Advertisement
Football
ഞങ്ങളാണ് വിജയം അര്‍ഹിച്ചിരുന്നത്, കളി കണ്ടവര്‍ക്ക് അതറിയാം: ബെംഗളൂരു എഫ്.സി കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 04, 02:58 pm
Saturday, 4th March 2023, 8:28 pm

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ വിവാദ ഗോള്‍ വിഷയത്തില്‍ പ്രതികരിച്ച് ബെംഗളൂരു എഫ്.സി കോച്ച് സൈമണ് ഗ്രേസണ്‍. ഫ്രീ കിക്കിനുള്ള അവസരം ലഭിച്ചപ്പോള്‍ തങ്ങള്‍ അത് ഗോളാക്കുകയായിരുന്നെന്നും മത്സരത്തില്‍ നിരവധി അവസരങ്ങള്‍ ഒരുക്കാന്‍ തങ്ങള്‍ക്ക് സാധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

‘മൈതാനത്ത് എന്താണ് സംഭവിച്ചതെന്ന് നമ്മളെല്ലാം കണ്ടതാണ്. ഞങ്ങള്‍ക്ക് ഫ്രീകിക്ക് ലഭിച്ചു. അത് ഛേത്രി ഗോളാക്കുകയും ചെയ്തു.

ഞങ്ങള്‍ തന്നെയാണ് വിജയം അര്‍ഹിച്ചിരുന്നത്. ആദ്യപകുതിയില്‍ നന്നായി കളിക്കാന്‍ ഞങ്ങള്‍ക്ക് സാധിച്ചിരുന്നു. മത്സരത്തില്‍ നിരവധി അവസരങ്ങള്‍ സൃഷ്ടിക്കാനും ബ്ലാസറ്റേഴ്‌സിന്റെ താരങ്ങളെ പിടിച്ചുകെട്ടാനും ഞങ്ങള്‍ക്ക് സാധിച്ചിരുന്നു.

മത്സരത്തെ വിലയിരുത്തിയാല്‍ ജയം ബെംഗളൂരു എഫ്.സി തന്നെയാണ് അര്‍ഹിച്ചിരുന്നതെന്ന് എല്ലാവര്‍ക്കും മനസിലായ കാര്യമാണ്. തുടര്‍ച്ചയായ ഒമ്പതാം ജയം നേടിയതില്‍ അതിയായ സന്തോഷമുണ്ട്. മുംബൈ സിറ്റിക്കെതിരായ സെമി ഫൈനല്‍ മത്സരത്തിലാണ് ഇനി ഞങ്ങളുടെ ശ്രദ്ധ,’ സൈമണ്‍ ഗ്രേസണ്‍ പറഞ്ഞു.

അതേസമയം, ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബെംഗളൂര്‍ എഫ്.സി സെമി ഫൈനലിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് മത്സരം ബഹിഷ്‌കരിച്ചതോടെ ബെംഗളൂരു സെമിയിലേക്ക് യോഗ്യത നേടുകയായിരുന്നു. അധിക സമയത്ത് ഗോള്‍ രഹിത സമനിലയില്‍ പിരിഞ്ഞ മത്സരത്തിന്റെ തൊണ്ണൂറ്റിയേഴാം മിനിട്ടിലാണ് മത്സരത്തില്‍ വഴിത്തിരിവുണ്ടായത്.

ബെംഗളൂരുവിന് ലഭിച്ച ഫ്രീ കിക്ക് ഗോള്‍ കേരളാ ഗോള്‍ കീപ്പര്‍ പ്രബുഷ്ഖന്‍ സിങ് ഗില്‍ തയ്യാറാകുന്നതിന് മുമ്പ് സുനില്‍ ചേത്രി സ്‌കോര്‍ ചെയ്തതില്‍ പ്രതിഷേധിച്ചായിരുന്നു ബ്ലാസ്റ്റേഴ്‌സ് മൈതാനം വിട്ടത്. മത്സരത്തിന്റെ അധിക സമയത്തിന്റെ ആദ്യ പകുതിയിലായിരുന്നു ബെംഗളൂരുവിന്റെ വിവാദ ഗോള്‍ പിറന്നത്.

മത്സരത്തില്‍ റഫറിയുടെ വിസില്‍ മുഴങ്ങുന്നതിന് മുമ്പ് ചേത്രി എടുത്ത ഷോട്ട് ഗോളാക്കാനാകില്ലഎന്നാരോപിച്ചാണ് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ മൈതാനം വിട്ടത്.

ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിഷേധം വക വെക്കാതെ അധികൃതര്‍ ബെംഗളൂരുവിനെവിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ഈ സീസണിലും ഐ.എസ്.എല്‍ കിരീടം എന്ന ലക്ഷ്യം ബ്ലാസ്റ്റേഴ്‌സിന് സാക്ഷാല്‍ക്കരിക്കാനാകില്ല.

ഇനി മുംബൈ സിറ്റി എഫ്.സിയെയാണ് ബെംഗളൂരു സെമിയില്‍ നേരിടുക.

Content Highlights: Simon Greyson responds on Bengaluru’s FC’s goal