ഞാനുമായി ഒരു ഡിസ്റ്റന്‍സില്‍ മാത്രമേ ധ്യാന്‍ നില്‍ക്കാറുള്ളു; എനിക്ക് പ്രയാസം തോന്നിയിട്ടില്ല: എസ്.എന്‍. സ്വാമി
Entertainment
ഞാനുമായി ഒരു ഡിസ്റ്റന്‍സില്‍ മാത്രമേ ധ്യാന്‍ നില്‍ക്കാറുള്ളു; എനിക്ക് പ്രയാസം തോന്നിയിട്ടില്ല: എസ്.എന്‍. സ്വാമി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 27th July 2024, 8:31 pm

തന്റെ തിരക്കഥകളിലൂടെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിച്ച തിരക്കഥാകൃത്താണ് എസ്.എന്‍. സ്വാമി. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് സീക്രട്ട്. ധ്യാന്‍ ശ്രീനിവാസനാണ് ഈ സിനിമയില്‍ നായകനായി എത്തുന്നത്. മിഥുന്‍ എന്നാണ് ധ്യാന്‍ ചെയ്യുന്ന കഥാപാത്രത്തിന്റെ പേര്. ഈ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആള്‍ ധ്യാനായത് കൊണ്ടാണ് താന്‍ അവനെ തെരഞ്ഞെടുത്തതെന്ന് പറയുകയാണ് എസ്.എന്‍. സ്വാമി.

തനിക്ക് ധ്യാനിനെ പോലെയുള്ള ഒരാളെയായിരുന്നു ആവശ്യമെന്നും സിനിമയെ കുറിച്ച് ആലോചിച്ചപ്പോള്‍ തന്റെ മനസില്‍ തോന്നിയ ഒരു മുഖം അവന്റേതായിരുന്നു എന്നും അദ്ദേഹം പറയുന്നു. സീക്രട്ടിന്റെ ഭാഗമായി ജിഞ്ചര്‍ മീഡിയക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു എസ്.എന്‍. സ്വാമി. താന്‍ ശ്രീനിവാസന്റെ അടുത്ത കൂട്ടുകാരനായത് കൊണ്ട് ആ രീതിയില്‍ ധ്യാനിനെ നന്നായി അറിയാമായിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതുകൊണ്ട് തന്നെ ധ്യാന്‍ ഒരു ഡിസ്റ്റന്‍സില്‍ മാത്രമേ നില്‍ക്കാറുള്ളുവെന്നും എസ്.എന്‍. സ്വാമി കൂട്ടിച്ചേര്‍ത്തു.

‘കൃത്യമായി പറഞ്ഞു കഴിഞ്ഞാല്‍, എന്റെ പടത്തിലെ കഥാപാത്രത്തിന് ഏറ്റവും യോജിച്ച ആള്‍ ധ്യാന്‍ ആയത് കൊണ്ടാണ് ഞാന്‍ അവനെ തെരഞ്ഞെടുത്തത്. എനിക്ക് അങ്ങനെ ഒരാളെയായിരുന്നു ആവശ്യം. എന്റെ മനസില്‍ തോന്നിയ ഒരു മുഖം ധ്യാനിന്റേതായിരുന്നു. ഞാന്‍ ശ്രീനിയുടെ ക്ലോസ് ഫ്രണ്ടാണ്. ആ രീതിയില്‍ എനിക്ക് ധ്യാനിനെ നന്നായി അറിയാമായിരുന്നു.

അതുകൊണ്ട് ആ ഒരു ഡിസ്റ്റന്‍സില്‍ മാത്രമേ അവന്‍ നില്‍ക്കാറുള്ളു. വളരെ അടുത്തൊന്നും അങ്ങനെ നില്‍ക്കില്ല. എന്റെ മകന്റെ ക്ലോസ് ഫ്രണ്ടാണ് ധ്യാന്‍. അവരുമായി നന്നായി ഇടപ്പെടും. എന്നാല്‍ ഞാനുമായി എപ്പോഴും ഡിസ്റ്റന്‍സ് ഉണ്ടാകും. എനിക്ക് ഒരു പ്രയാസവും തോന്നിയിട്ടില്ല കേട്ടോ. ഈ സിനിമയില്‍ രണ്ട് സംവിധായകര്‍ അഭിനയിച്ചിട്ടുണ്ട്. രണ്‍ജി പണിക്കറുണ്ട്, രഞ്ജിത്തുണ്ട്. ഇവരാരെ കൊണ്ടും എനിക്ക് ഒരു പ്രയാസവും തോന്നിയിട്ടില്ല,’ എസ്.എന്‍. സ്വാമി പറഞ്ഞു.


Content Highlight: SN Swamy Talks About Dhyan Sreenivasan