സംഘപരിവാര്‍ 'ബലിദാനിയാക്കിയ' ശിവദാസന്‍ ആചാരി ബി.ജെ.പിക്കാര്‍ക്കെതിരെ നല്‍കിയ പരാതി പുറത്ത്; പരാതി ഒതുക്കിത്തീര്‍ത്തത് ബി.ജെ.പി നേതാക്കള്‍ ഇടപെട്ട്
Sabarimala
സംഘപരിവാര്‍ 'ബലിദാനിയാക്കിയ' ശിവദാസന്‍ ആചാരി ബി.ജെ.പിക്കാര്‍ക്കെതിരെ നല്‍കിയ പരാതി പുറത്ത്; പരാതി ഒതുക്കിത്തീര്‍ത്തത് ബി.ജെ.പി നേതാക്കള്‍ ഇടപെട്ട്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 2nd November 2018, 12:44 pm

പത്തനംതിട്ട: പത്തനംതിട്ട ളാഹ വനത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍ ആചാരി ബി.ജെ.പി പ്രാദേശിക നേതൃത്വത്തിനെതിരെ നല്‍കിയ പരാതി പുറത്ത്.

2018 ഏപ്രില്‍ 24 ന് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്നെന്ന് കാണിച്ച് പന്തളം പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയാണ് (729/2018)ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

26/4/2018 ല്‍ ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുന്ന തന്നെ, അയല്‍ വാസികളായ ചിലര്‍ വഴി നടക്കാന്‍ അനുവദിക്കുന്നില്ലെന്നും വഴിയില്‍ തടഞ്ഞ് ഉപദ്രവിക്കുന്നു എന്നുമായിരുന്നു പരാതിയില്‍ പറഞ്ഞത്.

വാഹനം കത്തിക്കും എന്ന ഭീഷണി ഉള്ളതായും പരാതിയില്‍ പറയുന്നുണ്ട്. ശിവദാസന്‍ നല്‍കിയ പരാതിയിലെ എതിര്‍ കക്ഷികള്‍ ആര്‍.എസ്.എസിന്റെ സജീവ പ്രവര്‍ത്തകര്‍ ആണ്.

പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന് ബി.ജെ.പി ആര്‍.എസ്.എസ് നേതൃത്വങ്ങളില്‍ നിന്ന് ഭീഷണിയുണ്ടായിരുന്നതായും പൊലീസ് വൃത്തങ്ങള്‍ ഡൂള്‍ന്യൂസിനോട് വ്യക്തമാക്കി.

എതിര്‍കക്ഷികളെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇരുകൂട്ടരേയും പറഞ്ഞുവിടുകയായിരുന്നു. പരാതിയില്‍ കേസ് എടുത്തിരുന്നില്ല.  തൊട്ടടുത്ത വാര്‍ഡിലെ ബി.ജെ.പി മെമ്പറാണ് പ്രതികള്‍ക്ക് വേണ്ടി ഹാജരായി കേസ് ഒതുക്കി തീര്‍ത്തത്. കേസ് ഒതുക്കിത്തീര്‍ക്കാന്‍ ബി.ജെ.പി വാര്‍ഡ് കൗണ്‍സിലര്‍ ഇടപെട്ടിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

പരാതി പിന്‍വലിക്കണം എന്ന ആവശ്യവുമായി ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ പന്തളത്തെ പ്രമുഖ ആര്‍.എസ്.എസ് നേതാവ് കൈയ്യും കാലും തല്ലി ഒടിച്ച് കൊക്കയില്‍ തള്ളും എന്ന് ഭീഷണിപെടുത്തിയതായി സമീപവാസികളും വ്യക്തമാക്കിയിട്ടുണ്ട്.

“”ഞാന്‍ എതിര്‍കക്ഷികളുടെ എല്ലാം വീടിനടുത്തായി 14 വര്‍ഷം മുന്‍പ് സ്ഥലം വാങ്ങി വീടുവെച്ചതാണ്. എന്റെ വീട്ടിലോട്ട് പോകാനായി പ്രമാണത്തില്‍ വഴി ഇല്ല. 3 ചുവട്ടടി വഴി ഞങ്ങള്‍ കുറേ വീട്ടുകാര്‍ക്കായി ഉണ്ട്. ഈ വഴിയിലൂടെ എല്ലാവര്‍ക്കും അവരവരുടെ വീട്ടിലേക്ക് പോകാം. ഞാന്‍ ടൂവീലറില്‍ ലോട്ടറി കച്ചവടം നടത്തുകയാണ്. എന്റെ ടൂവീലര്‍ ഈ വഴിലൂടെ കൊണ്ടുപോകുന്നതിന് എതിര്‍കക്ഷികള്‍ എല്ലാവരും തടസം നില്‍ക്കുന്നു. എനിക്ക് എന്റെ വീട്ടിലോട്ട് ടൂവീലറില്‍ പോയേ പറ്റൂ. എനിക്കും എതിര്‍കക്ഷികള്‍ക്കും ഒരുപോലെ ഉപയോഗിക്കാന്‍ പറ്റുന്ന വഴി തടസ്സപ്പെടുത്തുന്നത് ശരിയല്ല. ഞാന്‍ ഈ വഴിയിലൂടെ പോകുന്നതിന് ഇവര്‍ നിരന്തരം പ്രശ്‌നമുണ്ടാക്കുകയും എന്റെ വാഹനം കത്തിച്ചുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. സമക്ഷത്ത് നിന്ന് എതിര്‍കക്ഷികള്‍ എന്നെ ഉപദ്രവിക്കുകയോ വഴിതടസ്സപ്പെടുത്തുകയോ ചെയ്യാതിരിക്കാന്‍ വേണ്ട നടപടി സ്വീകരിക്കണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു””- ശിവദാസന്‍ പരാതിയില്‍ പറയുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ കാണാതായ അയ്യപ്പഭക്തന്റെ മൃതദേഹം കണ്ടെത്തി എന്ന തരത്തില്‍ ഇന്നലെ മുതല്‍ നവമാധ്യമങ്ങള്‍ വഴി ബി.ജെ.പി വാര്‍ത്തകള്‍ പ്രചരിപ്പിച്ചിരുന്നു.

നിലയ്ക്കലില്‍ പൊലീസ് നടപടിക്കിടെ അയ്യപ്പ ഭക്തന്‍ കൊല്ലപ്പെട്ടെന്ന വ്യാജ പ്രചരണം ഏറ്റുപിടിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനും രംഗത്തെത്തിയിരുന്നു.

ശിവദാസ് എന്ന അയ്യപ്പനെ പൊലീസ് മര്‍ദ്ദിച്ചു കൊന്നു എന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തരവകുപ്പ് ഒഴിയണമെന്നുമായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആവശ്യം.

പത്തനംതിട്ടയില്‍ കാണാതായ ശിവദാസന്‍ എന്ന വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കഴിഞ്ഞ ദിവസം രാത്രിയാണ്. ശബരിമലയിലെ നിലയ്ക്കലില്‍ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന അക്രമങ്ങള്‍ക്കിടെയാണ് ഇദ്ദേഹത്തെ കാണാതായത് എന്നാരോപിച്ച് ബി.ജെ.പി മണിക്കൂറുകള്‍ക്കകം പത്തനംതിട്ടയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ നിലയ്ക്കലില്‍ നിന്നല്ല ഇദ്ദേഹത്തിന്റെ മൃതദേഹം കിട്ടിയതെന്ന് ഇതിനോടകം പോലീസും മറ്റു സാഹചര്യ തെളിവുകളും വ്യക്തമാക്കുന്നുണ്ട്.


ഇങ്ങനെ ബലിദാനികളെ ഉണ്ടാക്കാന്‍ നിങ്ങള്‍ക്ക് നാണമില്ലേ; ബി.ജെ.പിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കടകംപള്ളി സുരേന്ദ്രന്‍


ബന്ധുക്കളുടെ പരാതി അനുസരിച്ച് ഒക്ടോബര്‍ പതിനെട്ടാം തീയതി മുതലാണ് ഇയാളെ കാണാതായത്. 19-ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായി വീട്ടുകാര്‍ പറയുന്നു. ശബരിമലയില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടി എടുത്തത് 16 നും 17-നും മാത്രമാണ്.

പത്തനംതിട്ട നിലയ്ക്കല്‍ റൂട്ടിലാണ് മൃതദേഹം കണ്ടെത്തിയ ഈ സ്ഥലം. നിലയ്ക്കലില്‍ നിന്നും പതിനാറ് കിലോമീറ്ററോളം ദൂരമുണ്ട് ളാഹയിലേക്ക്. അക്രമികള്‍ക്കെതിരെ പൊലീസ് നടപടി മുഴുവന്‍ നടന്നത് നിലയ്ക്കല്‍- പമ്പ റൂട്ടിലായിരുന്നു.