ദൃശ്യത്തിലെ ആ ഡയലോഗാണ് സിനിമ തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്: സിദ്ദിഖ്
Entertainment
ദൃശ്യത്തിലെ ആ ഡയലോഗാണ് സിനിമ തെരഞ്ഞെടുക്കാൻ എന്നെ പ്രേരിപ്പിച്ചത്: സിദ്ദിഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 18th April 2024, 2:45 pm

മലയാളത്തിന്റെ പ്രിയ നടനാണ് സിദ്ദിഖ്. കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന അദ്ദേഹം വ്യത്യസ്തമായ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

എന്നാൽ ഒരു സിനിമയുടെ കഥ കേട്ട് അത് വിജയിക്കുമോ പരാജയപ്പെടുമോ എന്ന് പറയാനുള്ള പ്രാപ്തി തനിക്കില്ലെന്നും എപ്പോഴും കഥാപാത്രം നോക്കിയാണ് സിനിമകൾ തെരഞ്ഞെടുക്കാറെന്നും സിദ്ദിഖ് പറഞ്ഞു.

ദൃശ്യം എന്ന ചിത്രം തെരഞ്ഞെടുത്തതും അങ്ങനെയാണെന്നും ദൃശ്യത്തിന്റെ ക്ലൈമാക്സ്‌ ആയിരുന്നു തന്നെ ഏറ്റവും അട്രാക്റ്റ് ചെയ്തതെന്നും സിദ്ദിഖ് പറഞ്ഞു. മാധ്യമം കുടുംബം മാസികയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘കഥ കേട്ടിട്ട് സിനിമ നല്ലതാകും, തിയേറ്ററിൽ സക്സസാകും, അല്ലെങ്കിൽ അങ്ങനെയല്ല എന്ന് പറയാനുള്ള അറിവും പ്രാപ്തിയും എനിക്കില്ല. വളരെ ചെറിയ സീനുകളാണെങ്കിൽകൂടി ആ കഥാപാത്രത്തിന് കഥയിലുള്ള പ്രാധാന്യമാണ് എന്നെ തിരി കൊളുത്തുന്നത്. ദൃശ്യത്തിൽപോലും ജീ ത്തു പറഞ്ഞത്, “ഒരു എസ്.പി യുടെ ഭർത്താവ് എന്ന വേഷം മാത്രമേയുള്ളൂ. ഗീത പ്രഭാകറിനാണ് ഇംപോർട്ടൻസ്. പ്രഭാ കർ അവരുടെ ഭർത്താവ് മാത്രമാണ്. പക്ഷേ, എനിക്ക് ഇക്ക വേണം.” എന്നായിരുന്നു.

അവസാന സീനിൽ മോഹൻലാലിനോട് പറയുന്ന ഡയലോഗുണ്ട്. എന്താണ് എന്റെ മകന് സംഭവിച്ചത് എന്നു തുടങ്ങുന്ന ഇമോഷണൽ സീൻ. സത്യത്തിൽ എന്നെ അട്രാക്ട് ചെയ്യുന്നത് അതാണ്. ബാക്കിയുള്ള സീനിൽ പ്രത്യേകതയുണ്ടോ ഇല്ലേ അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. എൻ്റെ സീൻ ഏറ്റവും നന്നാകണമെന്ന് അങ്ങേയറ്റം ആഗ്രഹിക്കുന്നത് ഞാൻ തന്നെയാണ്.

അതിനുവേണ്ടിയുള്ള പരിശ്രമങ്ങളാണ് നടത്തുക. അതുകൊണ്ടാണ് ചില സിനിമകൾ വാഷ്ഔട്ടായി പോയാലും കഥാപാത്രം മികച്ചതായി തോന്നുന്നത്. അതിനുവേണ്ടി അത്രയും ഞാൻ പാടുപെട്ടിട്ടുണ്ടാകും. ഒരു പരിധിവരെ അത് വേദനിപ്പിക്കുകയേ ഉള്ളൂ. അഭിനയിക്കുന്ന സിനിമ നന്നാകണം എന്നുതന്നെയാണ് അതിൽ പ്രവർത്തിക്കുന്ന ഓരോ കലാകാരന്റെയും ആഗ്രഹം. സിനിമ നന്നായാൽ മാത്രമേ നിലനിൽപുള്ളൂ,’ സിദ്ദിഖ് പറയുന്നു.

Content Highlight: Sidhique Talk About Why He Choose Drishyam Movie