ന്യൂദല്‍ഹി: എം.പിമാരുടെ ശമ്പളവും ആനുകൂല്യങ്ങളും വര്‍ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍. പുതിയ വിജ്ഞാപന പ്രകാരം 100,000ത്തില്‍ നിന്ന് 25000 രൂപ കൂട്ടി 125,000 രൂപയായാണ് എം.പിമാരുടെ ശമ്പളം വര്‍ധിപ്പിച്ചിരിക്കുന്നത്.
2023 ഏപ്രില്‍ ഒന്ന് മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതിയ ശമ്പള പരിഷ്‌ക്കരണം നിലവില്‍ വരിക. ഇതിന് പുറമെ എം.പിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. 25000ത്തില്‍ നിന്ന് 31000 ആയാണ് പെന്‍ഷന്‍ വര്‍ധിപ്പിച്ചിരിക്കുന്നത്. പ്രതിദിന അലവന്‍സ് 2000ത്തില്‍ നിന്ന് 2500 ആയും വര്‍ധിപ്പിച്ചിട്ടുണ്ട്.
അഞ്ച് വര്‍ത്തിന് പുറമെ ഒരു വര്‍ഷം അധികം സര്‍വീസില്‍ തുടരുന്ന എം.പിമാര്‍ക്കുള്ള ആനുകൂല്യവും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം കര്‍ണാടക സര്‍ക്കാര്‍ എം.എല്‍.എമാര്‍ക്കും എം.എല്‍.എസിമാര്‍ക്കും മന്ത്രിമാര്‍ക്കുമുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിച്ചതിന് പിന്നാലെയാണിത്.
മുഖ്യമന്ത്രിയുടെ ശമ്പളം 75,000 രൂപയില്‍ നിന്ന് 1.50 ലക്ഷം രൂപയായും മന്ത്രിമാര്‍ക്ക് 60,000 രൂപയില്‍ നിന്ന് 1.25 ലക്ഷം രൂപയായും ആണ് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയത്. നിയമസഭാംഗങ്ങള്‍ക്ക് 40,000 രൂപയില്‍ നിന്ന് 80,000 രൂപയായും ശമ്പളം ഉയര്‍ത്തി. ഇതിന് പുറമെ മന്ത്രിമാരുടെ അലവന്‍സുകള്‍ 1.20 ലക്ഷത്തില്‍ നിന്ന് 2.50 ലക്ഷമായി ഇരട്ടിയാക്കുകയും ചെയ്തിരുന്നു.
നിയമസഭ സ്പീക്കറുടെയും നിയമസഭ കൗണ്‍സില്‍ ചെയര്‍മാന്റെയും പ്രതിമാസ ശമ്പളവും 75,000 രൂപയില്‍ നിന്ന് 1.25 ലക്ഷമായി ഉയര്‍ത്തിയിരുന്നു. അവരുടെ അലവന്‍സുകള്‍ നാല് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയിട്ടുണ്ട്.
നിയമസഭ ജീവനക്കാരുടെ ശമ്പള വര്‍ധനവും അലവന്‍സുകളും നിര്‍ദ്ദേശിക്കുന്ന ഭേദഗതി ബില്‍ വെള്ളിയാഴ്ചയാണ് സംസ്ഥാന നിയമസഭ പാസാക്കിയത്. തുടര്‍ന്ന് ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് ഈ ബില്‍ അംഗീകരിച്ചു.
Content Highlight: Central Government increases the salary and other benefits of MP’s