ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ജമ്മുകശ്മീരില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
അമിത് ഷാ താമസിക്കുന്ന ഗുപ്കര്‍ റോഡിലെ രാജ്ഭവന് 20 കിലോമീറ്റര്‍ ചുറ്റളവില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
കഴിഞ്ഞ ആഴ്ചകളിലായി പതിനൊന്നോളം സാധാരണക്കാരാണ് ഇവിടെ കൊല്ലപ്പെട്ടത്. സ്‌നൈപ്പര്‍മാരെയും ഷാര്‍പ്പ് ഷൂട്ടര്‍മാരെയും ഡ്രോണ്‍ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അമിത് ഷാ സന്ദര്‍ശിക്കാന്‍ സാധ്യതയുള്ള ജവഹര്‍ നഗറിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. കൂടുതല്‍ അര്‍ധസൈനിക സേനയെ മേഖലയില്‍ വിനിയോഗിക്കും.
മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ശനിയാഴ്ച ജമ്മു കശ്മീരില്‍ എത്തുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദര്‍ശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേരും.
സന്ദര്‍ശനത്തിന്റെ ആദ്യ ദിനം ശ്രീനഗറില്‍നിന്ന് ഷാര്‍ജയിലേക്കു നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യും. അതിനു പുറമേ കശ്മീരില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെയും അമിത് ഷാ സന്ദര്‍ശിക്കും. തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥരുമായി മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തും.