നവാഗതനായ ശിവപ്രസാദ് സംവിധാനം ചെയ്ത് ബേസില്‍ ജോസഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മരണമാസ്. ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ്, റാഫേല്‍ പ്രൊജക്ട്‌സ്, വേള്‍ഡ് വൈഡ് ഫിലിംസ് എന്നിവരുടെ ബാനറില്‍ ടൊവിനോ തോമസ്, റാഫേല്‍ പൊഴോലിപറമ്പില്‍, ടിങ്സ്റ്റണ്‍ തോമസ്, തന്‍സീര്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. വിഷു റിലീസായാണ് ചിത്രം തിയേറ്ററില്‍ എത്തുന്നത്.
സിജു സണ്ണി രചന നിര്‍വഹിക്കുന്ന ചിത്രത്തില്‍ ബേസിലിനെ കൂടാതെ സിജു സണ്ണി, സുരേഷ് കൃഷ്ണ, രാജേഷ് മാധവന്‍, ബാബു ആന്റണി, അനിഷ്മ അനില്‍കുമാര്‍ എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇപ്പോള്‍ ബേസില്‍ ജോസഫിനെ കുറിച്ച് സംസാരിക്കുകയാണ് സിജു സണ്ണി. രോമാഞ്ചത്തിന് ശേഷം താന്‍ അഭിനയിക്കാന്‍ ചെന്നത് ഗുരുവായൂരമ്പലനടയില്‍ എന്ന സിനിമയുടെ സെറ്റിലാണെന്നും അവിടെവെച്ചാണ് ബേസില്‍ ജോസഫുമായി കമ്പനിയാകുന്നതെന്നും സിജു സണ്ണി പറയുന്നു.
വേഗം തന്നെ ഇരുവരും നല്ല കൂട്ടായെന്നും ആ സൗഹൃദമാണ് ഒന്നിച്ച് മരണമാസ് എന്ന സിനിമ വരെയെത്തിയതെന്നും സിജു പറഞ്ഞു. മൈല്‍ സ്റ്റോണ്‍ മേക്കേഴ്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിജു സണ്ണി.
‘രോമാഞ്ചത്തിന് ശേഷം ഗുരുവായൂരമ്പലനടയില്‍ സിനിമയുടെ സെറ്റിലാണ് ഞാന്‍ ജോയിന്‍ ചെയ്യുന്നത്. അവിടെ ചെന്നപ്പോള്‍ ബേസില്‍ ചേട്ടന്‍ ഉണ്ട്. അദ്ദേഹം ഞങ്ങള്‍ക്ക് ഭയങ്കര ഫ്രീഡം തരാന്‍ തുടങ്ങി, പയ്യെപ്പയ്യെ ഞങ്ങള്‍ നല്ല കമ്പനിയായി. പിന്നെ തലയില്‍ കയറി ഇരിക്കാന്‍ തുടങ്ങി. പിന്നെ ഞങ്ങളത് ചൂഷണം ചെയ്യാന്‍ തുടങ്ങി. അവസാനം ഞങ്ങള്‍ ഒരു സിനിമ വരെ ചെയ്തു.
ഇടക്കൊക്കെ ബേസില്‍ ചേട്ടന്‍ പറയും, ‘ഞാന്‍ മിന്നല്‍ മുരളിയുടെ സംവിധായകനാണെഡോ’ എന്ന്. കുറേ കാലമായി അദ്ദേഹത്തിന്റെ കൂടെ ഉള്ളതുകൊണ്ടുതന്നെ ഓരോ ദിവസവും ബേസില്‍ ചേട്ടന്‍ കയറിവരുമ്പോള്‍ ഇന്നത്തെ മൂഡ് എങ്ങനെയാണ്, എന്തൊക്കെയാണ് പറയേണ്ടത്, എന്തൊക്കെ പറയാം എന്നെല്ലാം മനസിലാകും. കാരണം ഞങ്ങള്‍ അത്രക്ക് കമ്പനിയായി,’ സിജു സണ്ണി പറയുന്നു.
Content Highlight: Siju Sunny Talks About Basil Joseph