നീണ്ട നാളത്തെ ഇടവേളക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കാമ്പസും പ്രണയവുമെല്ലാം കടന്നുവരുന്ന ചിത്രമെന്ന വിവരം പുറത്ത് വന്നപ്പോള്‍ തന്നെ അതിനു മുന്നിലുള്ള പ്രധാനവെല്ലുവിളി തട്ടത്തിന്‍ മറയത്ത് തന്നെയായിരുന്നു. വിനീതിന്റെ ഏറ്റവും ജനപ്രീതിയുള്ള ചിത്രമായി വിലയിരുത്തപ്പെടുന്ന തട്ടത്തിന്‍ മറയത്ത് എങ്ങനെ പോയാലും ഹൃദയവുമായി കംപയര്‍ ചെയ്യപ്പെടുമെന്ന കാര്യം വിനീതിന് തന്നെ അറിയാമായിരുന്നു.
എന്നാല്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്ന ഹൃദയം നിവിന് തട്ടത്തിന് മറയത്ത് എന്നത് പോലെ പ്രണവിന് വലിയ ബ്രേക്ക് നല്‍കിയിരിക്കുകയാണ്.
ഈ ചിത്രങ്ങളില്‍ വിനീത് പിന്തുടര്‍ന്ന ചില ഫോര്‍മുലകളുണ്ടായിരുന്നു. തട്ടത്തില്‍ പരീക്ഷിച്ച ചില സംഗതികള്‍ വിനീത് ഹൃദയത്തിലും ആവര്‍ത്തിച്ചിട്ടുണ്ട്. അതില്‍ ഏറ്റവും പ്രധാനപ്പെട്ടത് സംഗീതം തന്നെയാണ്.
15 പാട്ടുള്ള സിനിമയോ എന്ന് കളിയാക്കിവരുടെ സംശയങ്ങളെ അസ്ഥാനത്താക്കിയ ഹൃദയത്തില്‍ ഓരോ ഗാനവും വന്ന് പോയത് പോലും പ്രേക്ഷകര്‍ അറിഞ്ഞില്ല.
എന്തുചെയ്താലും പാട്ട് കേട്ട് മൂഡ് ക്രിയേറ്റ് ചെയ്തതിന് ശേഷം മാത്രമേ അത് ചെയ്യൂ എന്ന വിനീത് തന്നെ വ്യക്തമാക്കിയതായിരുന്നു. അതുപോലെ തന്നെയാണ് വിനീതിന്റെ സിനിമകളും. സംഗീതത്തെ മാറ്റി നിര്‍ത്തി തട്ടവും ഹൃദയവും ചിന്തിക്കാന്‍ തന്നെ സാധിക്കില്ല. അത്രമേല്‍ സംഗീതം ഇരുചിത്രങ്ങളിലും ഇഴചേര്‍ന്ന് കിടക്കുന്നുണ്ട്.
ഇനി ചിത്രങ്ങളിലെ ചില സാമ്യങ്ങള്‍ നോക്കാം. രണ്ടു സിനിമകളിലും നായികയെ കാണുമ്പോള്‍ സെമിക്ലാസിക്കല്‍ പാട്ടുകളാണ് പശ്ചാത്തല സംഗീതമായി വരുന്നത്. തട്ടത്തിന്‍ മറയത്തില്‍ ആയിഷയെ(ഇഷ തല്‍വാര്‍) വിനോദ് ആദ്യമായി കാണുന്നത് ‘ശ്വേതാംബരധരേദേവി’ എന്ന ദേവീസ്തുതിയുടെ പശ്ചാത്തലത്തിലാണ്. ഈ സംഭവം നടക്കുന്നത് ഒരു കല്യാണ വീട്ടിലാണ്.
ഇനി ഹൃദയത്തിലേക്ക് വരുമ്പോള്‍ നിത്യയെ(കല്യാണി പ്രിയദര്‍ശന്‍) കാണുമ്പോള്‍ പശ്ചാത്തല സംഗീതമായി വരുന്നത് ത്യാഗരാജ കീര്‍ത്തനമായ ‘നഗുമോ’ ആണ്. അതും ഒരു കല്യാണ വീട്ടില്‍ തന്നെയാണ്.
ആദ്യം കണ്ടപ്പോള്‍ നായികമാര്‍ വെള്ളവസ്ത്രമാണ് ധരിച്ചതെന്നത് മറ്റൊരു യാദൃശ്ചികതയാവാം. (ദര്‍ശനയേയും ആയിഷയേയും കാണുമ്പോള്‍ വളുത്ത ചുരിദാര്‍ ആയിരുന്നു വേഷം).
പഴയ പാട്ടുകള്‍ തിരിച്ചു കൊണ്ടുവന്നതാണ് മറ്റൊരു സവിശേഷത. തട്ടത്തില്‍ ‘ആയിരം കണ്ണുമായി’ കൊണ്ടുവന്നപ്പോള്‍ ഹൃദയത്തില്‍ മോഹന്‍ലാലിന്റെ ‘ചിത്ര’ത്തിലെ നഗുമോ വീണ്ടും പുനരാവിഷ്‌കരിച്ചു. ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലും ഈ സമാനത ഉണ്ടായിരുന്നു. ഉണ്ണികളെ ഒരു കഥ പറയാമാണ് ഈ ചിത്രത്തില്‍ വീണ്ടും പാടിയത്.