Daily News
ആദിവാസി വിരുദ്ധ പരാമര്‍ശം; മന്ത്രി എ.കെ ബാലനെ പദവിയില്‍ നിന്ന് നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Oct 24, 12:40 pm
Monday, 24th October 2016, 6:10 pm

ഭൂമിക്കും, പാര്‍പ്പിടത്തിനും അന്തസ്സുള്ള തൊഴിലിനും വേണ്ടി ഗുജറാത്ത് ഉന സമരനേതാവ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ തുടക്കം കുറിക്കുന്ന നവജനാധിപത്യപ്രസ്ഥാനത്തിന്റെ വക്താക്കള്‍, ഗോത്രമഹാസഭ, ദളിത് – ആദിവാസി പൗരാവകാശ സമിതിയിലെ സംഘടനകള്‍, നവമാധ്യമകൂട്ടായ്മകള്‍, സ്ത്രീവാദ സംഘടനകള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് എ.കെ. ബാലനെ ഭരണഘടനാപദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്‌നിന് തുടക്കം കുറിക്കുന്നത്.  


എറണാകുളം: സ്ത്രീ-ആദിവാസി ദളിത് വിഭാഗങ്ങളുടെ അന്തസ്സിനെയും ആത്മാഭിമാനത്തെയും അപഹസിച്ച പട്ടികവര്‍ഗ്ഗ വകുപ്പു മന്ത്രി ഏ.കെ. ബാലനെ ഭരണഘടനാപദവികളില്‍ നിന്നും നീക്കം ചെയ്യാന്‍ 10 ലക്ഷം ഒപ്പ് ശേഖരിക്കാന്‍ പൗരാവകാശ ജനാധിപത്യപ്രസ്ഥാനങ്ങള്‍ തീരുമാനിച്ചു.

ഭൂമിക്കും, പാര്‍പ്പിടത്തിനും അന്തസ്സുള്ള തൊഴിലിനും വേണ്ടി ഗുജറാത്ത് ഉന സമരനേതാവ് ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ കേരളത്തില്‍ തുടക്കം കുറിക്കുന്ന നവജനാധിപത്യപ്രസ്ഥാനത്തിന്റെ വക്താക്കള്‍, ഗോത്രമഹാസഭ, ദളിത് – ആദിവാസി പൗരാവകാശ സമിതിയിലെ സംഘടനകള്‍, നവമാധ്യമകൂട്ടായ്മകള്‍, സ്ത്രീവാദ സംഘടനകള്‍ എന്നിവര്‍ മുന്‍കൈയെടുത്താണ് എ.കെ. ബാലനെ ഭരണഘടനാപദവിയില്‍ നിന്നും നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ക്യാംപെയ്‌നിന് തുടക്കം കുറിക്കുന്നത്.

“സ്ത്രീകളെയും ആദിവാസി – ദളിത് വിഭാഗങ്ങളെയും അവഹേളിക്കുന്നവരെ ഭരണഘടനാപദവിയില്‍ നിന്നും നീക്കം ചെയ്യേണ്ടത് നിയമസഭയുടെ ബാധ്യതയാണ് മന്ത്രി എ.കെ. ബാലനെ ഭരണഘടനാ പദവികളില്‍ നിന്നും നീക്കം ചെയ്യുന്നത് ജനാധിപത്യമര്യാദയാണ്” എന്ന പൗരാവകാശമുദ്രാവാക്യം ഉയര്‍ത്തിയാണ് 10 ലക്ഷം ഒപ്പ് ശേഖരിച്ച് മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കുന്നത്.

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഇ-മെയില്‍, വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നിവയിലേക്ക് സന്ദേശമയച്ചും നിവേദനം പോസ്റ്റ് ചെയ്തും ക്യാംപെയിന്‍ ആരംഭിക്കുന്നതാണ്. ആദിവാസി – ദളിത് ഊര് കൂട്ടങ്ങളില്‍ നിന്നും കൂട്ട നിവേദനവും അയക്കുന്നതാണ്.

അട്ടപ്പാടിയിലെ ശിശുമരണത്തെയും സ്ത്രീകളുടെ ദുരിതങ്ങളെയും ഹാസ്യരൂപത്തിലും അശ്ലീലഭാഷ്യരൂപത്തിലും അവതരിപ്പിക്കുന്ന രീതിയാണ് എ.കെ. ബാലന്‍ തുടര്‍ന്നിരുന്നത്. ആദിവാസി സമൂഹവും, സ്ത്രീകളും നേരിടുന്ന ദുരന്തത്തെ ലഘൂകരിക്കാനാണ് വകുപ്പുമന്ത്രി എന്ന നിലയില്‍ എ.കെ. ബാലന്‍ ഇത് ചെയ്തിരുന്നത്.

നൂറിലേറെ കുരുന്നുകള്‍ മരിച്ചുകഴിഞ്ഞ അട്ടപ്പാടിയുടെ പ്രശ്‌നത്തെ ഓണക്കോടി നല്‍കിയും കസവ് മുണ്ട് നല്‍കി മറച്ചുവെയ്ക്കാനാണ് മന്ത്രി ശ്രമിച്ചത്. സി.പി.ഐ.എമ്മിന്റെ സീനിയര്‍ നേതാവായത് കൊണ്ടുമാത്രം ഭരിക്കാന്‍ യോഗ്യതയുണ്ടാകുന്നില്ല. പാര്‍ശ്വവല്‍കൃതരോട്, പ്രത്യേകിച്ചും സ്ത്രീകളോട്, അന്തസ്സായി പെരുമാറാനും മനുഷ്യാവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും നേതൃത്വങ്ങള്‍ക്ക് കഴിയേണ്ടതുണ്ട്. മന്ത്രി എ.കെ. ബാലന്‍ ഇക്കാര്യത്തില്‍ തികഞ്ഞ പരാജയമാണെന്നും ക്യാംപെയ്‌നിന്റെ ഭാരവാഹികള്‍  അഭിപ്രായപ്പെട്ടു.

സ്ത്രീ – ദളിത് – ആദിവാസി വിഭാഗങ്ങളുടെയും മത-വംശീയ ന്യൂനപക്ഷങ്ങളുടെയും പൗരാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്ന സാഹചര്യമാണ് കേരളത്തിലും ഇന്ത്യയിലുമുള്ളത്. പോലീസ് കസ്റ്റഡിയില്‍ മൂന്നാംമുറ തിരിച്ചുവരികയാണ്. കൊല്ലം ജില്ലയില്‍ ദലിത് യുവാക്കള്‍ മൂന്നാംമുറക്ക് വിധേയമായത് പോലീസിലെ ക്രിമിനല്‍വല്‍ക്കരണത്തിന് ഉദാഹരണമാണ്. ഫോര്‍ട്ടുകൊച്ചിയില്‍ സുരേഷ് എന്ന ദളിത് യുവാവിനെ കസ്റ്റഡിയില്‍ മര്‍ദ്ദിച്ച് മൃതപ്രായമാക്കിയത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. സ്ത്രീ – ദളിത് ആദിവാസി വിഭാഗങ്ങളുടെ പൗരാവകാശവും സാമൂഹികസുരക്ഷയും അട്ടിമറിക്കുന്നതിന് പോലീസ് – ജുഡീഷ്യല്‍ സ്ഥാപനങ്ങള്‍ കൂട്ടുനില്‍ക്കുകയാണെന്നാണ് സൗമ്യ – ജിഷ സംഭവങ്ങള്‍ വ്യക്തമാക്കുന്നത്. കണ്ണൂരില്‍ പെരുകികൊണ്ടിരിക്കുന്ന കൊലയാളി രാഷ്ട്രീയവും കേരളത്തിലെ ജനാധിപത്യസമൂഹത്തിന് വെല്ലുവിളിയാണെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.