മലയാളത്തിലെ മികച്ച കൂട്ടുകെട്ടാണ് ലോഹിതദാസും സിബി മലയിലും. ഒരുപിടി മികച്ച ചിത്രങ്ങളാണ് ഈ കൂട്ടുകെട്ടിലൂടെ മലയാള സിനിമയില്‍ പിറന്നിരിക്കുന്നത്. എഴുതാപ്പുറങ്ങള്‍, വിചാരണ, മുദ്ര. ആഗസ്റ്റ് 1, തനിയാവര്‍ത്തനം എന്ന് തുടങ്ങി ഒട്ടനവധി സിനിമകള്‍ ഇരുവരും ചേര്‍ന്ന് പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.
തന്റെ കരിയറിന്റെ തുടക്കത്തില്‍ പലരീതിയിലുള്ള സിനിമകള്‍ ചെയ്തിട്ടുണ്ടെങ്കിലും താന്‍ ഏതുതരം സിനിമ ചെയ്യേണ്ട സംവിധായകനാണെന്ന് അറിയില്ലായിരുന്നെന്ന് പറയുകയാണ് സിബി മലയില്‍. തിലകന്‍ ലോഹിതദാസിന്റെ പരിചയപ്പെടുത്തിയ ശേഷം ലോഹിതദാസുമായുള്ള സൗഹൃദം ജീവിതത്തെ നിര്‍ണയിക്കുന്ന സൗഹൃദമായി മാറുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൃഹലക്ഷ്മി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു സിബി മലയില്‍.
‘രണ്ടാമതൊരു പടം ഇനിയുണ്ടോ എന്നൊന്നും അന്ന് എനിക്കറിയില്ലായിരുന്നു. അവസരം ചോദിച്ച് പോകാനും വയ്യ. മദ്രാസില്‍ തുടര്‍ന്നു. ഒരു ദിവസം ശങ്കര്‍ വന്നു. ‘ഞാനൊരു പടം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്. ചെയ്യാമോ’ എന്ന് ചോദിച്ചു. ഒരു ഹിന്ദി സിനിമയുടെ റൈറ്റ്‌സ് വാങ്ങിയിട്ടുണ്ടെന്നും പറഞ്ഞു. അങ്ങനെ അത് ചെയ്യാമെന്ന് തീരുമാനിച്ചു.
കഥ പ്രിയന്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി. അങ്ങനെ ‘ചേക്കേറാന്‍ ഒരു ചില്ല’ എന്ന സിനിമ പുറത്തിറങ്ങി. പിന്നെ മോഹന്‍ലാലിനെ നായകനാക്കി ദൂരെ ദൂരെ ഒരു കൂടുകൂട്ടാം ചെയ്തു. ആ സിനിമയ്ക്ക് ദേശീയ അവാര്‍ഡ് കിട്ടി. സിനിമയില്‍ത്തന്നെ ഉറച്ചുനില്‍ക്കാനുള്ള പ്രേരണയായിരുന്നു ആ പുരസ്‌കാരം. അതിനുശേഷം മമ്മൂട്ടിയെ നായകനാക്കി രാരീരം എന്ന സിനിമ. പക്ഷേ, ഏതുതരം സിനിമ ചെയ്യേണ്ട സംവിധായകനാണ് ഞാനെന്ന് എനിക്ക് അപ്പോഴും അറിയില്ലായിരുന്നു. എന്തായാലും ആ ആശങ്കകള്‍ക്ക് അധികം ആയുസ്സുണ്ടായിരുന്നില്ല.
രാരീരത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് പുറത്തിറങ്ങുമ്പോള്‍ തിലകന്‍ ചേട്ടന്‍ പറഞ്ഞു, നിങ്ങള്‍ക്ക് പറ്റിയൊരു എഴുത്തുകാരനുണ്ട്, പരിചയപ്പെടുത്താമെന്ന്. അത് ലോഹിതദാസായിരുന്നു. ജീവിതത്തെ നിര്‍ണയിക്കുന്ന സൗഹൃദമായി അത് മാറുമെന്നൊന്നും അന്ന് ചിന്തിച്ചിരുന്നില്ല. ലോഹിയുമായുള്ള കൂട്ടുകെട്ട് എന്റെ സിനിമാജീവിതത്തെ മാറ്റിമറിച്ചു.
ലോഹിയുടെ തിരക്കഥയില്‍ തനിയാവര്‍ത്തനം എന്ന സിനിമ പിറന്നു. ഞാനെന്റെ വഴി തിരിച്ചറിഞ്ഞു. ഇത്തരം സിനിമകളാണ് ഞാന്‍ ചെയ്യേണ്ടതെന്ന് ഉറപ്പിച്ചു. സിനിമയില്‍നിന്ന് തൃപ്തിയറിഞ്ഞുതുടങ്ങി. എഴുതാപ്പുറങ്ങള്‍, വിചാരണ, മുദ്ര. ആഗസ്റ്റ് 1 തുടങ്ങിയ സിനിമകള്‍ പിന്നാലെ വന്നു,’ സിബി മലയില്‍ പറയുന്നു.