കോഴിക്കോട്: ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്വീകരിച്ച നിലപാടുകള്‍ പൂര്‍ണമായും ശരിയാണെന്ന് മതപ്രഭാഷകന്‍ സിംസാറുല്‍ ഹഖ് ഹുദവി. ലോകത്തില്‍ ആണും പെണ്ണും മാത്രമേ ഉള്ളൂവെന്നും ട്രാന്‍സ്‌ജെന്‍ഡറുകള്‍ എന്നൊന്ന് ഇല്ല എന്നുമുള്ള ട്രംപിന്റെ നിലപാടിനെയാണ് ഹുദവി പ്രസംഗത്തിനിടെ പുകഴ്ത്തിയത്.
ട്രംപ് എന്തെല്ലാം കാര്യങ്ങളാണ് ചെയ്തുകൂട്ടുക എന്നതിനെ കുറിച്ച് തനിക്ക് ഒരു ധാരണയില്ലെന്നും എന്നാല്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഷയത്തില്‍ ട്രംപിന്റെ തീരുമാനം അംഗീകരിച്ചേ മതിയാകൂ എന്നുമാണ് ഹുദവി പറഞ്ഞത്.
ഡൊണാള്‍ഡ് ട്രംപില്‍ ചില നന്മകളുണ്ടെന്നും അത് സ്വീകരിക്കുന്നതില്‍ തെറ്റില്ലെന്നും സിംസാറുല്‍ ഹഖ് ഹുദവി പറഞ്ഞു.
സിംസാറുല്‍ ഹഖ് ഹുദവി
താന്‍ ഇതുവരെ മദ്യപിച്ചിട്ടില്ല എന്ന ട്രംപിന്റെ വാക്കുകളെയും ഹുദവി പുകഴ്ത്തി. ഡൊണാള്‍ഡ് ട്രംപില്‍ ഇത്തരം പല നന്മകളുമുണ്ടെന്നും നമുക്ക് സാധ്യമായത് സ്വീകരിക്കാമെനന്നും ഹുദവി കൂട്ടിച്ചേര്‍ത്തു.
ഹുദവിയുടെ വാക്കുകള്‍
‘ഡൊണാള്‍ഡ് ട്രംപ് വന്നു, മൂപ്പര്‍ എന്തൊക്കെയാണ് ചെയ്തുകൂട്ടുക എന്ന് നമുക്കറിയില്ല. പക്ഷേ ഒരു നല്ല കാര്യം ചെയ്തത് അംഗീകരിക്കേണ്ടി വരും. എന്താ? അദ്ദേഹം പറഞ്ഞു, രണ്ട് ജെന്‍ഡര്‍ മാത്രമേ ഈ ലോകത്തുള്ളൂ. മെയ്ല്‍ ആന്‍ഡ് ഫീമെയ്ല്‍. ട്രാന്‍സ്‌ജെന്‍ഡറിന്റെ പരിപാടി ഇല്ല. നിങ്ങള്‍ ഒച്ചപ്പാടുണ്ടാക്കി വരാന്‍ നില്‍ക്കേണ്ട, ഒരു കുട്ടിക്കും ഒരു ആനുകൂല്യവും തരില്ല.
ട്രംപ് പലതും വിളിച്ച് പറയും എന്നാല്‍ അദ്ദേഹത്തിന്റെ ചില നല്ല കാര്യങ്ങള്‍ സ്വീകരിക്കേണ്ടി വരും. ജനിച്ചിട്ട് ഇതുവരെ ഒരു ഇറക്ക് കള്ള് കുടിച്ചിട്ടില്ല എന്ന് ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞിരുന്നു. ജീവിതത്തില്‍ ഒരിക്കല്‍പ്പോലും സിഗരറ്റ് വലിച്ചിട്ടില്ലത്രേ.
ഡൊണാള്‍ഡ് ട്രംപ്
അദ്ദേഹം പറയുന്നു, എനിക്ക് ഒരു സഹോദരനുണ്ട്, അയാളുടെ പേര് ഫ്രെഡ് എന്നാണ്. എന്റെ സഹോദരന്‍, ഹീ വാസ് എ വെരി ഗുഡ് ബ്രദര്‍, പക്ഷേ കള്ളുകുടിയനാണ്, കുടിച്ച് ജീവിതം തകര്‍ന്നു. എന്നോട് പറയും ഡൊണാള്‍ഡ് നീ കുടിക്കരുത് എന്ന്. ജ്യേഷ്ഠന്റെ ഉപദേശമാണ്.
ട്രംപിന് എട്ട് വയസുള്ള ഒരു മകനുണ്ട്. അവനോട് പറയുന്നുണ്ട്, സണ്‍ നെവര്‍ ഡ്രിങ്ക് ഇന്‍ യുവര്‍ ലൈഫ്. ആല്‍ക്കഹോളോ മറ്റ് ലഹരിയോ ഈ ജീവിതത്തില്‍ നിന്റെ വായിലൂടെ കടക്കരുത് എന്ന് പറയുന്നുണ്ട്. ഒരിക്കലും നീ പുക വലിക്കരുത്, കുട്ടിയോട് പറഞ്ഞുകൊടുക്കുകയാണ്.
അദ്ദേഹത്തില്‍ ചില നന്മകളുണ്ട്. ആ നന്മകളില്‍ നമുക്ക് പറ്റുന്നതെടുക്കാം. നന്മയെ നന്മയായി നമ്മള്‍ അംഗീകരിക്കണം. അദ്ദേഹം കൊണ്ടുവന്ന ആദ്യ പ്രഖ്യാപനം അതാണ്, ഇവിടെ ആണും പെണ്ണും മാത്രമേ ഉള്ളൂ. ട്രാന്‍സ്‌ജെന്‍ഡര്‍ എന്ന് പറഞ്ഞ പുതിയ ഒരു ജെന്‍ഡര്‍ ഉണ്ടാക്കണ്ട,’
അതേസമയം, ഹുദവിയുടെ വാക്കുകള്‍ വലിയ തോതിലുള്ള വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുന്നുണ്ട്.
എന്താണ് ഗസ വംശഹത്യാ യുദ്ധത്തിന്റെ പിന്നിലെ യഥാര്‍ത്ഥ അജണ്ടയെന്നും ആരൊക്കെയാണ് അതിന്റെ ഗുണഭോക്താക്കളെന്നും മനസിലാക്കാന്‍ പോലും ഹുദവിക്ക് സാധിക്കുന്നില്ലെന്നും കള്ളുകുടിക്കാത്ത ട്രംപിനോടുള്ള സ്‌നേഹത്താല്‍ അന്ധനായ ഇയാള്‍ക്ക് ഗസയില്‍ ഇനിയും ബോംബിട്ട് കൊന്നു തീര്‍ക്കാന്‍ ഒരുങ്ങുന്ന രക്ത പാനിയായ ട്രംപിനെ കാണാനാവാത്തത് യാദൃശ്ചികമല്ല, സിംസാറുല്‍ ഹഖ് ഹുദവി, അഥവാ ഗ്രന്ഥം ചുമക്കുന്ന കഴുത തുടങ്ങിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
നേരത്തെ മുസ്‌ലിങ്ങള്‍ മറ്റ് മതസ്ഥരുടെ ആഘോഷങ്ങളില്‍ പങ്കെടുക്കരുത്, ഓണസദ്യ കഴിക്കരുത് തുടങ്ങിയ വിവാദ പരാമര്‍ശങ്ങളും ഹുദവി നടത്തിയിരുന്നു.
Content Highlight: Simsarul Haq Hudavi says that the positions taken by US President Donald Trump on the transgender issue are completely correct.