കോഴിക്കോട്: സിറാജ് ദിനപത്രം ഖത്തര്‍ എഡിഷന്‍ പൂട്ടിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ട് മാധ്യമം പത്രം തെറ്റിദ്ധാരണ പരത്താന്‍ ശ്രമിക്കുകയാണെന്ന് സിറാജ് ഡയറക്ടര്‍ മജീദ് കക്കാട്. ജമാഅത്തെ ഇസ്‌ലാമിയെയും മാധ്യമത്തെയും ഈ വിഷയത്തില്‍ താന്‍ കുറ്റമുക്തനാക്കിയെന്ന തരത്തില്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്ത അസംബന്ധമാണെന്നും അദ്ദേഹം അറിയിച്ചു.
‘ചാനല്‍ ചര്‍ച്ചക്കിടെ പറഞ്ഞ കാര്യങ്ങള്‍ അവസരത്തില്‍ നിന്ന് അടര്‍ത്തിയെടുത്തും വളച്ചൊടിച്ചും പ്രസിദ്ധീകരിച്ചത് അപഹാസ്യമാണ്. സിറാജ് ദിനപത്രത്തിന്റെ ഖത്തറിലെ പ്രവര്‍ത്തനം നിര്‍ത്തിക്കാന്‍ ജമാഅത്തെ ഇസ്‌ലാമിയും മാധ്യമം പത്രത്തിന്റെ ആളുകളും ഇടപെട്ടു എന്ന ഒ. അബ്ദുല്ല, കെ.ടി ജലീല്‍ അടക്കമുള്ളവരുടെ പ്രസ്താവന അവിശ്വസിക്കേണ്ട കാര്യമില്ല എന്നാണ് ഞാന്‍ പ്രധാനമായും പറഞ്ഞത്.
ഖത്തറിലറങ്ങുന്ന മറ്റു മലയാള പത്രങ്ങളെക്കാള്‍ വായനക്കാരും വരിക്കാരിലുമുണ്ടായ സിറാജിന്റെ വളര്‍ച്ച ചിലരെ അലോസരപ്പെടുത്തിയിരുന്നുവെന്നും അവിടുത്തെ സര്‍ക്കാറിനെതിരെ യാതൊരു ലേഖനവും പ്രസിദ്ധീകരിക്കാത്ത പത്രത്തിന്റെ പ്രസിദ്ധീകരണം ഒരു ദിവസം അര്‍ധരാത്രിയില്‍ തടഞ്ഞതിന് പിന്നില്‍ ചില കറുത്ത കരങ്ങളുണ്ടെന്നും വ്യക്തമാക്കിയതാണ്.
തേജസ് ദിനപത്രത്തിന്റെ ലേഖകനായിരുന്ന സലിം ജമാഅത്തെ ഇസ്‌ലാമിയുടെയും മാധ്യമത്തിന്റെയും ഭാഗത്ത് നിന്ന് നിന്നുണ്ടായ അപക്വമായ നിലപാടുകളെ കുറിച്ച് എഴുതിയതും ഞാന്‍ പരാമര്‍ശിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യങ്ങള്‍ ഞങ്ങള്‍ക്കില്ലെന്നാണ് ഞാന്‍ ചര്‍ച്ചയില്‍ പറഞ്ഞത്.
ജമാഅത്തെ ഇസ്‌ലാമിയും അവരുടെ പത്രവും ഗള്‍ഫിലെ പല പത്രങ്ങളെയും മുടക്കാന്‍ ശ്രമിച്ചതിനെക്കുറിച്ച് പറയുന്നത് ജലീല്‍ മാത്രമല്ലെന്നും വ്യക്തമാക്കുകയുണ്ടായി. അതാണ് മാധ്യമത്തെയും ജമാഅത്തെ ഇസ്ലാമിയെയും വെള്ളപൂശുന്ന വിധത്തില്‍ പത്രം വാര്‍ത്ത കൊടുത്തത്.
ഈ വിഷയത്തില്‍ പത്രവും ജമാഅത്തെ ഇസ്‌ലാമിയും കാണിക്കുന്ന വെപ്രാളവും തിടുക്കവും അവര്‍ക്കെതിരെ ഉയരുന്ന സംശയത്തെ ബലപ്പെടുത്തുന്നതാണ്,’ അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസമായിരുന്നു കെ.ടി ജലീലിന്റെ പ്രസ്താവനയെ തിരുത്തിക്കൊണ്ട് മാധ്യമം ദിനപത്രം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
‘സിറാജ്’ ദിനപത്രത്തിന്റെ ഖത്തര്‍ എഡിഷന്‍ പൂട്ടിച്ചതിന് പിന്നില്‍ ആരാണെന്ന് തങ്ങള്‍ക്കറിയില്ലെന്ന് സിറാജ് ഡയറക്ടര്‍ മജീദ് കക്കാട് പറഞ്ഞു എന്ന തരത്തിലായിരുന്നു മാധ്യമം വാര്‍ത്ത പ്രസിദ്ധീകരിച്ചത്.
ഖത്തര്‍ സര്‍ക്കാറിനെതിരെ ഒരു വാര്‍ത്തയും സിറാജ് പ്രസിദ്ധീകരിച്ചിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് പ്രസിദ്ധീകരണത്തിന് അനുമതി നിഷേധിച്ചത് എന്നത് സംബന്ധിച്ച് ഞങ്ങള്‍ക്കറിയില്ല. അതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെക്കുറിച്ച് പറയാനുള്ള തെളിവുകളൊന്നും ഞങ്ങളുടെ പക്കലില്ല. സിറാജിനെ ഖത്തറില്‍ പൂട്ടിച്ചത് മാധ്യമം മാനേജ്മെന്റാണെന്ന് മാധ്യമത്തിന്റെ സ്ഥാപകരില്‍ പ്രമുഖനെന്ന് പറയാവുന്ന ഒ. അബ്ദുല്ല പറഞ്ഞിരുന്നു.
അദ്ദേഹം പറയുന്നത് ഞങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമുണ്ടെന്ന് തോന്നുന്നില്ല എന്ന് അദ്ദേഹം പറഞ്ഞതായും മാധ്യമത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.
അതേസമയം ജൂലെ 28 ന് കെ. ടി. ജലീല്‍ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റില്‍ മാധ്യമത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. മറ്റ് മുസ്‌ലിം സംഘടനകള്‍ എന്തുകൊണ്ടാണ് മാധ്യമത്തെ അനുകൂലിച്ച് രംഗത്ത് വരാത്തതെന്നും അദ്ദേഹം ചോദ്യം ഉന്നയിച്ചിരുന്നു.
ജമാഅത്തെ ഇസ്‌ലാമിക്ക് സ്വാധീനമുള്ള ഗള്‍ഫ് നാടുകളില്‍ മാന്യമായ സമീപനം മറ്റു മലയാള പ്രസിദ്ധീകരണങ്ങളോട് നടത്തിയിരുന്നോ എന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നുണ്ട്.
കേരളത്തിലെ സമുന്നത സുന്നി നേതാവ് കുട്ടിഹസ്സന്‍ ഹാജിയെ വിദേശത്തെ ജയിലിലടപ്പിച്ചവര്‍ക്കു വേണ്ടി സുന്നി പ്രവര്‍ത്തകര്‍ രംഗത്തുവരില്ല.
പ്രമുഖ മുജാഹിദ് പണ്ഡിതന്‍ കെ ഉമര്‍ മൗലവിയെ ഖത്തറില്‍ അറസ്റ്റ് ചെയ്യിക്കാന്‍ ജമാത്തത്തെ ഇസ്‌ലാമി നടത്തിയ കളികള്‍ അറിയുന്നത് കൊണ്ടാണ് ഒരു മുജാഹിദ് നേതാവും നിങ്ങളുടെ രക്ഷക്കെത്താത്തത് എന്നും അദ്ദേഹം പറഞ്ഞു.
വെള്ളിമാട്കുന്നിലെ ജെ.ഡി.റ്റി എന്ന സ്ഥാപനം ഇന്ന് കാണുന്ന വിധത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരാന്‍ ഒരു പുരുഷായുസ്സ് മുഴുവന്‍ ഹോമിച്ച ഹസ്സന്‍ ഹാജിയെ കള്ളക്കഥകള്‍ മെനഞ്ഞ് ഒറ്റുകൊടുത്ത് ജയിലിലടപ്പിച്ച നിങ്ങള്‍ അറബിക്കടലില്‍ ആയിരം തവണ മുങ്ങിക്കുളിച്ചാലും ആ പാപ പങ്കിലതയില്‍ നിന്ന് മുക്തമാകുമോയെന്നും അദ്ദേഹം ചോദിച്ചു.
തേജസ് ദിനപത്രത്തിന്റെ ലേഖകനായിരുന്ന കെ. എ. സലീമും മാധ്യമം ഗള്‍ഫ് രാജ്യങ്ങളില്‍ മറ്റ് ദിനപത്രങ്ങളുടെ പ്രസിദ്ധീകരണം തടയാന്‍ ശ്രമങ്ങള്‍ നടത്തിയെന്ന ആരോപണമുന്നയിച്ചിരുന്നു. ചന്ദ്രിക, ദേശാഭിമാനി, സിറാജ് ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ പൂട്ടിക്കാനാണ് മാധ്യമം ശ്രമങ്ങള്‍ നടത്തിയിരുന്നതെന്നും അദ്ദേഹം പങ്കുവെച്ച് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരുന്നു.
സൗദിയിലായിരുന്നു തേജസിന്റെ ആദ്യ പത്രം പ്രസിദ്ധീകരിക്കാന്‍ തീരുമാനിച്ചിരുന്നതെന്നും എന്നാല്‍ പെര്‍മിഷന്‍ ലഭിക്കാതിരിക്കാന്‍ മാധ്യമം ശ്രമിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തേജസ് പത്രം സൗദി അധികാരികള്‍ക്കെതിരാണെന്നും, താലിബാന്‍ അനുകൂലമാണെന്നും തുടങ്ങി നിരവധി വ്യാജ വാര്‍ത്തകള്‍ തേജസിനെതിരെ പ്രചരിപ്പിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
ഇന്ത്യന്‍ എംബസിയിലെ മീഡിയാ ലിസ്റ്റില്‍ തേജസ് വരാതിരിക്കാന്‍ കത്തയച്ചുവെന്നും
നല്ല കമ്പനിയുടെ പരസ്യം തേജസില് ലഭിച്ചാല്‍ ഉടന്‍ ഗള്‍ഫ് മാധ്യമം ഓഫീസില്‍ നിന്നും വിളിപോകുമെന്നും അദ്ദേഹം പറയുന്നു.
തീവ്രവാദികളുടെ പത്രത്തിനാണ് നിങ്ങള്‍ പരസ്യം കൊടുക്കുന്നതെന്നും ഇത് നിങ്ങളുടെ സ്ഥാപനത്തെ ദോഷകരമായി ബാധിക്കുമെന്നും മാധ്യമം പറഞ്ഞിരുന്നുവെന്നും ഞങ്ങള്‍ക്ക് തന്നില്ലെങ്കിലും അവര്‍ക്കു കൊടുക്കരുതെന്നായിരുന്നു മാധ്യമം കമ്പനികള്‍ക്ക് നല്‍കിയ ഉപദേശമെന്നും കെ. എ. സലീം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു.
ഗള്‍ഫില്‍ തുടങ്ങിയ തേജസ്, ചന്ദ്രിക, സിറാജ്, ദേശാഭിമാനി അടക്കമുള്ള പത്രങ്ങള്‍ പൂട്ടിക്കാന്‍ ഇതിലും വലിയ വൃത്തികേടുകളാണ് ഗള്‍ഫ് മാധ്യമം ചെയ്തതെന്നും കെ. എ. സലിം പറഞ്ഞിരുന്നു.
Content Highlight: Siraj diirector says that madhymam is spreading fake news