Daily News
ഇറച്ചി നിരോധനത്തിനെതിരെ മുംബൈയില്‍ ഇറച്ചി വിതരണം ചെയ്ത ശിവസേന-എം.എന്‍.എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു
ഡൂള്‍ന്യൂസ് ഡെസ്‌ക്
2015 Sep 10, 05:19 pm
Thursday, 10th September 2015, 10:49 pm

meat-ban-01മുംബൈ: ജൈനമതക്കാരുടെ വ്രതത്തേട് അനുബന്ധിച്ച് നഗരസഭ അറവും മാംസ വില്‍പനയും നിരോധിച്ച മുംബൈയില്‍ ഇറച്ചി വിതരണം ചെയ്ത പ്രതിഷേധിച്ച ശിവസേനയുടെയും എം.എന്‍.എസിന്റെയും പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ബി.ജെ.പിക്കെതിരെ പരസ്യമായി മുദ്രവാക്യം വിളിച്ചായിരുന്നു പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തിയിരുന്നത്.

ഇന്നും നാളെയും അടുത്ത വ്യാഴം വെള്ളി ദിവസങ്ങളിലുമാണ് മുംബൈ നഗരസഭാ പരിധിയില്‍ അറവും ഇറച്ചിയും മീനും
വില്‍ക്കുന്നത്‌ നിരോധിച്ചിരുന്നത്. താണെ, നവി മുംബൈ മേഖലകളില്‍ തുടര്‍ച്ചയായി എട്ടു ദിവസത്തേക്കാണ് ഇറച്ചി നിരോധിച്ചിരുന്നത്. ആട്ടിറച്ചിയും കോഴിയിറച്ചിയുമാണ് ശിവേസന, എം.എന്‍.എസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തതിരുന്നത്.

കോര്‍പ്പറേഷനോ ഏതെങ്കിലും ഒരു സമുദായമോ മറ്റുളളവര്‍ എന്ത് ഭക്ഷിക്കണമെന്ന് തീരുമാനിക്കുന്നത് ഉചിതമല്ലെന്നും മുംബൈയില്‍ നിരോധനമുണ്ടാകില്ലെന്ന് ശിവസേന ഉറപ്പു വരുത്തുമെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞു.

ഭരണഘടനാ അവകാശങ്ങള്‍ ലംഘിച്ചാണ് നഗരസഭ അറവും ഇറച്ചി കച്ചവടവും നിരോധിച്ചതെന്ന് ചൂണ്ടിക്കാട്ടി മട്ടന്‍ ഡീലേസ് അസോസിയേഷന്‍ മുംബൈ ഹൈക്കോടതിയെ സമീപിച്ചു. ജനങ്ങളുടെ ആഹാര സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് നിരോധമെന്നും  മുന്‍കൂര്‍ അറിയിപ്പില്ലാതെയാണ് നഗരസഭ നിരോധം ഏര്‍പ്പെടുത്തിയതെന്നും ഇവര്‍ ഹര്‍ജിയില്‍ പറയുന്നു.

സര്‍ക്കാരും നഗരസഭയും തീരുമാനം പിന്‍വലിക്കും വരെ പ്രതിഷേധം തുടരുമെന്നും നിരോധനം നിലനില്‍ക്കുന്ന എല്ലാ ദിവസവും നഗരത്തില്‍ എം.എന്‍.എസ് ഇറച്ചി വില്‍പ്പന ശാലകള്‍ തുറന്നിടുമെന്നും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന വക്താവ് സന്ദീപ് ദേശ്പാണ്ഡെ പറഞ്ഞു.