട്സ് ഡെസ്‌ക്
2025 Apr 14, 10:22 am
Monday, 14th April 2025, 3:52 pm

ഐ.പി.എല്ലില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സിനെതിരെ കഴിഞ്ഞ ദിവസം മുംബൈ ഇന്ത്യന്‍സ് വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 12 റണ്‍സിന്റെ വിജയമാണ് മുംബൈ സ്വന്തമാക്കിയത്.

മുംബൈ ഉയര്‍ത്തിയ 206 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ക്യാപ്പിറ്റല്‍സ് 193ന് പുറത്തായി. 19ാം ഓവറിലെ അവസാന മൂന്ന് പന്തുകളില്‍ പിറന്ന മൂന്ന് റണ്‍ ഔട്ടുകളാണ് മുംബൈ ഇന്ത്യന്‍സിന് രണ്ടാം വിജയം സമ്മാനിച്ചത്. ഒപ്പം ഇംപാക്ട് പ്ലെയറായെത്തിയ കരണ്‍ ശര്‍മയുടെ സ്‌പെല്ലും വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തില്‍ ദല്‍ഹിക്കായി കരുണ്‍ നായര്‍ മിന്നും പ്രകടനം നടത്തി വിജയ പ്രതീക്ഷ നല്‍കിയിരുന്നു. ഇംപാക്ട് പ്ലെയറായെത്തി വെടിക്കെട്ട് അര്‍ധ സെഞ്ച്വറിയുമായാണ് താരം തിളങ്ങിയത്. 40 പന്ത് നേരിട്ട് 89 റണ്‍സാണ് കരുണ്‍ മുംബൈക്കെതിരെ അടിച്ചെടുത്തത്.

ഇപ്പോള്‍ ദല്‍ഹി ക്യാപിറ്റല്‍സ് – മുംബൈ ഇന്ത്യന്‍സ് മത്സരത്തെ വിലയിരുത്തുകയാണ് മുന്‍ ഇന്ത്യന്‍ താരം നവ്‌ജോത് സിങ് സിദ്ദു. കരുണ്‍ നായര്‍ തോറ്റ ടീമിന്റെ ഭാഗമാണെന്നത് നിര്‍ഭാഗ്യകരമാണെന്നും തോറ്റതുകൊണ്ട് അദ്ദേഹത്തിന്റെ ഇന്നിങ്സിന് പ്രാധാന്യം നഷ്ടപ്പെട്ടുവെന്നും സിദ്ദു പറഞ്ഞു.

‘കരുണ്‍ നായര്‍ തോറ്റ ടീമിന്റെ ഭാഗമാണെന്നത് നിര്‍ഭാഗ്യകരമാണ്. തോറ്റതുകൊണ്ട് അദ്ദേഹത്തിന്റെ ഇന്നിങ്സിന് പ്രാധാന്യം നഷ്ടപ്പെട്ടു. നനഞ്ഞ പന്ത് മാറ്റിയതും കെ.എല്‍. രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഒന്നിനുപുറകെ ഒന്നായി പുറത്തായതും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടും’ സിദ്ദു പറഞ്ഞു.

മത്സരത്തിലെ ദല്‍ഹിയുടെ തോല്‍വിക്ക് കാരണം മൂന്ന് റണ്‍ ഔട്ടുകളല്ലെന്നും പന്ത് മാറ്റിയപ്പോഴാണ് മുംബൈയ്ക്ക് മത്സരത്തിലേക്ക് തിരിച്ച് വരാന്‍ സാധിച്ചതെന്നും സിദ്ദു പറഞ്ഞു. കെ.എല്‍. രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുപോയതോടെ പുതിയ പന്ത് അതിന്റെ സ്വാധീനം കാണിച്ചുവെന്നും താന്‍ ഇതാണ് മത്സരത്തിലെ വഴിത്തിരിവായി കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ദല്‍ഹിയുടെ തോല്‍വിക്ക് കാരണം മൂന്ന് റണ്ണൗട്ടുകളല്ല. കരുണ്‍ നായരും അഭിഷേക് പോരലും കളി ദല്‍ഹിക്ക് അനകൂലമാക്കിയിരുന്നു. എന്നാല്‍ നനഞ്ഞ പന്ത് മാറ്റിയപ്പോള്‍ മുംബൈ തിരിച്ചുവരവ് നടത്തി. രോഹിത് ശര്‍മ, മഹേല ജയവര്‍ധന, പരസ് മാംബ്രെ എന്നിവര്‍ ദീര്‍ഘനേരം ചര്‍ച്ച നടത്തി, തുടര്‍ന്ന് ഇരുവശത്തുനിന്നും സ്പിന്നര്‍മാരെ കൊണ്ടുവരാന്‍ തീരുമാനിച്ചു.

കെ.എല്‍. രാഹുലും ട്രിസ്റ്റന്‍ സ്റ്റബ്സും ഡ്രസ്സിങ് റൂമിലേക്ക് തിരിച്ചുപോയതോടെ പുതിയ പന്ത് അതിന്റെ സ്വാധീനം കാണിച്ചു. എനിക്ക് ഇതാണ് മത്സരത്തിലെ വഴിത്തിരിവ്,’ സിദ്ദു പറഞ്ഞു.

Content Highlight: IPL 2025: DC vs MI: Former Indian Cricketer Navjot Singh Sidhu talks about Karun Nair and match between Delhi Capitals and Mumbai Indians