കോഴിക്കോട്: ഏക സിവില്‍കോഡ് തുല്യതയ്ക്ക് എതിരാണെന്നും രാജ്യത്ത് എല്ലാ തരത്തിലുള്ള തുല്യതയും ആവശ്യമാണെന്നും സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഏക സിവില്‍കോഡ് തുല്യത കൊണ്ടുവരില്ലെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച രാത്രി വന്നിറങ്ങിയ ശേഷം കരിപ്പൂര്‍ വിമാനത്താവളത്തില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സെമിനാറില്‍ കോണ്‍ഗ്രസിനെ ക്ഷണിക്കാത്തതിനെ കുറിച്ച് സംസ്ഥാന നേതൃത്വത്തോടാണ് ചോദിക്കേണ്ടതെന്നും യെച്ചൂരി പറഞ്ഞു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിനേയും ലീഗിനേയും ചേര്‍ത്തുള്ള പരിപാടിയെകുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കി.
ഏക സിവില്‍കോഡിനെതിരെ നടക്കുന്ന ദേശീയ സെമിനാറില്‍ പങ്കെടുക്കാനായി സീതാറാം യെച്ചൂരി വെള്ളിയാഴ്ച രാത്രിയോടെ കോഴിക്കോടെത്തി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള ബി.ജെ.പിയുടെ വര്‍ഗീയ നീക്കത്തിനെതിരായി വിവിധ സാമൂഹ്യ വിഭാഗങ്ങളുടെയും സാംസ്‌കാരിക രാഷ്ട്രീയ സംഘടനകളുടെയും വിശാലവേദി കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സി.പി.ഐ.എം ഈ സെമിനാര്‍ സംഘടിപ്പിക്കുന്നത്.
വെള്ളിയാഴ്ച രാത്രി ഒമ്പതരയോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയ യെച്ചൂരിയെ സി.പി.ഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ. പ്രദീപ്കുമാര്‍, കെ.ടി. കുഞ്ഞിക്കണ്ണന്‍ എന്നിവരും സ്വീകരിക്കാനെത്തി. ശനിയാഴ്ച വൈകീട്ട് നാല് മണിക്ക് നടക്കുന്ന സെമിനാര്‍ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും.
അതേസമയം, ഏക സിവില്‍കോഡ് വിഷയത്തില്‍ പൊതുജനാഭിപ്രായം അറിയിക്കാനുള്ള സമയപരിധി ലോ കമ്മീഷന്‍ നീട്ടി. ജൂലൈ 28 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്.
ഇതുവരെ ഓണ്‍ലൈനായി മാത്രം 50 ലക്ഷത്തിലേറെ പ്രതികരണങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും നേരിട്ടും വലിയ തോതില്‍ അഭിപ്രായങ്ങളും പ്രതികരണങ്ങളും ലഭിക്കുന്നുണ്ടെന്നും കമ്മീഷന്‍ അറിയിച്ചു. നേരത്തെ പ്രഖ്യാപിച്ചിരുന്ന കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് കമ്മീഷന്റെ പുതിയ നീക്കം.
ജൂണ്‍ 14നാണ് ഏക സിവില്‍കോഡ് നടപ്പാക്കുന്നത് സംബന്ധിച്ച് ലോ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയത്. സംഘടനകള്‍ക്കും വ്യക്തികള്‍ക്കുമെല്ലാം ലോ കമ്മീഷന്റെ വെബ്‌സൈറ്റില്‍ അഭിപ്രായം രേഖപ്പെടുത്താനാകും.