മമ്മൂക്കയുടെ ആ വാക്കുകള്‍ എന്റെ അഹങ്കാരമാണ്, അതോടെ ഉത്തരവാദിത്തങ്ങള്‍ കൂടി: സ്മിനു സിജോ
Entertainment news
മമ്മൂക്കയുടെ ആ വാക്കുകള്‍ എന്റെ അഹങ്കാരമാണ്, അതോടെ ഉത്തരവാദിത്തങ്ങള്‍ കൂടി: സ്മിനു സിജോ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 5th November 2022, 4:34 pm

അമ്മ വേഷങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഒരു ഇടം നേടിയെടുത്ത താരമാണ് സ്മിനു സിജോ. കെട്ട്യോളാണ് മാലാഖയിലെ സ്ലീവാച്ചന്റെ സഹോദരിയായും സ്മിനു പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ പ്രീസ്റ്റില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോഴുണ്ടായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് സ്മിനു സിജോ.

‘മമ്മൂക്കയുടെ കൂടെ അഭിനയിക്കുകയല്ലേ, പേടിച്ച് പേടിച്ചാണ് നില്‍ക്കുന്നത്. ജഗദീഷ് ചേട്ടനോടും പിഷാരടിയോടും ദിനേഷ് പണിക്കര്‍ ചേട്ടനോടുമെല്ലാം ഞാന്‍ ഇങ്ങനെ പറയും എനിക്ക് പേടിയാണെന്ന്. ഞാന്‍ എങ്ങനെ പെര്‍ഫോം ചെയ്യും എന്ന് വിചാരിച്ച് ടെന്‍ഷനിടിച്ച് ഇരിക്കുകയായിരുന്നു.

ഫസ്റ്റ് ഡയലോഗ് പറയുമ്പോള്‍ മമ്മൂക്ക ഒരു ഫോട്ടോയില്‍ നോക്കി നില്‍ക്കുകയായിരുന്നു. ഡയലോഗ് പറഞ്ഞ് കട്ട് പറഞ്ഞ് കഴിഞ്ഞപ്പോള്‍ മമ്മൂക്ക എന്നോട് നന്നായി പെര്‍ഫോം ചെയ്തുവെന്ന് പറഞ്ഞു. അതെനിക്കൊരു അഹങ്കാരമാണ്, എന്റെ അഹങ്കാരമാണ്.

ഫസ്റ്റ് സീനില്‍ തന്നെ മമ്മൂക്ക അങ്ങനെ പറഞ്ഞപ്പോള്‍ എനിക്ക് ധൈര്യമായി. അപ്പോള്‍ മറ്റുള്ളവര് പറഞ്ഞു, ‘മമ്മൂക്കാ.. പേടിച്ച് നില്‍ക്കുവായിരുന്നു’ എന്ന്, അപ്പോള്‍ മമ്മൂക്ക എന്നോട് പറഞ്ഞു, എന്തിനാ പേടിക്കുന്നേ… നന്നായി പെര്‍ഫോം ചെയ്യുന്നുണ്ടല്ലോ എന്ന്. അന്ന് തന്നെ മമ്മൂക്ക കെട്ട്യോളാണ് മാലാഖ കണ്ടെടോ.. നന്നായിട്ട് ചെയ്തു എന്നും പറഞ്ഞു.

ജോണി ആന്റണി ചേട്ടന്‍ അവിടെ വന്നപ്പോളും പറഞ്ഞു ഞാന്‍ നന്നായി അഭിനയിക്കുന്നുണ്ടെന്ന്. ജോണി ആന്റണി ചേട്ടന്‍ എന്നോട് രഹസ്യമായി പറഞ്ഞു, മമ്മൂക്ക ഇങ്ങനെ പറഞ്ഞെന്ന്. ഉത്തരവാദിത്തങ്ങള്‍ കൂടുകയാണ്, നല്ലത് പറയുമ്പോള്‍ ചീത്ത പറയിപ്പിക്കാന്‍ പറ്റില്ലല്ലോ,’ സ്മിനു സിജോ പറഞ്ഞു.

അതേസമയം, ഇന്ദ്രന്‍സ് കേന്ദ്രകഥാപാത്രമായി വരുന്ന ലൂയിസ് ആണ് സ്മിനുവിന്റെ പുതിയ ചിത്രം. ഇന്ദ്രന്‍സിന്റെ ഭാര്യാ കഥാപാത്രമായാണ് സ്മിനു ചിത്രത്തിലെത്തുന്നത്.

ഷാബു ഉസ്മാന്‍ സംവിധാനം ചെയ്ത ലൂയിസ് നവംബര്‍ 25നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലറായൊരുങ്ങിയിരിക്കുന്ന ചിത്രത്തില്‍ ലൂയിസ് എന്ന ടൈറ്റില്‍ കഥാപാത്രമായാണ് ഇന്ദ്രന്‍സ് എത്തുന്നത്.

സ്മിനു സിജോയെ കൂടാതെ, മനോജ് കെ. ജയന്‍, സായികുമാര്‍, ജോയ് മാത്യു, കലാഭവന്‍ നവാസ്, ആദിനാട് ശശി, അശോകന്‍, അജിത്ത് കൂത്താട്ടുകുളം, രാജേഷ് പറവൂര്‍, ശശാങ്കന്‍ മയ്യനാട്, അസീസ് നെടുമങ്ങാട്, അല്‍ സാബിത്, ദിവ്യ പിള്ള, ലെന, മീനാക്ഷി, ഡിസ്സ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.

Content Highlight: Sminu Sijo talking her Experience With Mammootty