തിരുവനന്തപുരം: സ്വവര്‍ഗാനുരാഗത്തിനെതിരെ ഗുരുതര വിമര്‍ശനങ്ങളുമായി സിറാജ് ദിനപത്രം. സ്വവര്‍ഗാനുരാഗം പ്രാകൃതമാണെന്നും, ഹൈന്ദവ വേദങ്ങള്‍ക്ക് എതിരാണെന്നും വരെ സിറാജ് ദിനപത്രത്തിന്റെ എഡിറ്റോറിയലില്‍ പറയുന്നു.
“”എതിര്‍ലിംഗങ്ങള്‍ തമ്മില്‍ ഇണചേരുക എന്നതാണ് പ്രകൃതിദത്തവും അംഗീകരിക്കപ്പെട്ടതുമായ രീതി. അതിന് വിരുദ്ധമായി പുരുഷനും പുരുഷനും തമ്മിലും സ്ത്രീയും സ്ത്രീയും തമ്മിലുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സദാചാര വിരുദ്ധവും പ്രാകൃതവുമാണ്”” സിറാജ് എഡിറ്റോറിയലിലെ വാക്കുകള്‍.
ബി.ജെ.പിയും ആര്‍.എസ്.എസും മുന്നോട്ട് വെയ്ക്കുന്ന ഇന്ത്യന്‍ ദാര്‍ശനികതയിലും സ്വവര്‍ഗരതി അംഗീകരിക്കുന്നില്ലെന്നും എഡിറ്റോറിയലില്‍ ലേഖകന്‍ വാദിക്കുന്നുണ്ട്. കന്യക മറ്റൊരു കന്യകയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ 200 പണം പിഴയായി നല്‍കുകയും പത്ത് ചാട്ടവറടി നല്‍കുകയുമായിരുന്നു പുരാതന ഭാരതത്തിലെ നിയമം. വിവാഹതിയാണ് ചെയ്തതെങ്കില്‍ അവരുടെ രണ്ട് വിരലുകള്‍ ഛേദിക്കണമായിരുന്നു. പിന്നെ എങ്ങനെയാണ് ബി.ജെ.പി ഇത് അംഗീകരിക്കുക എന്ന് സിറാജ് എഡിറ്റോറിയല്‍ ചോദിക്കുന്നു.
ആദ്യമായി എയിഡ്‌സ് കണ്ടെത്തിയത് സ്വവര്‍ഗാനുരാഗിയിലാണെന്നും എഡിറ്റോറിയലില്‍ വാദമുണ്ട്. ധാര്‍മികതയും ദര്‍ശനങ്ങളും ആരോഗ്യ ശാസ്ത്രവും തള്ളിപ്പറയുന്ന പ്രാകൃത പ്രവര്‍ത്തിയെ നിയമവിധേയമാക്കാന്‍ സര്‍ക്കാര്‍ ഒരുമ്പെടുന്നതിന് പിന്നിലെ ചേതോവികാരം എന്താണെന്ന് ചോദിച്ച് കൊണ്ടാണ് എഡിറ്റോറിയല്‍ അവസാനിക്കുന്നത്.
കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള സുന്നി വിഭാഗമാണ് സിറാജ് ദിനപത്രം നടത്തുന്നത്.
സ്വവര്‍ഗാനുരാഗം കുറ്റകരമാക്കുന്ന സെക്ഷന്‍ 377 നിലവില്‍ സുപ്രീംകോടതി പുനപരിശോധിക്കുകയാണ്.