Entertainment
ഇത്‌ മാറണമെന്ന് മമ്മൂക്ക, പോക്കിരിരാജയിൽ മോഹൻലാലിനെ നായകനാക്കാൻ പറഞ്ഞിട്ട് അവർ കേൾക്കണ്ടേയെന്ന് ഞാനും: സിദ്ദീഖ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jan 14, 04:03 am
Sunday, 14th January 2024, 9:33 am

കാലങ്ങളായി മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന നടനാണ് സിദ്ദിഖ്. വ്യത്യസ്ത വേഷങ്ങളുടെ ഭാഗമായിട്ടുള്ള അദ്ദേഹം ഏതുതരത്തിലുള്ള കഥാപാത്രങ്ങളും ചെയ്തു ഫലിപ്പിക്കാറുണ്ട്. മമ്മൂട്ടി, മോഹൻലാൽ തുടങ്ങിയ താരങ്ങളുടെയെല്ലാം പ്രധാന വില്ലനായി ഒരുപാട് വട്ടം സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.

പോക്കിരി രാജയെന്ന ചിത്രത്തിൽ മമ്മൂട്ടിയുടെ വില്ലൻ കഥാപാത്രമായി എത്തിയത് സിദ്ദിഖ് ആയിരുന്നു. എന്നാൽ ചിത്രത്തിനു മുൻപ് തുടർച്ചയായി ഇരുവരും ഒന്നിച്ച് അഭിനയിച്ച സിനിമകൾ ഉണ്ടായിരുന്നത് കാരണം തങ്ങൾ വീണ്ടും ഇങ്ങനെ സിനിമ ചെയ്താൽ ശരിയാവില്ലെന്ന് മമ്മൂട്ടി പറഞ്ഞെന്നാണ് സിദ്ദീഖ് പറയുന്നത്. പോക്കിരിരാജയുടെ ചർച്ച നടന്നപ്പോൾ മമ്മൂട്ടിക്ക് പകരം മോഹൻലാലിനെ നായകനാക്കാൻ താൻ പറഞ്ഞതാണെന്നും സിദ്ദിഖ് പറയുന്നു. ബിഹൈൻഡ് വുഡ്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘പോക്കിരി രാജയിൽ അഭിനയിക്കുന്ന സമയത്ത് മമ്മൂക്ക എന്നോട് പറഞ്ഞു, ഇപ്പോൾ കുറച്ചായി നമ്മൾ ഒരുമിച്ച് അഭിനയിക്കുന്നു. ഞാനും നീയും കെ.പി. ഉമ്മർ, പ്രേം നസീർ കളി തുടങ്ങിയിട്ട് കുറച്ച് നാളായി.

ഇത്‌ നമുക്കൊന്ന് മാറ്റണമെന്ന്. കാരണം പോക്കിരി രാജയ്ക്ക് മുമ്പ് പ്രജാപതി, പ്രമാണി അങ്ങനെ കുറച്ച് സിനിമകളിൽ ഞാൻ തന്നെ ആയിരുന്നു മമ്മൂക്കയുടെ വില്ലൻ.

ഞാൻ മമ്മൂക്കയോട് പറഞ്ഞു, പോക്കിരി രാജയുടെ ഡിസ്കഷൻ സമയത്ത് തന്നെ ഞാൻ അവരോട് പറഞ്ഞതാണ് ഒരു മാറ്റം വേണം, മോഹൻലാലിനെ ഇട്ടാൽ മതി മമ്മൂക്കയെ ഇടണ്ടായെന്ന്. ഞാൻ അന്നേ പറഞ്ഞതാണ് മമ്മൂക്കയെ മാറ്റി മോഹൻലാലിനെ ഇടാൻ, പക്ഷെ അവർ കേൾക്കുന്നില്ല. അവർക്ക് മമ്മൂക്കയെ തന്നെ വേണമെന്ന് പറയുമ്പോൾ ഞാൻ എന്ത് ചെയ്യാനാണ്.

തുടർച്ചയായി മമ്മൂക്കയുടെ വില്ലൻ മോഹൻലാലിന്റെ വില്ലൻ അങ്ങനെ അഭിനയിക്കാൻ കഴിയില്ല. വ്യത്യസ്ത വേഷങ്ങൾ ചെയ്യുന്ന നടനാണെന്ന് അപ്പോൾ പ്രേക്ഷകർക്ക്‌ തോന്നില്ല.

നമ്മൾ അല്ല ചൂസ് ചെയ്യുന്നത്. സംവിധായകരും, എഴുത്തുക്കാരും നമ്മളെയാണ് ചൂസ് ചെയ്യേണ്ടത്,’ സിദ്ദിഖ് പറയുന്നു.

 

Content Highlight: Sidhique Talk About Pokkiriraja Movie