സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല; ജാമ്യ ഹരജിയില്‍ യു.പി സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; ഹരജി സെപ്റ്റംബര്‍ ഒമ്പതിന് തീര്‍പ്പാക്കുമെന്ന് കോടതി
national news
സിദ്ദീഖ് കാപ്പന് ഇന്നും ജാമ്യമില്ല; ജാമ്യ ഹരജിയില്‍ യു.പി സര്‍ക്കാറിന് സുപ്രീം കോടതിയുടെ നോട്ടീസ്; ഹരജി സെപ്റ്റംബര്‍ ഒമ്പതിന് തീര്‍പ്പാക്കുമെന്ന് കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 29th August 2022, 1:22 pm

ന്യൂദല്‍ഹി: ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത് റിപ്പോര്‍ട്ട് ചെയ്യാനുള്ള യാത്രക്കിടെ അറസ്റ്റിലായ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് തിങ്കളാഴ്ചയും ജാമ്യമില്ല. കാപ്പന്റെ ജാമ്യ ഹരജി സെപ്റ്റംബര്‍ ഒമ്പതിന് തീര്‍പ്പാക്കാമെന്ന് ചീഫ് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് പറഞ്ഞു.

ജാമ്യം എതിര്‍ക്കുന്നിതിന്റെ കൃത്യമായ കാരണവും കാപ്പനെ പ്രതിചേര്‍ക്കാനുള്ള തെളിവുകള്‍ സംബന്ധിച്ചും വിശദമായ വിവരം നല്‍കണമെന്ന് യു.പി സര്‍ക്കാറിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. 42ാമത്തെ കേസായാണ് സുപ്രീം കോടതി കാപ്പന്റെ ഹരജി പരിഗണിച്ചത്.

കാപ്പന്‍ ഒരു തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ലെന്നും ഹത്രസ് കലാപവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ തെളിവുകള്‍ നല്‍കാന്‍ കഴിയില്ലെന്നും സിദ്ദീഖ് കാപ്പന് വേണ്ടി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞു.

‘ഹത്രാസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രക്കിടെയാണ് സിദ്ദീഖ് കാപ്പനെ യു.പി പൊലീസ് അറസ്റ്റ് ചെയ്തത്.

ഹത്രാസിന് 92 കിലോ മീറ്റര്‍ അകലെയുള്ള മഥുര ടോള്‍ പ്ലാസില്‍വെച്ചാണ് താന്‍ പിടിയിലായത്. പിന്നെ എങ്ങനെ ഹത്രാസില്‍ കലാപത്തിന് തനിക്ക് പണം വിതരണം ചെയ്യാനാകുമോ. ഒരു തീവ്രവാദ പ്രവര്‍ത്തനത്തിലും ഏര്‍പ്പെട്ടിട്ടില്ല.

പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ള ഒരു മാധ്യമസ്ഥാപനത്തില്‍ സിദ്ദീഖ് കാപ്പന്‍ ജോലി ചെയ്തിരുന്നെന്നും ഇപ്പോള്‍ അതിന്റെ ഭാഗമല്ല. പോപ്പുലര്‍ ഫ്രണ്ട് ഒരു തീവ്രവാദ സംഘടനയല്ല, സര്‍ക്കാര്‍ അതിനെ നിരോധിച്ചിട്ടില്ല,’ കാപ്പന് വേണ്ടി കപില്‍ സിബല്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

യു.എ.പി.എ കുറ്റം ചുമത്തപ്പെട്ട സിദ്ദീഖ് കാപ്പന്‍ രണ്ട് വര്‍ഷത്തോളമായി യു.പിയിലെ ജയിലിലാണ്. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് ജാമ്യം നിഷേധിച്ചതോടെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.