national news
ജമ്മു കശ്മീരിൽ ഈദ് ദിനത്തിൽ മിർവൈസ് ഉമർ ഫാറൂഖിനെ വീട്ടുതടങ്കലിൽ വെച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2 days ago
Tuesday, 1st April 2025, 7:27 am

ശ്രീനഗർ: അടുത്തിടെ കേന്ദ്ര സർക്കാർ നിരോധിച്ച അവാമി ആക്ഷൻ കമ്മിറ്റി നേതാവായ മിർവൈസ് ഉമർ ഫാറൂഖിനെ  ഈദ് ദിനത്തിൽ വീട്ടുതടങ്കലിൽ വെച്ചതായി പരാതി. അദ്ദേഹം തന്നെയാണ് താൻ വീട്ടുതടങ്കലിലായിരുന്നെന്ന് വെളിപ്പെടുത്തിയത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു വെളിപ്പെടുത്തൽ.

ഒപ്പം ഈദ് ദിനത്തിൽ ജമ്മു കശ്മീരിലെ ശ്രീനഗർ നഗരത്തിലെ ജുമാ മസ്ജിദിലും ഈദ്ഗാഹിലും ഈദ് പ്രാർത്ഥനയ്ക്ക് അനുമതി നിഷേധിച്ചതായും മിർവൈസ് ഉമർ പറഞ്ഞു.

‘കശ്മീരിലെ മുസ്‌ലിങ്ങൾക്ക് ഈദ് ഗാഹിലും ജുമാ മസ്ജിദിലും ഈദ് പ്രാർത്ഥന നടത്താനുള്ള അടിസ്ഥാന അവകാശം വീണ്ടും നിഷേധിച്ച അധികാരികളുടെ തീരുമാനം എന്നെ വളരെയധികം വേദനിപ്പിക്കുന്നു. അതിനെതിരെ ഞാൻ ശക്തമായി അപലപിക്കുകയും ചെയ്യുന്നു. മസ്ജിദുകൾ അടച്ച് പൂട്ടി, അവർ എന്നെ വീട്ടിൽ തടങ്കലിൽ വയ്ക്കുകയാണ്.

1990 കളിൽ തീവ്രവാദം കൊടുമ്പിരി കൊണ്ടിരുന്നപ്പോഴും ഈദ്ഗാഹിൽ ഈദ് പ്രാർത്ഥനകൾ നടത്തിയിരുന്നു. എന്നാൽ ഇപ്പോൾ, അധികാരികൾ എല്ലാ ദിവസവും കശ്മീരിൽ ‘സാധാരണാവസ്ഥയാണെന്ന് ‘വാദിക്കുമ്പോഴും അതിനെക്കുറിച്ച് വലിയ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും, എന്തുകൊണ്ടാണ് മുസ്‌ലിങ്ങളെ അവരുടെ മതസ്ഥലങ്ങളിൽ നിന്നും ആചാരങ്ങളിൽ നിന്നും മാറ്റി നിർത്തുന്നത്? എന്താണ് ഈ അജണ്ട? കശ്മീരി മുസ്‌ലിങ്ങളുടെ കൂട്ടായ സ്വത്വം ഭരണാധികാരികൾക്ക് ഭീഷണിയാണോ?,’ മിർവൈസ് ഉമർ ഫാറൂഖ് തന്റെ എക്സ് പോസ്റ്റിൽ കുറിച്ചു.

ഈദ്ഗാഹും ജുമാ മസ്ജിദും ജനങ്ങളുടേതാണെന്നും പോസ്റ്റിൽ പരാമർശിച്ചിട്ടുണ്ട്. ഈദിന് പോലും പുണ്യസ്ഥലങ്ങളിൽ നിന്ന് അവരെ വിലക്കുന്നത് ഇന്ന് കശ്മീരിൽ നിലനിൽക്കുന്ന അടിച്ചമർത്തലും സ്വേച്ഛാധിപത്യപരവുമായ സമീപനത്തെ പ്രതിഫലിപ്പിക്കുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

മിർവൈസ് ഉമർ ഫാറൂഖ് നേതൃത്വം നൽകുന്ന അവാമി ആക്ഷൻ കമ്മിറ്റിയെ (എ.സി.സി) അഞ്ച് വർഷത്തേക്ക് ആഭ്യന്തര മന്ത്രാലയം അടുത്തിടെ നിരോധിച്ചിരുന്നു.

യുവാക്കളെ കല്ലെറിയാനും അക്രമത്തിനും പ്രോത്സാഹിപ്പിക്കുകയും അതുവഴി സംസ്ഥാനത്തിനെതിരെ പ്രവർത്തിക്കുകയും ചെയ്യുന്ന ഒരു ദേശവിരുദ്ധ സംഘടനയാണ് എ.സി.സി എന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

1963ൽ മിർവൈസ് മൗലാന മുഹമ്മദ് ഫാറൂഖാണ് എ.സി.സി രൂപീകരിച്ചത്. മൂത്ത മിർവൈസിന്റെ കൊലപാതകത്തിനുശേഷം, അദ്ദേഹത്തിന്റെ മകൻ മിർവൈസ് ഉമർ ഫാറൂഖ് എ.സി.സിയുടെ തലവനായി.

 

Content Highlight: J&K: Mirwaiz Umar Farooq placed under house arrest on Eid