national news
നിര്‍മ്മല സീതാരാമന് സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ അയച്ചു കൊടുക്കാന്‍ ദല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍; 'അടിസ്ഥാന പാഠങ്ങള്‍ പോലും മറന്നുപോയിരിക്കുന്നു'
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Sep 25, 08:02 am
Wednesday, 25th September 2019, 1:32 pm

ധനമന്ത്രി നിര്‍മ്മല സീതാരാമന് താന്‍ പണ്ട് പഠിച്ചത് വീണ്ടും പഠിക്കാന്‍ അവസരമൊരുക്കി ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍. പ്രസിദ്ധമായ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്നും ഡോക്ടറേറ്റ് നേടിയ നിര്‍മ്മല സിതാരാമന് ഇക്കണോമിക്‌സ് പുസ്തകങ്ങള്‍ അയച്ചു കൊടുക്കാനാണ് ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിക്ക് ഉത്തരവാദിയാണെന്ന് നിര്‍മ്മല സീതാരാമനും ബി.ജെ.പിയും എന്ന് ആരോപിച്ചാണ് വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്. സെപ്തംബര്‍ 27നാണ് സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലും മറ്റ് സ്ഥാപനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ പുസ്തകങ്ങള്‍ അയക്കുന്നത്.

ഐസയാണ് വ്യത്യസ്തമായ ഈ പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിലെ അടിസ്ഥാന കാര്യങ്ങള്‍ പോലും നിര്‍മ്മല സീതാരാമന്‍ മറന്നുപോയിരിക്കുന്നുവെന്ന് ഐസ ദല്‍ഹി അദ്ധ്യക്ഷ കവാല്‍പ്രീത് കൗര്‍ പറഞ്ഞു.

രാജ്യത്ത് വലിയ തൊഴിലില്ലായ്മയാണ് നേരിടുന്നത്. ആളുകളുടെ വാങ്ങല്‍ ശേഷി ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കുന്നതിന് പകരം കോര്‍പ്പറേറ്റുകള്‍ക്ക് ആശ്വാസമേകുന്ന നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യുന്നതെന്നും കവാല്‍പ്രീത് കൗര്‍ പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കോളേജുകളില്‍ നിന്നും പുസ്തകങ്ങള്‍ ശേഖരിച്ച് നിര്‍മ്മല സീതാരാമന് നേരിട്ട് നല്‍കാനാണ് ശ്രമം. അത് സാധിച്ചില്ലെങ്കില്‍ അയച്ചു കൊടുക്കും. അവര്‍ക്ക ഇഷ്ടമുള്ള സാമ്പത്തിക ശാസ്ത്ര പുസ്തകങ്ങള്‍ നല്‍കാന്‍ ആളുകള്‍ തയ്യാറാണെന്നും കവാല്‍പ്രീത് കൗര്‍ കൂട്ടിച്ചേര്‍ത്തു.