ആ കാര്യമില്ലാതെ കിരീടം എന്ന സിനിമ പൂര്‍ത്തിയാകില്ല; സേതുമാധവന്റെ കഥയുടെ ഭാഗമാണത്: സിബി മലയില്‍
Entertainment
ആ കാര്യമില്ലാതെ കിരീടം എന്ന സിനിമ പൂര്‍ത്തിയാകില്ല; സേതുമാധവന്റെ കഥയുടെ ഭാഗമാണത്: സിബി മലയില്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 7:42 am

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സംവിധായകരില്‍ ഒരാളാണ് സിബി മലയില്‍. അദ്ദേഹത്തിന്റെ സംവിധാനത്തില്‍ എത്തിയ സിനിമകള്‍ക്ക് ഇന്നും വലിയ പ്രേക്ഷകസ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്. ആദ്യകാലങ്ങളില്‍ തന്റെ സിനിമയില്‍ പാട്ട് ഷൂട്ട് ചെയ്യാന്‍ താത്പര്യം ഉണ്ടായിരുന്നില്ലെന്നും ഒരു നേര്‍ച്ചയെന്നോണം ചെയ്തു വിടുകയാണ് ചെയ്യുകയെന്നും പറയുകയാണ് സിബി മലയില്‍.

ആദ്യമായി തനിക്ക് പാട്ടില്‍ കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത് കിരീടത്തിലെ കണ്ണീര്‍പൂവ് എന്ന പാട്ട് ചെയ്യുമ്പോഴാണെന്നും അദ്ദേഹം പറയുന്നു. റെഡ് എഫ്.എം. മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍. ആ പാട്ടില്ലാതെ കിരീടം എന്ന സിനിമ പൂര്‍ത്തിയാകില്ലെന്നും സിബി മലയില്‍ കൂട്ടിച്ചേര്‍ത്തു.

‘ആദ്യകാലങ്ങളില്‍ പാട്ട് ഷൂട്ട് ചെയ്യാന്‍ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഒരു നേര്‍ച്ചയെന്നോണം ചെയ്തു വിടുകയാണ് ചെയ്യുക. ആദ്യമായി പാട്ടില്‍ എനിക്ക് കോണ്‍ഫിഡന്‍സ് ഉണ്ടാകുന്നത് കണ്ണീര്‍പൂവ് ചെയ്യുമ്പോഴാണ്. ഈ പാട്ട് കഥയുടെ ഭാഗമായിരുന്നു, അല്ലാതെ കഥയില്‍ നിന്ന് മാറി നില്‍ക്കുന്നതല്ല. കണ്ണീര്‍പൂവിന്റെ എന്ന പാട്ടില്ലാതെ കിരീടം എന്ന സിനിമ പൂര്‍ത്തിയാകില്ല. കാരണം ആ കഥാപാത്രത്തിന്റെ യാത്ര ആ പാട്ടിലൂടെയാണ്.

ആ വീട്ടില്‍ നിന്ന് പുറത്തായാല്‍ അയാള്‍ എവിടേക്ക് പോകും? അയാളെ പുറത്താക്കിയതിന് ശേഷം ആ വീട്ടുകാരുടെ അവസ്ഥ എന്തായിരുന്നു? എന്നൊക്കെയുള്ള നരേഷന്‍ ആ പാട്ടില്‍ നല്‍കുന്നുണ്ട്. കഥയുടെ വളര്‍ച്ച പാട്ടില്‍ ഉണ്ടായിരുന്നു. അത് ചെയ്യാന്‍ എനിക്ക് വലിയ താത്പര്യം ഉണ്ടായിരുന്നു. അതുകൊണ്ട് ആ പാട്ട് ഞാന്‍ വളരെ നന്നായി ചെയ്തു. നമുക്ക് കണ്‍വീന്‍സാകുന്നത് വന്നാല്‍ തീര്‍ച്ചയായും നമ്മള്‍ നന്നായി ചെയ്യുമല്ലോ.

ഹിസ് ഹൈനസ് അബ്ദുള്ള എന്ന സിനിമ ചെയ്തതോടെ കുറച്ച് കൂടെ എനിക്ക് കോണ്‍ഫിഡന്‍സുണ്ടായി. അതില്‍ പാട്ട് ഇല്ലാതെ സിനിമ ഉണ്ടാകില്ല. കാരണം നായകന്‍ ഒരു ഗായകനായിരുന്നു. ഹിസ് ഹൈനസ് അബ്ദുള്ള മുതല്‍ക്കാണ് പാട്ട് ചെയ്യുന്നതിലെ എന്റെ താത്പര്യ കുറവ് ഇല്ലാതാകുന്നത്. അവിടെയാണ് അത് ബ്രേക്കായത്. പിന്നെ ഭരതവും കമലദളവും ചെയ്യുമ്പോഴുമൊക്കെ പാട്ട് ഉള്‍പ്പെടുത്തി. അതോടെ ഞാന്‍ പിന്നെ ഇഷ്ടത്തോടെ പാട്ടുകള്‍ ചെയ്യാന്‍ തുടങ്ങി,’ സിബി മലയില്‍ പറഞ്ഞു.


Content Highlight: Sibi Malayil Talks About Kanneer Poovinte Song