Kerala News
'മാവോയിസ്റ്റ് പ്രവര്‍ത്തന മേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുത്'; പാര്‍ട്ടി നയം വ്യക്തമാണെന്നും യെച്ചൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Nov 19, 11:32 am
Tuesday, 19th November 2019, 5:02 pm

ന്യൂദല്‍ഹി: മാവോയിസ്റ്റ് പ്രവര്‍ത്തനമേഖലയിലെ സാമൂഹ്യസ്ഥിതി അവഗണിക്കരുതെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. എന്നാല്‍ അവരുടെ പ്രവര്‍ത്തനരീതി ചെറുക്കേണ്ടതാണെന്നും യെച്ചൂരി എഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നയം വ്യക്തമാണെന്നും യെച്ചൂരി കൂട്ടിച്ചേര്‍ത്തു.

മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നത് കോഴിക്കോട് കേന്ദ്രമായുള്ള മുസ്‌ലിം തീവ്രസംഘടനകളാണെന്ന സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ പ്രസ്താവനയെ തുടര്‍ന്നായിരുന്നു സീതാറാം യെച്ചൂരിയുടെ പ്രതികരണം.

 

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എയും രംഗത്ത് വന്നിരുന്നു. മാവോയിസത്തിന് പിന്തുണ നല്‍കുന്നത് കോഴിക്കോട്ടെ മുസ്ലിം തീവ്രവാദ പ്രസ്ഥാനങ്ങളാണെന്ന ഏതെങ്കിലും ആധികാരിക തെളിവ് ഉണ്ടെങ്കില്‍ അത് വെളിപ്പെടുത്തേണ്ടത് സി.പി.ഐ.എം ജില്ലാ സെക്രട്ടറിയല്ലെന്നും, സംസ്ഥാന ആഭ്യന്തര വകുപ്പ് മന്ത്രിയാണെന്നും വി.ടി ബല്‍റാം പറഞ്ഞു.

അത്തരത്തില്‍ തെളിവില്ല എങ്കില്‍ അനാവശ്യമായി മനപൂര്‍വ്വം വര്‍ഗീയ പ്രകോപനം ഉണ്ടാക്കുന്നതിന്റെ പേരില്‍ പി മോഹനനെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്നും വി.ടി ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

പി. മോഹനന്റെ പ്രസ്താവനയ്ക്ക് എതിരെ മുസ്ലിം ലീഗും നേരത്തേ രംഗത്തു വന്നിരുന്നു. മാവോയിസ്റ്റ് അഭയകേന്ദ്രമായി മാറിയത് സി.പി.ഐ.എം ആണെന്നും ഇത് മറയ്ക്കാന്‍ ആണ് പി.മോഹനന്റെ പ്രസ്താവനയെന്നും മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല പറഞ്ഞു.