അന്നത്തെ നിത്യഹരിത നായകന്‍ പ്രേം നസീര്‍; ഇന്ന് അതേസ്ഥാനത്ത് നില്‍ക്കുന്നത് ഒരേയൊരു നടന്‍: സിബി മലയില്‍
Entertainment
അന്നത്തെ നിത്യഹരിത നായകന്‍ പ്രേം നസീര്‍; ഇന്ന് അതേസ്ഥാനത്ത് നില്‍ക്കുന്നത് ഒരേയൊരു നടന്‍: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 8th September 2024, 3:41 pm

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകനാണ് സിബി മലയില്‍. നിരവധി മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ മമ്മൂട്ടിയെ കുറിച്ച് പറയുകയാണ് സിബി മലയില്‍. മലയാളത്തിന്റെ ഇപ്പോഴത്തെ നിത്യഹരിത മെഗാസ്റ്റാര്‍ മമ്മൂട്ടിയാണെന്നാണ് അദ്ദേഹം പറയുന്നത്.

മുന്‍കാലങ്ങളില്‍ നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നത് പ്രേം നസീറിനെയാണെന്നും എന്നാല്‍ ഇന്ന് അതിനേക്കാള്‍ ചെറുപ്പത്തിലും യൗവനത്തിന്റെ തിളക്കത്തിലും നില്‍ക്കുകയാണ് മമ്മൂട്ടിയെന്നും സിബി മലയില്‍ പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘മമ്മൂട്ടിയെ ഞാന്‍ ആദ്യമായിട്ട് നേരില്‍ കാണുന്നത് 1981ലാണ്. അദ്ദേഹം പടയോട്ടം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടി വന്നപ്പോഴാണ് ഞാന്‍ കണ്ടത്. അന്ന് അദ്ദേഹം മലമ്പുഴയിലേക്ക് വരുമ്പോള്‍ ഒലവക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ സ്വീകരിക്കാന്‍ പോയത് ഞാനായിരുന്നു.

അന്ന് യൂണിറ്റിലുള്ള ഡ്രൈവര്‍മാര്‍ക്കൊന്നും അത്ര മുഖപരിചയമുള്ള ഒരു ആക്ടറായിരുന്നില്ല മമ്മൂട്ടി. അദ്ദേഹത്തെ സ്‌ക്രീനിലെങ്കിലും അന്ന് കണ്ടിരുന്ന ആള്‍ ഞാനായത് കൊണ്ടായിരുന്നു എന്നെ അവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് പറഞ്ഞു വിട്ടത്.

അന്ന് 1981ല്‍ ഞാന്‍ കണ്ട മമ്മൂട്ടിയില്‍ നിന്നും ഇന്ന് 2024ല്‍ എത്തി നില്‍ക്കുമ്പോള്‍ അദ്ദേഹത്തിന്റെ രൂപത്തിലോ ആകാരത്തിലോയൊന്നും യാതൊരു വ്യത്യാസവുമില്ല. മുന്‍കാലങ്ങളില്‍ നമ്മള്‍ നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കാറുണ്ടായിരുന്നത് പ്രേം നസീര്‍ സാറിനെയാണ്. അദ്ദേഹം പക്ഷെ 60 അല്ലെങ്കില്‍ 63 വയസുള്ളപ്പോള്‍ കാലയവനികള്‍ക്കുള്ളില്‍ മറഞ്ഞുപോയി.

ആ പ്രായത്തില്‍ അദ്ദേഹത്തെ നിത്യഹരിത നായകനെന്ന് വിശേഷിപ്പിക്കുമ്പോള്‍ ആ പ്രായവും കടന്ന് ഇന്ന് നമ്മുടെ മുന്നില്‍ മമ്മൂട്ടി അതിനേക്കാള്‍ ചെറുപ്പത്തില്‍ അതിനേക്കാള്‍ യൗവനത്തിന്റെ തിളക്കത്തില്‍ നില്‍ക്കുകയാണ്. അതുകൊണ്ട് മലയാളത്തിന്റെ നിത്യഹരിത മെഗാസ്റ്റാര്‍ മമ്മൂട്ടി തന്നെയാണ്,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Prem Nazir And Mammootty