മോദി സര്‍ക്കാരിന്റേത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ്; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍
Reservation Issues
മോദി സര്‍ക്കാരിന്റേത് പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ്; സാമ്പത്തിക സംവരണത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 7th January 2019, 11:20 pm

പത്തനംതിട്ട: മുന്നോക്ക വിഭാഗക്കാരിലെ പിന്നോക്കക്കാര്‍ക്ക് 10 ശതമാനം സംവരണം അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍.

കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്നാക്ക ജനവിഭാഗങ്ങളോടുള്ള അവഗണനയും നീതി നിഷേധവുമാണ്. സംവരണത്തിന്റെ മാനദണ്ഡം സാമുദായിക പിന്നാക്കാവസ്ഥയാണ്. ഭരണഘടനാ ഭേദഗതിയിലൂടെ സാമ്പത്തിക സംവരണം നടപ്പിലാക്കാനുള്ള നീക്കം വഞ്ചനപരമായ നിലപാടാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

സംവരണത്തിന്റെ മാനദണ്ഡമെന്താണെന്ന് സുപ്രീം കോടതി പലവട്ടം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഭരണഘടനാ ഭേദഗതി കൊണ്ടുവരരുതെന്നും വിഷയം ഗൗരവമായി പഠിക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.

മുന്നോക്ക ജനവിഭാഗങ്ങള്‍ക്ക് ജനസംഖ്യ ആനുപാതികമായി കിട്ടേണ്ടതിനേക്കാള്‍ ആനുകൂല്യം ഇതിനകം ലഭിച്ചിട്ടുണ്ടെന്നും അതുകൂടി സര്‍ക്കാര്‍ പഠിക്കണമെന്നും വെള്ളാപ്പള്ളി വാര്‍ത്തകുറിപ്പില്‍ ആവശ്യപ്പെട്ടു.

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ജോലികളിലും ഉന്നത വിദ്യാഭ്യാസ രംഗത്തും 10 ശതമാനം സംവരണം ഏര്‍പ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്. വാര്‍ഷിക വരുമാനം എട്ടു ലക്ഷത്തിന് താഴെയുള്ളവര്‍ക്കാണ് സംവരണം ലഭിക്കുക.

കേന്ദ്ര സര്‍ക്കാരിന്റെ നീക്കത്തെ സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രിയും സ്വാഗതം ചെയ്തിരുന്നു. മുന്നോക്ക വിഭാഗക്കാരില്‍ സാമ്പത്തികമായി വളരെ പിന്നോക്കം നില്‍ക്കുന്നവരുണ്ട്. അവര്‍ക്ക് സംവരണം നല്‍കണമെന്ന് പാര്‍ട്ടി എന്ന നിലയില്‍ സി.പി.ഐ.എം മുമ്പ് തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് കേരള സര്‍ക്കാര്‍ 10 ശതമാനം സംവരണം ദേവസ്വം ബോര്‍ഡില്‍ കൊടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ സംവരണ തീരുമാനത്തെ എന്‍.എസ്.എസും സ്വാഗതം ചെയ്തിരുന്നു.