Entertainment
ആ തമിഴ് നടനിലേക്ക് എത്തുന്നതിന് മുമ്പ് ദേവദൂതൻ താൻ ചെയ്യാമെന്ന് ലാൽ പറഞ്ഞു, ഒടുവിൽ..: സിബി മലയിൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jul 21, 08:14 am
Sunday, 21st July 2024, 1:44 pm

മോഹൻലാൽ – സിബി മലയിൽ കൂട്ടുകെട്ടിൽ പിറന്ന ദേവദൂതൻ റീ റിലീസിന് ഒരുങ്ങുകയാണ്. രഘുനാഥ് പാലേരിയുടെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഹൊറർ മിസ്റ്ററി ഴോണറിലായിരുന്നു പുറത്തിറങ്ങിയത്. എന്നാൽ ചിത്രം ബോക്സ്‌ ഓഫീസിൽ പരാജയപ്പെടുകയായിരുന്നു.

24 വർഷങ്ങൾക്കിപ്പുറം വീണ്ടും ചിത്രം റിലീസിന് ഒരുങ്ങുമ്പോൾ 4K റീമാസ്റ്റേർഡായിട്ടാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.

ദേവദൂതനിൽ തമിഴ് നടൻ മാധവനെ നായകനാക്കണമെന്ന് തങ്ങൾക്ക് ആഗ്രഹമുണ്ടായിരുന്നുവെന്ന് സംവിധായകൻ സിബി മലയിൽ പറയുന്നു. എന്നാൽ ചിത്രത്തിന്റെ കഥ കേട്ട് മോഹൻലാൽ ചെയ്യാൻ താത്പര്യം പ്രകടിപ്പിക്കുകയായിരുന്നുവെന്നും സിബി പറഞ്ഞു. ദേവദൂതൻ ക്യാമ്പസ്‌ സ്റ്റോറിയായി അവതരിപ്പിക്കാനായിരുന്നു ആദ്യം കരുതിയതെന്നും സിബി മലയിൽ പറഞ്ഞു. ജാങ്കോ സ്പേസ് ടി.വിയോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ദേവദൂതനിൽ മാധവനെ പോലൊരു പുതിയ നടൻ വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. പക്ഷെ മാധവനിലേക്ക് എത്തുന്നതിന് മുമ്പ് തന്നെ മോഹൻലാലിലേക്ക് എത്തുകയായിരുന്നു.

മാധവൻ ആ സമയത്ത് അലൈപായുതേ എന്ന സിനിമയുടെ തിരക്കിലേക്കായി. പിന്നീട് ഒരു ഘട്ടത്തിലും അദ്ദേഹത്തെ ലഭ്യമാവാത്ത അവസ്ഥയായി. പുതിയ ആളുകളെ അപ്പോഴും അന്വേഷിച്ചു കൊണ്ടിരിക്കുകയായിരുന്നു.

അപ്പോഴാണ് മോഹൻലാൽ കഥ കേൾക്കുകയും ചെയ്യാൻ താത്പര്യമുണ്ടെന്ന് പറയുകയും ചെയ്യുന്നത്. കഥ കേട്ടപ്പോൾ ലാൽ പറഞ്ഞത്, ഞാൻ ചെയ്യാലോയെന്നായിരുന്നു. ആദ്യം പ്രൊഡ്യൂസർ എന്നോട് സംസാരിച്ചപ്പോൾ ഞാൻ പറഞ്ഞത്, ഇതൊരു ക്യാമ്പസ്‌ പടമായിട്ടാണ് ഞങ്ങൾ കൺസീവ് ചെയ്തിട്ടുള്ളത്. ലാൽ വരുമ്പോൾ അത് പറ്റില്ലല്ലോ.

ലാലിനെ ഒരു കോളേജ് സ്റ്റുഡന്റായി കാണിക്കാൻ പറ്റാത്ത സാഹചര്യമായിരുന്നു അപ്പോൾ. പിന്നീട് ഞങ്ങൾ എല്ലാവരും ഇരുന്ന് ചർച്ച നടത്തി. ലാലിനെ ഉൾപ്പെടുത്തി കൊണ്ട് തന്നെ പ്രൊജക്റ്റ്‌ മുന്നോട്ട് കൊണ്ടുപോകാമെന്ന് അങ്ങനെ തീരുമാനിച്ചു,’സിബി മലയിൽ പറയുന്നു.

 

Content Highlight: Sibi Malyil  Says That They Planned Devadhoothan With Madhavan